അമൃതം, സ്വാതന്ത്ര്യം: പ്രവാസ ലോകത്തെങ്ങും ആഘോഷം
text_fieldsദുബൈ: ഇന്ത്യയുടെ 76ാം സ്വാതന്ത്ര്യദിനം യു.എ.ഇയിലെങ്ങും സമുചിതമായി ആഘോഷിച്ചു. അബൂദബിയിൽ ഇന്ത്യൻ എംബസിക്കുകീഴിലും ദുബൈയിൽ കോൺസുലേറ്റിന് കീഴിലും വിപുലമായ പരിപാടികളാണ് ഇത്തവണ ഒരുക്കിയത്. 'ആസാദി കാ അമൃത് മഹോൽസവ്'പരിപാടികളുടെ ഭാഗമായി എംബസിയും കോൺസുലേറ്റിലും വിവിധ പരിപാടികൾ സംഘടിപ്പിച്ചു. തിങ്കളാഴ്ച രാവിലെ എംബസിയിൽ അംബാസഡർ സഞ്ജയ് സുധീർ പതാക ഉയർത്തി. തുടർന്ന് എംബസിയിലെ ഗാന്ധിപ്രതിമയിൽ പുഷ്പാർച്ചനയും നടന്നു. പിന്നീട് എംബസിയിൽ നടന്ന ചടങ്ങിൽ അംബാസഡർ സ്വാതന്ത്ര്യദിന സന്ദേശം കൈമാറി.
ദുബൈയിലെ ഇന്ത്യൻ കോൺസുലേറ്റിൽ കോൺസുൽ ജനറൽ ഡോ. അമൻപുരിയാണ് പതാക ഉയർത്തിയത്. പിന്നീട് നടന്ന ചടങ്ങിൽ രാഷ്ട്രപതിയുടെ സ്വാതന്ത്ര്യദിന സന്ദേശം ഇന്ത്യൻ പ്രവാസി സമൂഹ പ്രതിനിധികൾക്ക് അദ്ദേഹം കൈമാറി. ഇന്ത്യൻ സ്വാതന്ത്ര്യദിനത്തിന് ആശംസ നേർന്ന് ദുബൈയിൽ ബുർജ് ഖലീഫയിലും അബൂദബിയിൽ അഡ്നോക് ഡവറിലും രാത്രിയിൽ മൂവർണവെളിച്ചം തെളിയിച്ചു. യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നെഹ്യാനും യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമും രാഷ്ട്രപതി ദ്രൗപദി മുർമുവിന് ആശംസ സന്ദേശം അയച്ചു. യു.എ.ഇ ഉപപ്രധാനമന്ത്രിയും ധനകാര്യ മന്ത്രിയും ദുബൈ ഡെപ്യൂട്ടി ഭരണാധികാരിയുമായ ശൈഖ് മക്തൂം ബിൻ മുഹമ്മദ് ആൽ മക്തൂമും ഇന്ത്യൻ സർക്കാറിനും ജനങ്ങൾക്കും ആശംസയർപ്പിച്ച് ട്വീറ്റ് ചെയ്തു.
ശനിയാഴ്ച മുതൽ അബൂദബി ഇന്ത്യൻ എംബസിയിൽ 'ആസാദി കാ അമൃത് മഹോൽസവ്'പരിപാടികളുടെ ഭാഗമായി മൂന്നുദിവസം നീണ്ടുനിൽക്കുന്ന 'ആർട്സ് ക്രാഫ്റ്റ്'പ്രദർശനം സംഘടിപ്പിക്കുന്നുണ്ട്. ആർട് എക്സിബിഷൻ, ലൈവ് ആർട്, പാനൽ ചർച്ചകൾ, കുട്ടികൾക്ക് പ്രത്യേക പരിപാടികൾ, കലാ മൽസരങ്ങൾ, മറ്റു സാംസ്കാരിക പരിപാടികൾ ഇതിന്റെ ഭാഗമായുണ്ട്. വൈകുന്നേരം അഞ്ച് വരെ നീണ്ടുനിൽക്കുന്ന പരിപാടികളിൽ പ്രവേശനം സൗജന്യമാണ്. എന്നാൽ അൽ ഹുസ്ൻ ആപ്പിൽ ഗ്രീൻ പാസ് നിർബന്ധമാണ്. യു.എ.ഇയിലെ വിവിധ ഇന്ത്യൻ സാമൂഹിക സംഘടനകളും ആഘോഷ പരിപാടികളും സേവനപ്രവർത്തനങ്ങളുമായാണ് സ്വാതന്ത്ര്യദിനം ആഘോഷിച്ചത്. വിവിധ എമിറേറ്റുകളിലെ ഇന്ത്യൻ അസോസിയേഷനുകളിലും പതാക ഉയർത്തലും മധുരവിതരണവും നടന്നു. കോവിഡ് ഭീതിയൊഴിഞ്ഞ സാഹചര്യത്തിൽ വിവിധ സംഘടനകൾക്കും പ്രസ്ഥാനങ്ങൾക്കും കീഴിൽ വിപുലമായ ആഘോഷമാണ് ഇത്തവണയൊരുക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.