സ്കൂൾ ഫീസ് വർധന; രക്ഷിതാക്കൾക്ക് ചെലവേറും
text_fieldsഅബൂദബി: പല എമിറേറ്റുകളിലും സ്കൂൾ ഫീസ് വർധന പ്രാബല്യത്തിലായത് പ്രവാസി രക്ഷിതാക്കളുടെ പോക്കറ്റ് കാലിയാക്കും. ഒന്നിലധികം കുട്ടികളെ പഠിപ്പിക്കേണ്ടിവരുന്ന അവസ്ഥയിൽ ഷാര്‍ജ, അജ്മാന്, ഉമ്മുല്‍ ഖുവൈന്‍, അല്‍ ഐന്‍ തുടങ്ങിയ ഇടങ്ങളിലേക്ക് മാറുന്നതിനെ കുറിച്ച് ആലോചിക്കുകയാണ് പല രക്ഷിതാക്കളും.
അബൂദബിയില്‍ ബിസിനസും ജോലിയും ചെയ്യുന്ന പലരും അല്‍ ഐനിലെ ഫീസ് കുറവുള്ള സ്കൂളുകളില്‍ കുട്ടികള്‍ക്ക് അഡ്മിഷന് തരപ്പെടുത്തി താമസം മാറിയിട്ടുണ്ട്. അബൂദബി എമിറേറ്റിലെ സ്കൂളുകളില്‍ ഏറ്റവും ഫീസ് കുറവുള്ള മുസഫ മോഡല്‍ സ്കൂളില്‍ പുതിയ അഡ്മിഷന് ഇല്ലാത്തത് തലസ്ഥാന നഗരവുമായി ബന്ധപ്പെട്ട് താമസിക്കുന്നവര്‍ക്ക് കനത്ത പ്രഹരമായിട്ടുണ്ട്. രണ്ട് കുട്ടികള്‍ ഉള്ളവര്‍ സ്കൂള്‍ ഫീസിനത്തില്‍ വര്‍ഷം കുറഞ്ഞത് 25,000 ദിര്‍ഹം ചെലവഴിക്കേണ്ട സാഹചര്യമാണ്.
അതേസമയം, അല്‍ ഐനിലേക്ക് മാറിയാല്‍ ഒരു കുട്ടിക്ക് 8000ൽ താഴെ ചെലവ് വരുന്ന സ്കൂളുകളില്‍ അഡ്മിഷന് ലഭ്യമാണ്. അല്‍ ഐനില്‍ കുടുംബത്തെ താമസിപ്പിച്ച് അബൂദബിയില്‍ ജോലി ചെയ്ത് ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ പോയി വരുന്ന രീതിയിലാണ് പലരും കാര്യങ്ങള്‍ നീക്കുന്നത്. ഇത്തരത്തില്‍ കുടുംബത്തെ മറ്റ് എമിറേറ്റുകളിലേക്ക് മാറ്റി താമസിപ്പിച്ചവരുമുണ്ട്.
അബൂദബി മോഡല്‍ സ്കൂളില്‍ പുതുതായി കുട്ടികള്‍ക്കു പ്രവേശനം അനുവദിക്കാനാവില്ലെന്ന അബൂദബി വിദ്യാഭ്യാസ വിജ്ഞാന വകുപ്പിന്റെ (അഡെക്ക്) അന്തിമ തീരുമാനമെത്തിയതോടെ സാധാരണക്കാരായ ആയിരക്കണക്കിനു കുടുംബങ്ങളുടെ പ്രതീക്ഷയാണ് അസ്തമിച്ചത്. ഇതോടെ, കുട്ടികളെ എവിടെയെങ്കിലും ചേര്‍ക്കാനുള്ള ഓട്ടത്തിലായി. പല സ്കൂളുകളിലും ക്വോട്ട തികഞ്ഞ പ്രതിസന്ധിയുമുണ്ട്. തുടര്‍ന്നാണ് മറ്റിടങ്ങളിലേക്ക് മാറി താമസിക്കാനുള്ള തീരുമാനത്തില്‍ കുടുംബങ്ങള്‍ എത്തിയത്. അതേസമയം, മറ്റ് മാര്‍ഗങ്ങളില്ലാതെ നാട്ടിലേക്ക് മടങ്ങാനിരിക്കുന്നവരും കുറവല്ല. പലരും നാട്ടിലെ സ്കൂളുകളില്‍ ചേര്‍ത്ത് ഓണ്‍ലൈനായി പഠിപ്പിക്കാനുള്ള സാധ്യതകളും തേടുന്നുണ്ട്. ഈ അധ്യയന വര്‍ഷം മാത്രം അയ്യായിരത്തോളം പേരാണ് മോഡല്‍ സ്കൂളില്‍ അഡ്മിഷനായി അപേക്ഷ സമര്‍പ്പിച്ചത്. ഇവരില്‍ നൂറില്‍ താഴെ പേര്‍ക്കു മാത്രമാണ് അഡ്മിഷന് ലഭിച്ചത്. പുതിയ അഡ്മിഷന് ഇല്ലാത്തത് നിലവില്‍ ഇവിടെ പഠിക്കുന്ന കുട്ടികളുടെ സഹോദരങ്ങള്‍ക്കും (സിബ്ലിങ്സ്) വിനയായിട്ടുണ്ട്. നിലവില്‍ പഠിച്ചുകൊണ്ടിരിക്കുന്ന കുട്ടികളുടെ സഹോദരങ്ങള്‍ക്കാണ് അഡ്മിഷനില്‍ ആദ്യ പരിഗണന. ഈ വിഭാഗം കുട്ടികളും മറ്റ് സ്കൂളില്‍ പ്രവേശനം തേടേണ്ട അവസ്ഥയായി. മുസഫ ഷാബിയ, മുഹമ്മദ് ബിന്‍ സായിദ് സിറ്റി തുടങ്ങിയ ഇടങ്ങളില്‍ കുടുംബങ്ങള്‍ കൂടുതലായി താമസിക്കാനുള്ള പ്രധാന കാരണം കുട്ടികളുടെ വിദ്യാഭ്യാസമാണ്. കുട്ടികള്‍ക്ക് അഡ്മിഷന് കിട്ടാതെ വന്നതോടെ നിരവധിപേര്‍ക്ക് മറ്റിടങ്ങളിലേക്ക് ചേക്കേറേണ്ടി വന്നതും കുടുംബ ബജറ്റുകളെ സാരമായി ബാധിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.