വാഹനങ്ങളിൽ കുട്ടികളെ തനിച്ചാക്കുന്ന സംഭവങ്ങൾ വർധിക്കുന്നു
text_fieldsദുബൈ: വാഹനങ്ങളിൽ കുട്ടികളെ തനിച്ചാക്കി ഷോപ്പിങ്ങിനും മറ്റും പോകുന്ന സംഭവങ്ങൾ വർധിക്കുന്നു. ദുബൈ പൊലീസ് നിരവധി തവണ ഇതിനെതിരെ മുന്നറിയിപ്പ് നൽകുകയും ബോധവത്കരണ പരിപാടികൾ നടത്തുകയും ചെയ്തിട്ടുണ്ട്. എങ്കിലും ദിനംപ്രതി മൂന്നു സംഭവങ്ങളെങ്കിലും ശ്രദ്ധയിൽപെടുന്നുണ്ടെന്ന് അധികൃതർ പറയുന്നു. ബുധനാഴ്ച രണ്ടും നാലും വയസ്സുള്ള കുട്ടികളെ ഇത്തരമൊരു സംഭവത്തിൽ പൊലീസ് രക്ഷപ്പെടുത്തി.
പിതാവ് ഇവരെ കാറിൽ ഇരുത്തി ഷോപ്പിങ്ങിന് പോവുകയായിരുന്നു. വഴിയാത്രക്കാരായ ചിലർ പൊലീസിനെ അറിയിച്ചതിനെ തുടർന്നാണ് പൊലീസ് എത്തിയത്. സ്ഥിരമായി ഷോപ്പിങ്ങിനായി പോകുന്നത് ഇത്തരത്തിലാണെന്നാണ് പൊലീസിനോട് പിതാവ് വെളിപ്പെടുത്തിയത്. ഇത്തരം സംഭവങ്ങൾ ഏറെയും ഷോപ്പിങ് മാളുകൾക്ക് പുറത്താണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്.കുട്ടികൾ ഇത്തരം അപകടത്തിൽപെട്ട സംഭവങ്ങൾ ഈ വർഷം മാത്രം 95 എണ്ണം റിപ്പോർട്ട് ചെയ്തതായി ലഫ്. കേണൽ അബ്ദുല്ല ബിഷ്വ പറഞ്ഞു. ഇതിൽ 36 എണ്ണവും കുട്ടികൾ കാറിൽ കുടുങ്ങിയ സംഭവങ്ങളാണ്.
ലിഫ്റ്റിൽ അകപ്പെട്ടതാണ് മറ്റു ചില സംഭവങ്ങൾ. കാറിൽ അകപ്പെടുന്ന സംഭവങ്ങൾ മാതാപിതാക്കളുടെ വലിയ അശ്രദ്ധമൂലമാണെന്ന് അധികൃതർ പറയുന്നു. വേനൽക്കാലത്ത് കുട്ടികളെ കാറിൽ ഉപേക്ഷിക്കുന്നത് വളരെ അപകടകരമാണ്.വെയിലിൽ നിർത്തിയിട്ട വാഹനങ്ങൾക്കകത്ത് 60 ഡിഗ്രി സെൽഷ്യസ് വരെ ചൂട് ഉണ്ടാകാമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.
പത്തുമിനിറ്റിലേറെ കുട്ടികൾക്ക് ഇത്തരം സാഹചര്യത്തിൽ നിൽക്കാൻ കഴിയില്ല. അതിനാൽ കുട്ടികളുടെ ജീവന് ഭീഷണിയാകാമെന്ന് ഇവർ അഭിപ്രായപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.