പൈതൃകം വരച്ചിട്ട കുവൈത്ത് പവലിയന് തുടക്കം
text_fieldsദുബൈ: എക്‌സ്‌പോ ചരിത്രത്തിലെ കുവൈത്തിെൻറ ഏറ്റവും വലിയ പങ്കാളിത്തവുമായി 5,600 ചതുരശ്ര മീറ്റര്‍ വലുപ്പത്തിലുള്ള പവലിയന്‍ സന്ദര്‍ശകര്‍ക്കായി തുറന്നു. രാജ്യത്തിെൻറ സുസ്ഥിരത, ചരിത്രം, പാരമ്പര്യം, സമകാലിക വളര്‍ച്ചയും സമൃദ്ധിയും എന്നിവ പ്രദർശനത്തിലെ കേന്ദ്ര വിഷയങ്ങളാണ്. കുവൈത്ത് പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് ഹമദ് അല്‍സബാഹിനെ പ്രതിനിധീകരിച്ച് വൈജ്ഞാനിക-സാംസ്‌കാരിക-യുവജനകാര്യ മന്ത്രി അബ്ദുല്‍ റഹ്മാന് ബദാഹ് അല്‍ മുതൈരിയാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. കുവൈത്തി സംസ്‌കാരവും പാരമ്പര്യവും കോര്‍ത്തിണക്കിയ പ്രത്യേകം തയാറാക്കിയ നൃത്ത പ്രകടനത്തോടെയായിരുന്നു അതിഥികളെയും സന്ദര്‍ശകരെയും പവലിയനിലേക്ക് സ്വാഗതം ചെയ്തത്. സാംസ്‌കാരിക പരിപാടികള്‍ക്കൊപ്പം, സാങ്കേതിക മികവുകളിലേക്ക് കുവൈത്ത് എങ്ങനെ ഉയര്‍ന്നുവെന്നും കഴിഞ്ഞ ദശകങ്ങളില്‍ ഇന്നൊവേഷന്‍, പാരിസ്ഥിതിക സുസ്ഥിരത, വികസനം എന്നിവ എപ്രകാരം നേടിയെടുത്തുവെന്നും പവലിയനില്‍ നിന്ന് മനസ്സിലാക്കാം.
എക്‌സ്‌പോയുടെ സുസ്ഥിരത ഡിസ്ട്രിക്റ്റിലാണ് പവലിയന്‍ സ്ഥിതി ചെയ്യുന്നത്. കുവൈത്തിെൻറ സുസ്ഥിരത യത്നങ്ങള്‍ പവലിയന് എടുത്തു കാട്ടുന്നു.'പുതിയ കുവൈത്ത്, സുസ്ഥിരതക്കായുള്ള പുതിയ അവസരങ്ങള്‍' എന്ന തീമില്‍ തയാറാക്കിയ പവലിയനില്‍, രാജ്യത്തിെൻറ ഭൂതവും വര്‍ത്തമാനവും 'ന്യൂ കുവൈത്ത് 2035' എന്ന ഭാവി പദ്ധതിയും സവിസ്തരം പ്രതിപാദിച്ചിട്ടുണ്ട്. രാജ്യത്തെയും അതിെൻറ സവിശേഷതയെയും പ്രതിനിധീകരിക്കാനുള്ള അവസരമായാണ് എക്‌സ്‌പോയെ ഞങ്ങള്‍ കാണുന്നതെന്ന് പവലിയന് ഡയറക്ടര്‍ ഡോ. ബദര്‍ അല്‍ ഇന്‍സി പറഞ്ഞു. ജി.സി.സി രാജ്യങ്ങളുടെ ഐക്യദാര്‍ഢ്യ പ്രകടനം കൂടിയാണിത്. വരുംതലമുറയുടെ സുസ്ഥിര വളര്‍ച്ചക്കായി ഒരുമയെന്ന ആശയം പാത തീര്‍ക്കുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു -അദ്ദേഹം കൂട്ടിച്ചേർത്തു. എണ്ണ കണ്ടെത്തുന്നതിന് മുമ്പുള്ള കാലം മുതല്‍ സമ്പന്ന ആധുനിക രാഷ്ട്രമായി മാറിയത് വരെയുള്ള നാഴികക്കല്ലുകളിലൂടെ സന്ദര്‍ശകരെ പവലിയൻ കൂട്ടിക്കൊണ്ടുപോകുന്നതായി ഡെപ്യൂട്ടി ഡയറക്ടര്‍ മാസിന്‍ അല്‍ അന്‍സാര്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.