കയറ്റുമതിക്ക് ഇന്ത്യ അനുമതി നൽകി; യു.എ.ഇയിൽ സവാള വില കുറയും
text_fieldsദുബൈ: സവാള കയറ്റുമതിക്ക് ഇന്ത്യൻ സർക്കാർ അനുമതി നൽകിയതോടെ യു.എ.ഇയിലെ വിപണികളിൽ വരും ദിവസങ്ങളിൽ വില കുറയുമെന്ന് പ്രതീക്ഷ. 10,000 ടൺ സവാള അധികമായി യു.എ.ഇയിലേക്ക് കയറ്റുമതി ചെയ്യാനാണ് കേന്ദ്ര സർക്കാർ തീരുമാനം.
പെരുന്നാൾ ആഘോഷങ്ങൾക്ക് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ സർക്കാർ തീരുമാനം ഉപഭോക്താക്കൾക്ക് വലിയ ആശ്വാസമാകും. കാലാവസ്ഥ പ്രതികൂലമായ സാഹചര്യത്തിൽ ഇന്ത്യൻ സർക്കാർ സവാള കയറ്റുമതിക്ക് താൽക്കാലിക നിരോധനം ഏർപ്പെടുത്തിയതിനെ തുടർന്ന് യു.എ.ഇയിൽ വില കുത്തനെ കൂടിയിരുന്നു. കിലോക്ക് ഏഴു ദിർഹം (160 രൂപ) വരെയാണ് നിലവിലെ വിലനിലവാരം. കിലോക്ക് രണ്ട് മുതൽ മൂന്നു ദിർഹം വരെയായിരുന്നു മുമ്പുള്ള വില. വാരാന്ത്യങ്ങളിൽ പ്രമുഖ വ്യാപാരികൾ ഡിസ്കൗണ്ട് പ്രഖ്യാപിക്കുന്നതോടെ ഇത് ഒരു ദിർഹമിനും ലഭിച്ചിരുന്നു. എന്നാൽ, ഇന്ത്യ കയറ്റുമതിക്ക് നിയന്ത്രണം പ്രഖ്യാപിച്ചതോടെ വില റോക്കറ്റ് വേഗത്തിൽ കുതിച്ചുകയറി. മറ്റ് പച്ചക്കറി ഉൽപന്നങ്ങൾക്കും വില കൂടി.
ഇതോടെ ഇറാൻ പോലുള്ള മറ്റ് രാജ്യങ്ങളിൽനിന്ന് സവാള ഇറക്കുമതി ചെയ്തെങ്കിലും ഡിമാന്റ് കുറവായിരുന്നു. ഇന്ത്യ സവാള കയറ്റുമതി ചെയ്യുന്ന വിപണികളിൽ പ്രധാനമാണ് യു.എ.ഇ. ഇന്ത്യൻ സവാളക്ക് മറ്റു രാജ്യങ്ങളിൽനിന്നുള്ളതിനേക്കാൾ ഡിമാന്റും കൂടുതലാണ്.
അതേസമയം, 10,000 ടൺ സവാള യു.എ.ഇയിലേക്ക് കയറ്റുമതി ചെയ്യുന്നതിനുള്ള നിർദേശം നാഷനൽ കോഓപറേറ്റിവ് എക്സ്പോർട്ട്സ് ലിമിറ്റഡ് (എൻ.സി.ഇ.എൽ) വഴി പ്രഖ്യാപിക്കുമെന്ന് ഇന്ത്യയിലെ വാണിജ്യ, വ്യാപാര മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന ഡയറക്ടർ ജനറൽ ഓഫ് ഫോറിൻ ട്രേഡ് ഓഫിസ് അറിയിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ മാസം 14,400 ടൺ സവാള കയറ്റുമതി ചെയ്തിരുന്നു. ഇത് കൂടാതെയാണ് അധികമായി 10,000 ടൺകൂടി ഇറക്കുമതി ചെയ്യുന്നത്. ലോകത്തെ ഏറ്റവും വലിയ സവാള കയറ്റുമതി രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. പ്രതികൂല കാലാവസ്ഥയിൽ കൃഷിനാശം വരുകയും ആഭ്യന്തര വിപണിയിൽ സവാളക്ക് ഡിമാന്റ് കൂടുകയും ചെയ്തതോടെയാണ് കയറ്റുമതിക്ക് കേന്ദ്ര സർക്കാർ താൽക്കാലിക നിയന്ത്രണം പ്രഖ്യാപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.