പ്രതീക്ഷയോടെ പ്രവാസലോകം
text_fieldsദുബൈ: ഒരു മാസമായി കേൾക്കാൻ കാതോർത്തിരുന്ന വാർത്തയാണ് തിങ്കളാഴ്ച പ്രവാസികളെ തേടിയെത്തിയത്. വ്യാഴാഴ്ച മുതൽ പ്രവാസികളെ നാട്ടിലെത്തിക്കുമെന്ന കേന്ദ്രസർക്കാർ പ്രഖ്യാപനം ചെറുതല്ലാത്ത പോസിറ്റിവ് എനർജിയാണ് പ്രാവാസലോകത്തിന് സമ്മാനിച്ചിരിക്കുന്നത്. ആർക്കൊക്കെ ഏതൊക്കെ സമയത്ത് നാട്ടിലേക്ക് തിരിക്കാൻ കഴിയുമെന്ന ആശയക്കുഴപ്പം ബാക്കിയുണ്ടെങ്കിലും പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് പ്രവാസികൾ. നാലു ലക്ഷത്തിലേറെ മലയാളികളാണ് വിവിധ ഗൾഫ് രാജ്യങ്ങളിൽനിന്ന് ഇന്ത്യയിലേക്ക് പോകാൻ നോർക്കയിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇന്ത്യൻ കോൺസുലേറ്റിലും രജിസ്ട്രേഷൻ തുടരുന്നുണ്ട്. എന്നാൽ, നോർക്കയിൽ രജിസ്റ്റർ ചെയ്തവർ കോൺസുലേറ്റിലും രജിസ്റ്റർ ചെയ്യണം. കോൺസുലേറ്റിലെ രജിസ്ട്രേഷെൻറ അടിസ്ഥാനത്തിലായിരിക്കും നാട്ടിലേക്കുള്ള യാത്രക്ക് അവസരം ഒരുങ്ങുക.
എന്നാൽ, നോർക്കയിൽ രജിസ്റ്റർ ചെയ്ത പലരും കോൺസുലേറ്റിൽ രജിസ്റ്റർ ചെയ്തിട്ടില്ല. ആദ്യ ഘട്ടത്തിൽ രണ്ടുലക്ഷം പേരെയാണ് നാട്ടിലെത്തിക്കാൻ ഉദ്ദേശിക്കുന്നത് എന്നാണ് അറിയാൻ കഴിയുന്നത്. രോഗികൾ, ഗർഭിണികൾ, വിസിറ്റിങ് വിസയിലെത്തി കുടുങ്ങിയവർ എന്നിവർക്കായിരിക്കും പ്രഥമ പരിഗണന. ജോലി നഷ്ടപ്പെട്ടവരെയും മറ്റും ഘട്ടം ഘട്ടമായി പരിഗണിക്കും. എന്നാൽ, യാത്രച്ചെലവും ക്വാറൻറീൻ ചെലവും പ്രവാസികൾ വഹിക്കണമെന്ന കേന്ദ്രനിർദേശം പ്രവാസികൾ ആശങ്കയോടെയാണ് കാണുന്നത്. ജോലി നഷ്ടപ്പെട്ട് മാസങ്ങളായി ഗർഫ് നാടുകളിൽ തങ്ങുന്ന ഇവർക്ക് വൻതുക നൽകി നാട്ടിലേക്ക് ടിക്കറ്റ് എടുക്കേണ്ട അവസ്ഥയുണ്ടാവും. സാമൂഹിക അകലം പാലിക്കുന്നതിെൻറ ഭാഗമായി യാത്രക്കാരുടെ എണ്ണം കുറക്കുന്നത് മൂലമുണ്ടാകുന്ന സാമ്പത്തിക നഷ്ടം കുറക്കാൻ വിമാനക്കമ്പനികൾ വൻ നിരക്ക് ഇൗടാക്കാൻ സാധ്യതയുണ്ട്. ഒരുമാസം മുമ്പ് യു.എ.ഇയിലെ പ്രമുഖ എയർലൈൻ സ്ഥാപനം ബുക്കിങ് നടത്തിയപ്പോൾ 1800 ദിർഹം വരെയായിരുന്നു നിരക്ക്.
