ഇന്ത്യ-യു.എ.ഇ കരാർ: സ്വാഗതം ചെയ്ത് വ്യാപാര ലോകം
text_fieldsനിർണായക കരാർ -എം.എ. യൂസുഫലി
ഇരുരാജ്യങ്ങളും ഒപ്പുവെച്ചത് നിർണായക കരാറിലാണ്. സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ ഇന്ത്യ-യു.എ.ഇ വ്യാപാര ബന്ധങ്ങളിലെ നാഴികക്കല്ലാണ്. വിവിധ മേഖലകളിൽ ശക്തമായ വ്യാപാരവും നിക്ഷേപവുമുള്ള യു.എ.ഇയും ഇന്ത്യയും പ്രധാന വ്യാപാര പങ്കാളികളാണ്. കരാർ ഒപ്പിട്ടതോടെ സഹകരണത്തിന്‍റെ പുതിയ വാതായനങ്ങൾ തുറക്കുമെന്നതിൽ സംശയമില്ല. യു.എ.ഇ മിഡിലീസ്റ്റിലേക്കും ആഫ്രിക്കയിലേക്കുമുള്ള പ്രധാന കവാടമായതിനാൽ രണ്ടു രാജ്യങ്ങളിൽനിന്നുമുള്ള ബിസിനസുകൾക്ക് പ്രയോജനം ചെയ്യും. 53 ശതകോടി ഡോളറിന്‍റെ ഉഭയകക്ഷി വ്യാപാരം അഞ്ച് വർഷത്തിനുള്ളിൽ ഇരട്ടിയായി 100 ബില്യൺ ഡോളറായി ഉയരുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്ത്യയിൽ റീട്ടെയിൽ, ഭക്ഷ്യ സംസ്‌കരണ മേഖലകളിൽ ഗണ്യമായ സാന്നിധ്യമുള്ള യു.എ.ഇ ആസ്ഥാനമായുള്ള ബിസിനസ് ഗ്രൂപ് എന്ന നിലയിൽ ഈ കരാറിനെ പ്രതീക്ഷയോടെയാണ് കാണുന്നത്. ഇന്ത്യയിൽ നിന്നുള്ള ഞങ്ങളുടെ ഇറക്കുമതി യു.എ.ഇയുടെ ഭക്ഷ്യസുരക്ഷയെ കൂടുതൽ ശക്തിപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു.
എം.എ. യൂസുഫലി, ചെയർമാൻ, ലുലു ഗ്രൂപ്, വൈസ് ചെയർമാൻ, അബൂദബി ചേംബർ ഓഫ് കോമേഴ്സ്
ബന്ധം ശക്തിപ്പെടുത്താനുള്ള ചുവടുവെപ്പ് -ഡോ. ആസാദ് മൂപ്പൻ
വ്യാപാരം, നിക്ഷേപം, സേവനങ്ങള്‍, തൊഴില്‍ എന്നിവയ്ക്കായുള്ള നിരവധി ഇടനാഴികള്‍ തുറക്കുന്നതാണ് ഈ കരാർ. 34 ലക്ഷം ഇന്ത്യക്കാരുടെ രണ്ടാം വീടാണ് യു.എ.ഇ. ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള ബന്ധവും അടുപ്പവും ശക്തിപ്പെടുത്താനുള്ള മറ്റൊരു ചുവടുവെപ്പാണിത്. ഈ കരാറോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം ക്രമാതീതമായി വര്‍ധിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. 100 ശതമാനം ബിസിനസ് ഉടമസ്ഥത, ഗോള്‍ഡന്‍ വിസ പോലുള്ള നിരവധി ആനുകൂല്യങ്ങൾ ഇന്ത്യന്‍ നിക്ഷേപകര്‍ക്ക് ഇവിടെ ലഭിക്കുന്നുണ്ട്. നിക്ഷേപം കൂടുതല്‍ വിപുലീകരിക്കാന്‍ വലിയ പ്രോത്സാഹനമാണ് യു.എ.ഇ നല്‍കിയത്. ഇത്തരം വ്യാപാര കരാറുകള്‍ ഇരു രാജ്യങ്ങളിലെയും പൗരന്മാരെ അതിര്‍ത്തി കടന്നുള്ള പ്രയോജനകരമായ നിക്ഷേപങ്ങളില്‍ പങ്കെടുക്കാന്‍ പ്രോത്സാഹിപ്പിക്കുന്നു. ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍ ജനിച്ചുവളര്‍ന്നത് യു.എ.ഇയിലാണ്. 35 വര്‍ഷത്തിനുള്ളില്‍ നിരവധി രാജ്യങ്ങളിലേക്ക് വ്യാപിച്ചു. ഈ കരാര്‍ തീര്‍ച്ചയായും യു.എ.ഇയിലും ഇന്ത്യയിലും ഞങ്ങളുടെ വിപുലീകരണ പദ്ധതികള്‍ക്ക് കൂടുതല്‍ ഉത്തേജനം പകരും.
