ബഹിരാകാശ രംഗത്തും ഇന്ത്യ-യു.എ.ഇ ബന്ധം ശക്തമാക്കും
text_fieldsദുബൈ: ഇന്ത്യയും യു.എ.ഇയും തമ്മിലെ തന്ത്രപരമായ സഹകരണം ബഹിരാകാശ രംഗത്തേക്കും വ്യാപിപ്പിക്കുന്നു. തിങ്കളാഴ്ച യു.എ.ഇ ബഹിരാകാശ കേന്ദ്രമായ മുഹമ്മദ് ബിൻ റാശിദ് സ്പേസ് സെൻറർ സന്ദർശിച്ച് ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീറാണ് ഇതുസംബന്ധിച്ച് സൂചന നൽകിയത്. ഇരു രാജ്യങ്ങളും തമ്മിലെ പങ്കാളിത്തത്തിൽ ബഹിരാകാശം പുതിയ മേഖലയായിരിക്കുമെന്ന് കേന്ദ്രം സന്ദർശിച്ച ചിത്രങ്ങൾ പങ്കുവെച്ച് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
മുഹമ്മദ് ബിൻ റാശിദ് ബഹിരാകാശ കേന്ദ്രം ഡയറക്ടർ ജനറൽ സലീം ഹുമൈദ് അൽമർറിയുമായി കൂടിക്കാഴ്ച നടത്തിയ അദ്ദേഹം സഹകരണത്തിന്റെ വിവിധ തലങ്ങൾ ചർച്ചചെയ്യുകയും ചെയ്തു.
ആദ്യ ഇമാറാത്തി ബഹിരാകാശ യാത്രികനായ ഹസ്സ അൽ മൻസൂരി 2019ലെ അന്താരാഷ്ട്ര ബഹിരാകാശ കേന്ദ്രത്തിലെ ദൗത്യത്തിൽ കൂടെ കൊണ്ടുപോയ ഇന്ത്യയുടെ പതാക അംബാസഡർക്ക് കൈമാറുകയും ചെയ്തു.
നേരത്തേ ഇസ്രായേലിനും സമാനമായ രീതിയിൽ പതാക കൈമാറിയിരുന്നു. കഴിഞ്ഞ മാസം 'ഐ2യു2'(ഇന്ത്യ, ഇസ്രായേൽ, യു.എസ്, യു.എ.ഇ) കൂട്ടായ്മയുടെ പ്രഥമ ഉച്ചകോടിയിൽ ബഹിരാകാശം അടക്കമുള്ള മേഖലകളിൽ സംയുക്ത നിക്ഷേപത്തിനും പുതിയ സംരംഭങ്ങളിലും പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് ധാരണയിലെത്തിയിരുന്നു.
ഈ ധാരണയുടെ പശ്ചാത്തലത്തിൽ കൂടിയാണ് അംബാസഡറുടെ സന്ദർശനം വിലയിരുത്തപ്പെടുന്നത്.
അംബാസഡർ ബഹിരാകാശ കേന്ദ്രത്തിലെ പ്രവർത്തനങ്ങളും പദ്ധതികളും കാണുകയും പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിട്ടുണ്ട്. ബഹിരാകാശ മേഖലയിലെ കൂടുതൽ സഹകരണം ഇരു രാജ്യങ്ങൾക്കും സഹായകരമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഓൺലൈൻ ആയി നടന്ന 'ഐ2യു2' ഉച്ചകോടിയിൽ യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ, ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി, യു.എസ് പ്രസിഡന്റ് ജോ ബൈഡൻ, ഇസ്രായേൽ പ്രധാനമന്ത്രി യായിർ ലാപിഡ് എന്നിവരാണ് പങ്കെടുത്തിരുന്നത്. 200 കോടി ഡോളറിന്റെ ഭക്ഷ്യ പാർക്ക് പദ്ധതിയും കാറ്റിൽനിന്നും സൗരോർജത്തിൽ നിന്നും 300 മെഗാവാട്ട് വൈദ്യുതി ഉൽപാദനം സാധ്യമാകുന്ന ഹൈബ്രിഡ് പുനരുപയോഗ ഊർജ പദ്ധതിയും ഉച്ചകോടിയിൽ പ്രഖ്യാപിച്ചിരുന്നു.
ഫെബ്രുവരിയിൽ ഇരു രാജ്യങ്ങളും തമ്മിൽ സമഗ്ര സാമ്പത്തിക സഹകരണ കരാറും ഒപ്പുവെച്ചിട്ടുണ്ട്. ഈ കരാറുകളിലൂടെ രൂപപ്പെട്ട സുദൃഢമായ ബന്ധം കൂടുതൽ മേഖലകളിലേക്ക് വികസിക്കുകയാണ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.