ഇന്ത്യ അനുമതി നിഷേധിച്ചു: പ്രവാസികളുടെ മൃതദേഹങ്ങൾ യു.എ.ഇയിൽ കുടുങ്ങി
text_fields
അജ്മാൻ: പ്രവാസികളുടെ മൃതദേഹം കാർഗോ വിമാനത്തിൽ കയറ്റി അയക്കാൻ യു.എ.ഇ അനുമതി നൽകിയിട്ടും നെടുമ്പാശ്ശേരി വിമാനത്താവള അധികൃതരുടെ പിടിവാശി മൂലം നാല് പേരുെട മൃതദേഹം യു.എ.ഇയിൽ കുടുങ്ങി. നെടുമ്പാശ്ശേരി വിമാനത്താവളം ഹെൽത്ത് ഇൻസ്പെക്ടറാണ് അനുമതി നിഷേധിച്ചത്. ചൊവ്വാഴ്ച നാട്ടിലെത്തിക്കേണ്ടിയിരുന്ന മൃതദേഹങ്ങൾ യു.എ.ഇയിൽ തന്നെ സൂക്ഷിച്ചിരിക്കുകയാണ്. ഒടുവിൽ, കേരള സർക്കാറിെൻറയും എറണാകുളം ജില്ല ഭരണകൂടത്തിെൻറയും ഇടപെടലിനെ തുടർന്ന് ബുധനാഴ്ച മൃതദേഹങ്ങൾ എത്തിക്കാൻ അനുമതി നൽകി. ഡൽഹിയിൽ നിന്നുള്ള വിമാനത്താവളം അധികൃതരുടെ നിർദേശ പ്രകാരമാണ് അനുമതി നിഷേധിച്ചതെന്ന് നെടുമ്പാശ്ശേരി വിമാനത്താവളം ഉദ്യോഗസ്ഥർ അറിയിച്ചതായി സാമൂഹിക പ്രവർത്തകൻ അഷ്റഫ് താമരശ്ശേരി പറഞ്ഞു. തിരുവനന്തപുരം സ്വദേശി വിഷ്ണു രാജ്, ഹരിപ്പാട് സ്വദേശി മനു അബ്രാഹാം തമ്പാൻ, പുത്തഞ്ചിറ സ്വദേശി തോമസ് വർഗീസ്, കാരേക്കാട് അബ്ദുൽ റസാക്ക് എന്നിവരുടെ മൃതദേഹങ്ങളാണ് ചൊവ്വാഴ്ച നാട്ടിൽ എത്തിക്കേണ്ടിയിരുന്നത്. എംബാമിങ് കഴിഞ്ഞ് വിമാനത്താവളത്തിലേക്ക് കൊണ്ടുേപാകാൻ തയാറെടുക്കുന്നതിനിടെയാണ് അനുമതി നിഷേധിച്ച വിവരം അറിഞ്ഞത്. തുടർന്ന് മൃതദേഹങ്ങൾ അവിടെ തന്നെ സൂക്ഷിക്കുകയായിരുന്നു.
കോവിഡ് 19നെ തുടർന്ന് വിമാന വിലക്ക് വന്നതോടെയാണ് ഗൾഫ് രാജ്യങ്ങളിൽ മരണപ്പെടുന്നവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ കഴിയാത്ത അവസ്ഥ വന്നത്. എന്നാൽ, പ്രവാസി വ്യവസായികളുടെയും കാർഗോ കമ്പനികളുടെയും സഹകരണത്തോടെ കാർഗോ വിമാനത്തിൽ മൃതദേഹം കേരളത്തിൽ എത്തിക്കാൻ അനുമതി നൽകിയിരുന്നു. ഇതുപ്രകാരം തിരുവനന്തപുരം വിമാനത്താവളത്തിൽ കഴിഞ്ഞ ദിവസം രണ്ട് മൃതദേഹങ്ങൾ എത്തിച്ചു. എന്നാൽ, ചൊവ്വാഴ്ച പുലർച്ച 2.30നുള്ള എമിറേറ്റ്സ് വിമാനത്തിൽ നാല് മൃതദേഹങ്ങൾ നെടുമ്പാശ്ശേരിയിലെത്തിക്കാനുള്ള ശ്രമമാണ് അധികൃതർ തടഞ്ഞത്. ഇതേത്തുടർന്ന് അഷ്റഫ് താമരശ്ശേരി മുഖ്യമന്ത്രിയുടെ സെക്രട്ടറി രാജീവുമായും നോർക്ക സെക്രട്ടറി ഹരികൃഷ്ണൻ നമ്പൂതിരിയുമായും ബന്ധപ്പെട്ടു. എറണാംകുളം കലക്ടർ എസ്. സുഹാസ് എയർപോർട്ട് അധികൃതരുമായി നടത്തിയ ചർച്ചക്കൊടുവിലാണ് മൃതദേഹങ്ങൾ അടുത്ത ദിവസം ഇറക്കാൻ അനുമതി നൽകിയത്. ബുധനാഴ്ച ഉച്ചയോടെ എമിറേറ്റ്സ് വിമാനത്തിൽ കൊച്ചിയിലേക്ക് കൊണ്ട് പോകാനാണ് നിലവിൽ അനുമതി ലഭിച്ചത്. ഇന്ത്യൻ കോൺസുലേറ്റ്, ദുബൈ പൊലീസ്, ദുബൈ ഹെൽത്ത് അതോറിറ്റി, എംബാമിങ് സെൻറർ തുടങ്ങിയ കേന്ദ്രങ്ങളിൽ നിന്ന് സർട്ടിഫിക്കറ്റ് ലഭിച്ച മൃതദേഹങ്ങളാണ് നിസ്സാര കാരണങ്ങൾ പറഞ്ഞ് തടഞ്ഞുവെച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.