ഡോ. ആസാദ് മൂപ്പന്‍, സ്ഥാപക ചെയര്‍മാന്‍, എം.ഡി, ആസ്റ്റര്‍, ഡി.എം ഹെല്‍ത്കെയര്‍
സ്വർണ വ്യാപാര മേഖലക്ക് ഉണർവുണ്ടാക്കും -ഷംലാൽ അഹ്മദ്
പുതിയ കരാര്‍ രൂപപ്പെടുന്ന സാഹചര്യത്തില്‍ ഹോങ്കോങ്, ഇറ്റലി തുടങ്ങിയ രാജ്യങ്ങള്‍ക്ക് പകരംവെക്കാന്‍ സാധിക്കുന്ന ലോകത്തിന്‍റെ ജ്വല്ലറി ഗേറ്റ്വേയായി മാറാന്‍ യു.എ.ഇക്ക് സാധിക്കും. യു.എ.ഇയില്‍ ഇതിനകം ഉണര്‍വോടെ പ്രവര്‍ത്തിക്കുന്ന ജ്വല്ലറി റീട്ടെയില്‍, മൊത്തവ്യാപാര മേഖലയെ കരാര്‍ കുടുതല്‍ ഉത്തേജിപ്പിക്കും. രാജ്യത്തെ മുന്‍നിര ആഭരണ വിപണന കേന്ദ്രമായി ഉയര്‍ത്തുവാനും സഹായിക്കും. ഈ മാറ്റം 'മേക്ക് ഇന്‍ ഇന്ത്യ'മാര്‍ക്കറ്റ് ടു ദ വേള്‍ഡ് ഉദ്യമത്തിന് കരുത്തുപകരും. ആഗോള ബ്രാന്‍ഡുകള്‍ക്കായി ഇന്ത്യയില്‍ ഒറിജിനല്‍ എക്യുപ്മെന്‍റ് മാനുഫാക്ചറേഴ്സിന് (OEM)ആഭരണ നിർമാണം പ്രോത്സാഹിപ്പിക്കാനും ഇത് അവസരമൊരുക്കും. ഇതിലൂടെ കയറ്റുമതി വര്‍ധിക്കുകയും രാജ്യത്ത് ആഭരണ നിര്‍മാണം, വില്‍പന, വിതരണ ശൃംഖല, വിവര സാങ്കേതികവിദ്യ (ഐ.ടി) എന്നിവയുള്‍പ്പെടെ വിവിധ മേഖലകളില്‍ തൊഴിലവസരങ്ങളും നൈപുണ്യ വികസന അവസരങ്ങളും സൃഷ്ടിക്കുകയും ചെയ്യും. കയറ്റുമതിയിലെ വർധന രാജ്യത്തിന്‍റെ വ്യവസായിക സാമ്പത്തിക വളര്‍ച്ചയെ കൂടുതല്‍ ഉത്തേജിപ്പിക്കുകയും ആഭ്യന്തരമായി ഉല്‍പാദന മേഖലയില്‍ കൂടുതല്‍ തൊഴിലവസരങ്ങളുണ്ടാക്കുകയും ചെയ്യും. ആഗോള ഉപഭോക്താക്കള്‍ക്ക് മുന്നില്‍ ഇന്ത്യയില്‍ നിന്നുളള അന്താരാഷ്ട്ര ജ്വല്ലറി ബ്രാന്‍ഡ് എന്ന നിലയില്‍ ഈ വ്യവസായ മേഖലയുടെ വളര്‍ച്ചക്കായി സുപ്രധാനമായ പങ്കാണ് മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സ് വഹിക്കുന്നത്. ഇതിന് കൂടുതൽ കരുത്തുപകരുന്നതാണ് കരാർ.
ഷംലാൽ അഹ്മദ്, ഇന്‍റർനാഷനൽ ഓപറേഷൻസ് എം.ഡി, മലബാർ ഗോൾഡ്
ക്രിയാത്മകമായ ഉത്തേജനം പകരും -പി.ബി. അബ്ദുല്‍ ജബ്ബാര്‍
ഇന്ത്യയും യു.എ.ഇയും തമ്മിലുള്ള വ്യാപാര ബന്ധം നൂറ്റാണ്ടുകള്‍ പഴക്കമുള്ളതാണെന്നത് ചരിത്ര രേഖയാണ്. യു.എ.ഇ രൂപവത്കരിച്ചത് മുതല്‍ ഇന്ത്യയുമായുള്ള ബന്ധം കൂടുതല്‍ ശക്തമായി.
സമീപകാലത്തുണ്ടായ സാമ്പത്തിക ദൗത്യത്തില്‍ നിര്‍ദേശിക്കപ്പെട്ട 100 ബില്യണ്‍ ഡോളറിന്‍റെ എണ്ണ ഇതര വ്യാപാര ലക്ഷ്യം കൈവരിക്കാന്‍ ഇരുരാജ്യങ്ങളില്‍നിന്നും കൂടുതല്‍ തന്ത്രപരമായ നീക്കങ്ങള്‍ ബിസിനസ് ലോകം ആകാംക്ഷയോടെ ഉറ്റുനോക്കുകയായിരുന്നു. പുതിയ കരാര്‍ ബിസിനസ് മേഖലക്ക് ക്രിയാത്മകമായ ഉത്തേജനം പകരും. ഹോട്ട്പാക്കിനെ സംബന്ധിച്ചിടത്തോളം, കയറ്റുമതി-ഇറക്കുമതി അവസരങ്ങള്‍ ഇന്ത്യ ധാരാളമായി വാഗ്ദാനം ചെയ്യുന്നു. ഇത് ദീര്‍ഘകാല നേട്ടങ്ങള്‍ക്ക് വഴിയൊരുക്കുകയും ഭാവിയില്‍ ഇന്ത്യയില്‍ ഉയര്‍ന്ന അനുപാതത്തിലുള്ള ബിസിനസ് നിക്ഷേപങ്ങള്‍ക്ക് സഹായിക്കുകയും ചെയ്യും. പുതിയ വ്യാപാര കരാര്‍ ഇന്ത്യയില്‍ പുതിയ വാതിലുകള്‍ തുറക്കുകയും വിപുലീകരണ പദ്ധതികൾക്ക് സഹായിക്കുകയും ചെയ്യും.
പി.ബി. അബ്ദുല്‍ ജബ്ബാര്‍, ഹോട്ട്പാക്ക് ഗ്ലോബല്‍ ഗ്രൂപ് എം.ഡി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.