ഇടിക്കൂട്ടിൽ ഇന്ത്യ-പാക് പോരാട്ടം
text_fieldsദുബൈ: ബി.കെ.കെ കിക് ബോക്സിങ് ചാമ്പ്യൻഷിപ്പിന്‍റെ ആവേശപ്പോരാട്ടം ശനിയാഴ്ച ദുബൈ ഊദ്മേത്തയിലെ അൽ നസ്ർ ക്ലബിലെ റാശിദ് ബിൻ ഹംദാൻ ഹാളിൽ നടക്കും. മലയാളി താരം മുഹമ്മദ് ഷുഹൈബും പാകിസ്താൻ താരം ഷക്കീൽ അബ്ദുല്ലയും നേർക്ക് നേർ ഏറ്റുമുട്ടുന്ന ഇന്ത്യ-പാക് പോരാട്ടമാണ് ഇതിൽ ഏറ്റവും ശ്രദ്ധേയം. ലോക ചാമ്പ്യന്മാരായ സ്പെയിനിന്‍റെ റൂബൻ ലീയും തുർക്കിയുടെ സെർദാർ ഇറോഗ്ലുവും തമ്മിലുള്ള മത്സരം(90 കിലോഗ്രാം ഇനത്തിൽ) മത്സരം ഉൾപ്പെടെ പത്ത് മത്സരങ്ങളിലായി വിവിധ രാജ്യങ്ങളിലെ 20 ഫൈറ്റർമാരാണ് കൊമ്പുകോർക്കുന്നത്. മലയാളികളായ അബ്ദുറഹ്മാൻ കല്ലായിൽ ചെയർമാനും മിഥുൻ ജിത് സി.ഇ.ഒയുമായ ബി.കെ.കെ സ്പോർട്സാണ് സംഘാടകർ. 190 രാജ്യങ്ങളിലായി 64 മീഡിയകളിലൂടെ മത്സരം തത്സമയം സംപ്രേക്ഷണം ചെയ്യുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
ആദ്യമായാണ് ദുബൈയിൽ ഇത്തരമൊരു ചാമ്പ്യന്‍ഷിപ് നടക്കുന്നത്. ആറ് തവണ ഇന്ത്യൻ ദേശീയ മുവതായ് ചാമ്പ്യനായ ഷുഹൈബും പാകിസ്താന്‍റെ കരുത്തനായ താരമായ ഷക്കീൽ അബ്ദുല്ലയും തമ്മിലെ പോരാട്ടം പ്രവാസികളും ഉറ്റുനോക്കുന്ന മത്സരമാണ്. തൃശൂർ കരൂപ്പടന്ന സ്വദേശിയായ ഷുഹൈബ് രണ്ട് മാസത്തോളമായി ദുബൈയിലെത്തി പരിശീലനത്തിലാണ്. ദുബൈ നൽകുന്ന സൗകര്യം തന്‍റെ കരിയറിൽ വലിയ മാറ്റം വരുത്തിയതായും വിജയപ്രതീക്ഷയിലാണ് റിങ്ങിലേക്കിറങ്ങുന്നതെന്നും ഷുഹൈബ് പറഞ്ഞു.
ഇന്ത്യയിൽ കിക് ബോക്സിങ്ങിന് വേണ്ടത്ര പ്രാധാന്യം ലഭിക്കുന്നില്ല. അതിനാലാണ് ദുബൈയിലെത്തി പരിശീലനം തേടേണ്ടിവന്നത്. ഈജിപ്ഷ്യൻ പരിശീലകന് കീഴിലാണ് തന്‍റെ പരിശീലനമെന്നും ഷുഹൈബ് വ്യക്തമാക്കി. ഒമ്പത് മത്സരങ്ങളിലും ഏറ്റുമുട്ടുന്നത് പുരുഷ ടീമുകളാണ്. റുമേനിയ, ഉസ്ബകിസ്താൻ, സ്പെയിൻ, തുർക്കി, റഷ്യ, ചിലി, മൊറോക്കോ, ഫലസ്തീൻ, തായ്ലൻഡ്, റഷ്യ, ബെൽജിയം, സിറിയ, പോർച്ചുഗൽ എന്നിവിടങ്ങളിൽ നിന്നുള്ള താരങ്ങൾ പങ്കെടുക്കും. ഏക വനിത പോരാട്ടത്തിൽ ഏറ്റുമുട്ടുന്നത് തുർക്കിയുടെ ഫുണ്ട അൽകായിസും ചിലിയുടെ ഫ്രാൻസിസ്ക ബെലൻ ലിസമയുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.