വ്യപാര-നിക്ഷേപ ബന്ധം ശക്തമാക്കാൻ ഇന്ത്യയും യു.എ.ഇയും
text_fieldsദുബൈ: ഇന്ത്യയും യു.എ.ഇയും തമ്മിലെ വ്യപാര-നിക്ഷേപ ബന്ധം കൂടുതൽ ശക്തമാക്കാനുള്ള ചർച്ചകൾക്ക് തുടക്കം. യു.എ.ഇ വിദേശ വാണിജ്യ സഹമന്ത്രി ഡോ. ഥാനി ബിൻ അഹമദ് ആൽ സിയൂദിയുടെ ഇന്ത്യ സന്ദർശനത്തോടനുബന്ധിച്ചാണ് ചർച്ച ആരംഭിച്ചത്. ന്യൂഡൽഹിയിൽ ഔദ്യോഗിക സന്ദർശനത്തിനെത്തിയ ഡോ. ഥാനി ആൽ സിയൂദിയെയും സംഘത്തെയും ഇന്ത്യൻ വാണിജ്യ-വ്യവസായ വകുപ്പ് മന്ത്രി പിയൂഷ് ഗോയൽ സ്വീകരിച്ചു.
ഇരു രാജ്യങ്ങളും തമ്മിൽ സാമ്പത്തിക ബന്ധം ശക്തമാക്കുന്നതിന് സമഗ്ര സാമ്പത്തിക സഹകരണ കരാർ രൂപപ്പെടുത്തിയതായി അധികൃതർ വ്യക്തമാക്കി. കരാർ സൗഹൃദരാജ്യങ്ങളായ യു.എ.ഇക്കും ഇന്ത്യക്കും ബന്ധം മെച്ചപ്പെടുത്തുന്നതിനും സാമ്പത്തിക, നിക്ഷേപ അവസരങ്ങൾ ആഴത്തിലാക്കുന്നതിനും തന്ത്രപരമായ സഹകരണത്തിെൻറ പുതിയ ഘട്ടത്തിലേക്ക് പ്രവേശിക്കുന്നതിനും സഹായിക്കും. എണ്ണയേതര വ്യപാരത്തിൽ അഞ്ചുവർഷത്തിനകം 40ബില്യൺ ഡോളറിൽ നിന്ന് 100ബില്യൺ ഡോളറിലേക്ക് ഇന്ത്യ-യു.എ.ഇ ബന്ധം വളർത്താനാണ് ചർച്ചകൾ ലക്ഷ്യമിടുന്നത്.
സാമ്പത്തിക സഹകരണത്തിെൻറ പുതിയ കാലഘട്ടത്തിൽ വിപണി സാധ്യതകൾ വിപുലീകരിക്കാനും പുതിയ തന്ത്രപരമായ കരാറുകൾ സ്ഥാപിക്കാൻ വേഗത്തിൽ നീങ്ങുകയാണെന്നും ഡോ. ഥാനി ആൽ സിയൂദി പറഞ്ഞു. ഇന്ത്യക്കും നമ്മുടെ പ്രദേശത്തിനും ഇടയിൽ നൂറ്റാണ്ടുകളായി വ്യാപാര മാർഗം നിലവിലുണ്ട്. പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന, നേരിട്ടുള്ള വിദേശ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്ന, സംരംഭകരെ ശാക്തീകരിക്കുന്ന, കഴിവുകളെ ആകർഷിക്കുന്ന, വിജ്ഞാനാധിഷ്ഠിത സമ്പദ്വ്യവസ്ഥയെ ത്വരിതപ്പെടുത്തുന്ന പരസ്പര പ്രയോജനകരമായ പങ്കാളിത്തത്തിന് അടിത്തറ പാകാനാണ് പുതിയ വ്യാപാര നയത്തിലൂടെ ലക്ഷ്യമിടുന്നത് -അദ്ദേഹം കൂട്ടിച്ചേർത്തു.
യു.എ.ഇയുമായി സഹകരിക്കാനുള്ള അവസരം പ്രധാന്യത്തോടെയാണ് ഇന്ത്യ കാണുന്നതെന്നും അടുത്ത വർഷത്തിന് മുന്നോടിയായി നിലവിൽ ആരംഭിച്ച ചർച്ചകൾ പൂർത്തീകരിച്ച് വിപുലമായ സഹകരണ കരാറിൽ എത്താൽ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും പിയൂഷ് ഗോയൽ പറഞ്ഞു. നിലവലിൽ ഇന്ത്യ, യു.എ.ഇയുടെ രണ്ടാമത്തെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ്. യു.എ.ഇയുടെ മൊത്തം വിദേശ വ്യാപാരത്തിെൻറ ഒമ്പത് ശതമാനവും എണ്ണ ഇതര കയറ്റുമതിയുടെ 13 ശതമാനവും ഇന്ത്യമായാണ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം ആദ്യ പാതിയിൽ വ്യപാരം വലിയ രൂപത്തിൽ വർധിച്ചതായി കണക്ക് സമീപദിവസങ്ങളിൽ പുറത്തുവന്നിരുന്നു.
യു.എ.ഇ ആഗോള തലത്തിൽ സാമ്പത്തിക ബന്ധങ്ങൾ ശക്തിപ്പെടുത്താനായി വിവിധ രാജ്യങ്ങളുമായി ചർച്ചകൾ പുനരാരംഭിച്ചിട്ടുണ്ട്. ഈ മാസം ആദ്യം ഇന്തോനേഷ്യയിൽ ഡോ. ഥാനി ആൽ സിയൂദിയുടെ നേതൃത്വത്തിൽ സന്ദർശനം നടത്തി സമഗ്ര സഹകരണ കരാറിൽ ഒപ്പുവെച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.