പാകിസ്താൻ ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ സർക്കാറുകൾ വിമാന നിരക്കുകൾ നിശ്ചയിച്ച് നൽകിയിരുന്നു. മാത്രമല്ല, സ്വന്തം രാജ്യങ്ങളിലെ എയർലൈൻ സ്ഥാപനങ്ങളെയാണ് ഇവർ കൂടുതലും ആശ്രയിച്ചതും. ഇത്തരം നടപടികൾ ഇന്ത്യൻ സർക്കാറിെൻറ ഭാഗത്തു നിന്നുണ്ടായാൽ കോവിഡ് ‘സീസൺ’ മുൻനിർത്തിയുള്ള വിമാനക്കൊള്ള ഒഴിവാക്കാൻ കഴിയും. രോഗികളുടെയും ഗർഭിണികളുടെയും ആശ്രിതർക്ക് കൂടെ പോകാൻ കഴിയുമോ എന്ന ആശങ്കയും ബാക്കിനിൽക്കുന്നു. രോഗികളുടെ കൂട്ടിരിപ്പുകാർക്ക് രജിസ്റ്റർ ചെയ്യാനുള്ള പ്രത്യേക ഒാപ്ഷൻ വെബ്സൈറ്റിൽ ഇല്ല. കോവിഡ് ഇല്ല എന്നുറപ്പുള്ളവരെ മാത്രമാണ് നാട്ടിലേക്ക് അയക്കുന്നത്. ലക്ഷക്കണക്കിന് ആളുകൾക്ക് വിദേശ രാജ്യങ്ങളിൽ പരിശോധന പൂർത്തിയാക്കി ഫലം ലഭ്യമാകുമോ എന്ന സംശയവും ബാക്കിയാകുന്നു. നിലവിൽ 200-300 പേരെയാണ് ഒാരോ വിമാനത്തിലും വിദേശരാജ്യങ്ങളിലേക്ക് എത്തിക്കുന്നത്. ആയിരക്കണക്കിന് വിമാനങ്ങൾ സർവിസ് നടത്തിയാൽ മാത്രമേ പ്രവാസികളെ പൂർണമായും നാട്ടിലെത്തിക്കാൻ കഴിയു. ഇതിന് വേണ്ടിവരുന്ന കാലതാമസം പലരുടെയും യാത്ര വൈകിച്ചേക്കാം.
പട്ടിക എയർ ഇന്ത്യക്ക് കൈമാറും -അംബാസഡർ
ദുബൈ: ഇന്ത്യയിലേക്ക് യാത്രചെയ്യാൻ താൽപര്യമുള്ള പ്രവാസികളുടെ പട്ടിക എയർ ഇന്ത്യക്ക് കൈമാറുമെന്ന് യു.എ.ഇയിലെ ഇന്ത്യൻ അംബാസഡർ പവൻ കപൂർ പറഞ്ഞു. വ്യാഴാഴ്ച രണ്ടിൽ കൂടുതൽ വിമാനം പുറപ്പെടാൻ സാധ്യതയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. വിമാന ടിക്കറ്റിെൻറ കാര്യത്തിൽ തീരുമാനമെടുക്കുന്നത് എയർ ഇന്ത്യയാണ്. മുൻഗണന ക്രമം അനുസരിച്ചായിരിക്കും യാത്രക്കാർക്ക് അവസരം ഒരുക്കുന്നത്. ഇതിനായി കൃത്യമായ മാർഗനിർദേശങ്ങൾ തയാറാക്കുന്നുണ്ട്. ആരൊക്കെ ഏതൊക്കെ വിമാനത്തിൽ പോകണമെന്ന് ഇതിന് ശേഷമാവും തീരുമാനിക്കുക. എംബസിയിൽ രജിസ്റ്റർ ചെയ്തവരെയാണ് പട്ടികയിൽ ഉൾപ്പെടുത്തുക. ഇതുവരെ യു.എ.ഇയിലെ എംബസിയിൽ രണ്ട് ലക്ഷത്തിനടുത്ത് ഇന്ത്യക്കാർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിന് മുമ്പ് ഇത്തരമൊരു സാഹചര്യം ഉണ്ടായിട്ടില്ല. അതിനാൽ തന്നെ ജനങ്ങളുടെ പൂർണ പിന്തുണയുണ്ടെങ്കിലേ ഇൗ ഉദ്യമം വിജയിക്കൂ. ജനങ്ങൾ നാട്ടിലേക്ക് പോകാൻ കാത്തിരിക്കുകയാണെന്നറിയാം. മുൻഗണന അനുസരിച്ച് യാത്രക്കാരെ നിശ്ചയിക്കുന്നത് സങ്കീർണമായ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
