ടോൾ നിരക്ക് വർധന; പ്രചാരണം നിഷേധിച്ച് സാലിക്
text_fieldsദുബൈ: എമിറേറ്റിലെ ടോൾ ഗേറ്റുകളിൽ ‘ഡൈനാമിക്’ നിരക്ക് ഉടൻ നടപ്പാക്കുമെന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്ത അടിസ്ഥാന രഹിതമെന്ന് ടോൾ ഗേറ്റ് ഓപറേറ്റായ സാലിക്. ‘ഡൈനാമിക്’ രീതി നടപ്പിലാക്കുന്നതോടെ നിലവിലെ ടോൾ നിരക്കായ നാല് ദിർഹമിനോട് വിട പറയാൻ തയാറായിക്കോളൂ എന്ന തലക്കെട്ടിലാണ് സമൂഹ മാധ്യമങ്ങളിൽ പ്രചാരണം നടക്കുന്നത്.
കൂടാതെ പുലർച്ച മൂന്നു മുതൽ അഞ്ചു മണിവരെ ടോൾ നൽകേണ്ടതില്ലെന്നും വൈകീട്ട് മൂന്നു മുതൽ ഏഴു വരെ എട്ട് ദിർഹം നിരക്കിലേക്ക് മാറുമെന്നും വാർത്ത പറയുന്നു. വിവിധ സമയങ്ങളിൽ ഈടാക്കുന്ന വ്യത്യസ്ത നിരക്കുകൾ അടങ്ങിയ പോസ്റ്ററുകളോടെയാണ് പ്രചാരണം നടക്കുന്നത്.
ഈ വാർത്ത നിമിഷ നേരം കൊണ്ട് വൈറലായതോടെയാണ് സാലിക് സി.ഇ.ഒ ഇബ്രാഹിം സുൽത്താൻ അൽ ഹദ്ദാദ് ദുബൈ ഫിനാൻഷ്യൽ മാർക്കറ്റിൽ പ്രസ്താവനയിറക്കിയത്.
ഔദ്യോഗിക വിവരങ്ങൾക്ക് സാലിക്കിന്റെ വെബ്സൈറ്റിനെയോ ഔദ്യോഗിക പ്രഖ്യാപനങ്ങളെയോ മാത്രം ആശ്രയിക്കണമെന്ന് അദ്ദേഹം ഉപഭോക്താക്കളോടും ഓഹരി ഉടമകളോടും അഭ്യർഥിച്ചു. സെക്യൂരിറ്റി ആൻഡ് കമോഡിറ്റീസ് അതോറിറ്റി നിശ്ചയിച്ചിട്ടുള്ള വെളിപ്പെടുത്തൽ മാർഗ നിർദേശങ്ങൾ അനുസരിക്കാൻ സാലിക്ക് പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ദുബൈയിൽ സാലിക്കിന്റെ 10ാമത്തെ ടോൾ ഗേറ്റ് പൂർണ സജ്ജമായിട്ടുണ്ടെങ്കിലും പ്രവർത്തനം ആരംഭിച്ചിട്ടില്ല. അൽ സഫയിൽ അൽ മൈദാൻ സ്ട്രീറ്റിനും ഉമ്മുൽ ശൈഫ് സ്ട്രീറ്റിനും ഇടയിലാണ് പുതിയ ടോൾ ഗേറ്റ് വരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.