പ്രവാസികൾ ഒറ്റക്കെട്ടാകണം
text_fieldsകേട്ടപാതി കേൾക്കാത്ത പാതി സംസ്ഥാന ബജറ്റിൽ പ്രവാസികൾക്കുവേണ്ടി പ്രഖ്യാപിച്ച പല പദ്ധതികളുടെയും പേരിൽ സർക്കാറിനെ പ്രശംസിച്ചുകൊണ്ട് കഥയറിയാതെ ആട്ടം കാണുകയാണ് ചിലരെങ്കിലും. പലരീതിയിലുള്ള പ്രഖ്യാപനങ്ങളുടെയും കൂട്ടത്തിൽ പ്രവാസികളുടെ യാത്രാക്ലേശങ്ങൾ പരിഹരിക്കുക ലക്ഷ്യമിട്ട് ‘ചാർട്ടർ വിമാനങ്ങളുടെ ചെലവ് യാത്രക്കാർക്ക് താങ്ങാനാവുന്ന നിരക്കിൽ നിലനിർത്തും’ എന്ന പ്രഖ്യാപനവും സംസ്ഥാന സർക്കാറിന് എങ്ങനെ പ്രായോഗികമാക്കാൻ കഴിയും എന്ന ചോദ്യം അവശേഷിക്കുന്നു.
പ്രവാസികളുടെ കാര്യത്തിലെങ്കിലും, വാഗ്ദാനങ്ങൾ നടപ്പാക്കാനുള്ളതല്ല, അവ ആലങ്കാരികമായി ഉപയോഗിക്കാനുള്ളതാണ് എന്ന് ആവർത്തിച്ചുറപ്പിക്കുകയാണ് എൽ.ഡി.എഫ് സർക്കാർ ചെയ്യുന്നത്. പ്രവാസിയുടെ യാത്രാക്ലേശം കാലങ്ങളായി പരിഹരിക്കപ്പെടാതെകിടക്കുകയാണ്. അവധിക്കാലങ്ങളിൽ പ്രത്യേകിച്ച് സ്കൂൾ വെക്കേഷൻ കാലയളവിൽ ഇരുട്ടടി പോലെ വിമാനക്കമ്പനികൾ നിരക്കുയർത്തുന്നത് കാരണം കുടുംബവുമൊന്നിച്ച് നാട്ടിലേക്ക് യാത്ര തിരിക്കുക എന്നത് സാധാരണക്കാരായ പ്രവാസികളെ സംബന്ധിച്ചിടത്തോളം വലിയ പ്രതിസന്ധി തന്നെയാണ്.
മറ്റു കാര്യത്തിലൊന്നും പ്രവാസികൾക്ക് പരിഗണന കിട്ടിയില്ലെങ്കിലും, യാത്രാക്ലേശം പരിഹരിക്കുന്ന കാര്യത്തിലെങ്കിലും എല്ലാവരും ഒറ്റക്കെട്ടായി പ്രതികരിക്കേണ്ടതുണ്ട്. സി.ഐ.ടി.യു ആയാലും എസ്.ടി.യു ആയാലും ഐ.എൻ.ടി.യു.സി ആയാലും ബി.എം.എസ് ആയാലും വേതന വർധനവിന്റെ കാര്യം വരുമ്പോൾ അവർ ഒറ്റക്കെട്ടാണ്! എം.പിയും എം.എൽ.എയുമൊക്കെ അവർക്ക് ഗുണകരമായ കാര്യത്തിൽ ഒറ്റക്കെട്ടാണ്. എന്നാൽ, പ്രവാസികൾ ഇതുപോലെ എന്നാണാവോ യാഥാർഥ്യം തിരിച്ചറിഞ്ഞ് കാര്യങ്ങൾ നേടിയെടുക്കാൻ ഒരുമിച്ച് ശബ്ദമുയർത്തുക...?
നിങ്ങളുടെ കുറിപ്പുകൾ ഇൻബോക്സിലേക്ക് അയക്കുക
വാട്സ് ആപ് നമ്പർ: 39203865
ഷറഫുദ്ധീൻ തൈവളപ്പിൽ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.