ഇനിയും പുറത്തെടുക്കാതെ കമ്യൂണിറ്റി വെൽഫെയർ ഫണ്ട്
ദുബൈ: വിദേശരാജ്യങ്ങളിലെ ഇന്ത്യൻ എംബസികൾ പ്രവാസികളിൽ നിന്ന് പിരിച്ചെടുത്ത കമ്യൂണിറ്റി വെൽഫെയർ ഫണ്ട് കുമിഞ്ഞുകൂടി കോടിക്കണക്കിന് രൂപയായി കെട്ടിക്കിടക്കുന്നുണ്ട്. പ്രവാസികളുടെ ക്ഷേമത്തിനായാണ് ഇൗ തുകയെന്നാണ് വെപ്പ്. എന്നാൽ, പ്രവാസികൾ കടുത്ത ദുരിതം അനുഭവിക്കുന്ന കോവിഡ് കാലത്തുപോലും ഇൗ തുക പുറത്തെടുക്കാൻ കേന്ദ്രസർക്കാർ തയാറാകുന്നില്ല. നാട്ടിലേക്കുള്ള ടിക്കറ്റ് തുകയും ക്വാറൻറീൻ ചെലവും പ്രവാസികൾ വഹിക്കണമെന്ന കേന്ദ്രനിർദേശം മൂലമുണ്ടാകുന്ന പ്രശ്നങ്ങൾക്ക് ഇൗ തുക വഴി പരിഹാരം കാണാൻ കഴിയും. ടിക്കറ്റ് തുകക്ക് ഇൗ ഫണ്ടിൽനിന്ന് സബ്സിഡി നൽകിയാൽ പ്രവാസികൾക്ക് അത് ഒരു പരിധിവരെ ആശ്വാസമാകും. കമ്യൂണിറ്റി വെൽഫെയർ ഫണ്ട് എന്ന പേരിൽ 2009 മുതലാണ് ഇന്ത്യൻ എംബസികൾ പ്രവാസികളിൽ നിന്ന് ചാർജ് ഇൗടാക്കാൻ തുടങ്ങിയത്. വിവിധ എംബസികളിലായി കോടിക്കണക്കിന് രൂപയാണ് ഇത്തരത്തിൽ സ്വരൂപിച്ചിരിക്കുന്നത്. എത്ര രൂപയുണ്ടെന്ന കണക്കുപോലും കേന്ദ്രം ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഇക്കാര്യത്തിൽ കേരളത്തിൽ നിന്നുള്ള എം.പിമാർ കേന്ദ്രസർക്കാറിന് നിവേദനം നൽകിയിരുന്നെങ്കിലും പരിഹാരമുണ്ടായിട്ടില്ല.
എയർ ഇന്ത്യ എക്സ്പ്രസ് ഒാഫിസുകൾ ഇന്ന് തുറക്കും
ദുബൈ: വിദേശത്ത് കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനുള്ള നടപടികൾക്ക് കേന്ദ്രസർക്കാർ തുടക്കമിട്ട പശ്ചാത്തലത്തിൽ എയർ ഇന്ത്യ എക്സ്പ്രസിെൻറ യു.എ.ഇയിലെ ഒാഫിസുകൾ ഇന്നുമുതൽ തുറന്നു പ്രവർത്തിക്കും. ഇന്ത്യയിലെ േലാക്ഡൗണിനെ തുടർന്ന് വിമാന സർവിസുകൾ നിർത്തിവെച്ചതിനാൽ രാജ്യത്തെ എയർ ഇന്ത്യ എക്സ്പ്രസ് ഒാഫിസുകൾ പ്രവർത്തനം നിർത്തിവെച്ചിരിക്കുകയായിരുന്നു.
ഇന്ത്യൻ എംബസി നൽകുന്ന ലിസ്റ്റ് പ്രകാരം അടുത്ത ദിവസം മുതൽ യാത്രക്കാർക്ക് ടിക്കറ്റുകൾ നൽകിത്തുടങ്ങും. എന്നാൽ, വിമാനങ്ങളുടെ ഷെഡ്യൂൾ സംബന്ധിച്ച് ഒരു അറിയിപ്പും ഇതുവരെ ലഭ്യമല്ല. അബൂദബി, അൽെഎൻ, ദുബൈ, ഷാർജ ഒാഫിസുകൾ ഇന്നു മുതൽ പ്രവർത്തിക്കും. രാവിലെ ഒമ്പതു മുതൽ വൈകീട്ട് മൂന്നുവരെയാണ് പ്രവൃത്തിസമയമെങ്കിലും ആവശ്യമെങ്കിൽ അതു ദീർഘിപ്പിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.