ഇന്തോ-യു.എ.ഇ സാംസ്കാരിക സമന്വയ വര്‍ഷാചരണത്തിന് തുടക്കം
text_fieldsഅബൂദബി: കേരള സോഷ്യല്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഒരുവര്‍ഷക്കാലം നീണ്ടുനില്‍ക്കുന്ന ഇന്തോ-യു.എ.ഇ സാംസ്കാരിക സമന്വയ വര്‍ഷാചരണത്തിന് തുടക്കമായി. യു.എ.ഇ പ്രസിഡന്‍ഷ്യല്‍കാര്യ മന്ത്രാലയത്തിലെ മത-നീതിന്യായ കാര്യങ്ങളുടെ ഉപദേഷ്ടാവ് അല്‍ സയ്യിദ് അലി അല്‍ സയ്യിദ് അബ്ദുല്റഹ്മാന് അല്‍ ഹാഷിമി ഉദ്ഘാടനം നിര്‍വഹിച്ചു. ഇന്ത്യയും യു.എ.ഇയും തമ്മിലുള്ള ഊഷ്മളമായ ബന്ധത്തെക്കുറിച്ചും യു.എ.ഇയുടെ സമഗ്ര വികസനത്തില്‍ ഇന്ത്യന്‍ സമൂഹത്തിന്റെ പങ്കും അദ്ദേഹം എടുത്തുപറഞ്ഞു.
ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയും യു.എ.ഇയുടെ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ ആല് നഹ്യാനും മുന്നോട്ടുവെച്ചത് ഒരേ ആശയങ്ങളും ദര്ശനങ്ങളുമാണെന്നും ഇത് ഇരുരാജ്യങ്ങളുടെയും സമഗ്രവികസനത്തിനും സമാധാനത്തിനും നിദാനമായ കാരണങ്ങളില്‍ പ്രധാനപ്പെട്ടവയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യന്‍ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന് എ. അമര്‍നാഥ് മുഖ്യാതിഥിയായിരുന്നു.
കേരള സോഷ്യല്‍ സെന്റര്‍ പ്രസിഡന്റ് എ.കെ. ബീരാന്‍കുട്ടി അധ്യക്ഷത വഹിച്ചു. അബൂദബി കമ്യൂണിറ്റി പൊലീസ് പ്രതിനിധി അസിയ ദഹൂറി, ഇന്ത്യ സോഷ്യല്‍ സെന്റര്‍ വൈസ് പ്രസിഡന്റ് രജി ഉലഹന്നാന്, ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ പ്രസിഡന്റ് ബാവഹാജി, അബൂദബി മലയാളി സമാജം ജനറല്‍ സെക്രട്ടറി എം.യു. ഇര്‍ഷാദ്, ഇന്ത്യന്‍ ലേഡീസ് അസോസിയേഷന് വൈസ് പ്രസിഡന്റ് ഭാരതി നത്വാനി, മാനേജര്‍ സൂരജ് പ്രഭാകര്‍, രാജന് അമ്പലത്തറ, കെ.വി. രാജന്, സെന്റര്‍ ജനറല്‍ സെക്രട്ടറി കെ. സത്യന്, ജോയന്റ് സെക്രട്ടറി പി. ശ്രീകാന്ത്, സെന്റര്‍ വനിതവിഭാഗം ജോയന്റ് കണ്‍വീനര്‍ ചിത്ര ശ്രീവത്സന്‍ എന്നിവർ സംസാരിച്ചു.
ബാവുള്‍ സംഗീതജ്ഞ പാര്‍വതി ബാവുള്‍ അവതരിപ്പിച്ച 'ദി മിസ്റ്റിക് പോയട്രി ഓഫ് ദി ബാവുള്‍സ്' എന്ന സംഗീത പരിപാടിയും അരങ്ങേറി. ഇന്ത്യയിലെയും യു.എ.ഇയിലെയും തനത് കലാരൂപങ്ങളെയും സംസ്കാരങ്ങളെയും മലയാളി പ്രവാസിസമൂഹത്തിന് പരിചയപ്പെടുത്തിക്കൊടുക്കുന്ന വിവിധ പരിപാടികള്‍ ഒരുവര്‍ഷത്തെ സാംസ്കാരിക സമന്വയ വര്‍ഷാചരണത്തിന്റെ ഭാഗമായി കേരള സോഷ്യല്‍ സെന്ററില്‍ വരുംദിവസങ്ങളില്‍ അരങ്ങേറും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.