ഡിജിറ്റല്‍ ഹെല്‍ത്ത് സാധ്യതകള്‍ ഇന്ത്യ പ്രയോജനപ്പെടുത്തണം -ഡോ. ആസാദ് മൂപ്പന്
text_fieldsദുബൈ: ലോകമെമ്പാടുമുള്ള രോഗികൾക്ക് സേവനം എത്തിക്കുന്നതിന് ഡിജിറ്റല്‍ ഹെല്‍ത്ത് സാധ്യതകള്‍ ഇന്ത്യ പ്രയോജനപ്പെടുത്തണമെന്ന് ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന്.
എക്സ്പോ 2020യിലെ ഇന്ത്യൻ പവലിയനില്‍ സംഘടിപ്പിച്ച ടൂറിസം മന്ത്രാലയത്തിന്റെ ഹീല്‍ ഇന്‍ ഇന്ത്യ ലോഞ്ചിങ് ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിവിധ രാജ്യങ്ങളിലെ രോഗികള്‍ക്ക് മികച്ച ആരോഗ്യ പരിചരണം ലഭ്യമാക്കുന്നതിന് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ ഗുണനിലവാര നിയന്ത്രണം നിര്‍ബന്ധമാക്കണം. രോഗികളെ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിന് അന്താരാഷ്ട്ര സര്‍ക്കാറുകളുമായും ഇന്‍ഷുറന്‍സ് സ്ഥാപനങ്ങളുമായും പങ്കാളിത്തവും സഹകരണവും ഉറപ്പാക്കണം.
വൈദഗ്ധ്യത്തിന്റെ ലഭ്യതയും ചെലവുകുറഞ്ഞ പരിചരണത്തിന്റെ ആനുകൂല്യങ്ങളും ഇന്ത്യന്‍ ആശുപത്രികള്‍ നല്കുന്ന സമഗ്രമായ പരിചരണവും ഇന്ത്യയിലേക്കുള്ള മെഡിക്കല്‍ സംബന്ധമായ യാത്രകളുടെ മൂല്യവും വിശ്വാസ്യതയും വർധിപ്പിക്കുന്നു.
ഇന്ത്യയിലേക്ക് രോഗികള്‍ വരാന്‍ സാധ്യതയുള്ള രാജ്യങ്ങളിൽ ഇക്കാര്യങ്ങള്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്ന രീതിയില്‍ പ്രചരിപ്പിക്കണം.
ടെലിറേഡിയോളജി, ടെലിപാത്തോളജി, റിമോട്ട് ഐ.സി.യു മോണിറ്ററിങ് തുടങ്ങിയ ടെലി മെഡിസിനപ്പുറം ഡിജിറ്റല്‍ ആരോഗ്യ സേവനങ്ങള്‍ നല്കി നോളജ് പ്രോസസ് ഔട്ട്സോഴ്സിങ് സെന്ററായി മാറാന്‍ ഇന്ത്യയ്ക്ക് കഴിവുണ്ട്. സാങ്കേതികവിദ്യയുടെ ഉപയോഗത്തിലൂടെ റിമോര്‍ട്ട് സേവനങ്ങളിലായിരിക്കും ആരോഗ്യ സംരക്ഷണത്തിന്റെ ഭാവി. റോബോട്ടിക് ശസ്ത്രക്രിയകള്‍ മികച്ച ഉദാഹരണമാണ്.
അടുത്ത 10 വര്‍ഷത്തിനുള്ളില്‍, ഇന്ത്യയില്‍ ഇരിക്കുന്ന ഡോക്ടര്‍മാര്‍ക്ക് റിമോട്ട് അത്യാധുനിക സാങ്കേതികവിദ്യയിലൂടെ ആഫ്രിക്കയിലെ രോഗിക്ക് ശസ്ത്രക്രിയ നടത്താനാകുമെന്ന് പ്രതീക്ഷിക്കാം.
സാധ്യമായ അന്താരാഷ്ട്ര വിപണികളിലുടനീളം റോഡ്ഷോകളിലൂടെ ഹീല്‍ ഇന്‍ ഇന്ത്യ കാമ്പയിൻ പ്രയോജനപ്പെടുത്തണം.
മെഡിക്കല്‍ വാല്യൂ ടൂറിസത്തില്‍ ഇന്ത്യയുടെ പ്രാവീണ്യം പ്രദര്‍ശിപ്പിക്കാന്‍ ഇന്ത്യന്‍ സർക്കാറിനും ടൂറിസം മന്ത്രാലയത്തിനുമൊപ്പം ഈ രംഗത്തെ പൊതു-സ്വകാര്യ കമ്പനികളും ഒരുമിച്ചുനില്‍ക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.