ഇന്ത്യ-യു.എ.ഇ ഉച്ചകോടി ഇന്ന്; വ്യാപാരക്കരാറുകൾ ഒപ്പുവെക്കും
text_fieldsദുബൈ: ഇന്ത്യയും യു.എ.ഇയും തമ്മിലുള്ള നിർണായക കരാറുകൾ ഒപ്പുവെക്കുന്ന വെർച്വൽ ഉച്ചകോടി വെള്ളിയാഴ്ച നടക്കും. അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധസേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ, ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തുടങ്ങിയവർ പങ്കെടുക്കും.
കോവിഡ് എത്തിയശേഷം ആദ്യമാണ് ഇരുവരും ഇന്ത്യ-യു.എ.ഇ ഉച്ചകോടിയിൽ പങ്കെടുക്കുന്നത്. കഴിഞ്ഞ മാസം പ്രധാനമന്ത്രി യു.എ.ഇ സന്ദർശനം നിശ്ചയിച്ചിരുന്നെങ്കിലും ഒമിക്രോൺ വ്യാപനത്തെ തുടർന്ന് മാറ്റിവെച്ചു. ഈ പശ്ചാത്തലത്തിലാണ് ഓൺലൈനിൽ ഉച്ചകോടി നടത്തുന്നത്. അതേസമയം, ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രധാന വ്യാപാരക്കരാറുകൾ വെള്ളിയാഴ്ച ഡൽഹിയിൽ ഒപ്പുവെക്കും.
ഇതിന് മുന്നോടിയായി യു.എ.ഇ സംഘം ഡൽഹിയിൽ എത്തി. നരേന്ദ്ര മോദിയും ശൈഖ് മുഹമ്മദ് ബിൻ സായിദും ഓൺലൈൻ വഴി സാക്ഷ്യം വഹിക്കും. സംയോജിത സാമ്പത്തിക സഹകരണക്കരാർ, സ്വതന്ത്ര വ്യാപാരക്കരാർ എന്നിവ ഇതിൽ പ്രധാനമാണ്.
ഇരുരാജ്യങ്ങളിലെയും നികുതി ഇളവ് ഉൾപ്പെടെ ഈ കരാറിലുണ്ടെന്നാണ് കരുതുന്നത്. ഇരുരാജ്യങ്ങളും നേരിടുന്ന പൊതുവായ വെല്ലുവിളികൾ ഉച്ചകോടിയിൽ ചർച്ച ചെയ്യും. സെപ്റ്റംബറിലാണ് സമഗ്ര സാമ്പത്തിക സഹകരണ കരാർ (സി.ഇ.പി.എ) തയാറാക്കിയത്. ഇതിൻമേലുള്ള ചർച്ചകൾ പൂർത്തിയാക്കി കഴിഞ്ഞ മാസം ഒപ്പിടുമെന്നായിരുന്നു കരുതിയത്. ഒമിക്രോൺ വ്യാപനം മൂലം നീളുകയായിരുന്നു. ഇരുരാജ്യങ്ങളിലും കൂടുതൽ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്ന കരാറാണിത്. കോവിഡ് എത്തിയ ശേഷം ഏതെങ്കിലുമൊരു ഗൾഫ് രാജ്യവുമായി ഇന്ത്യ ഒപ്പുവെക്കുന്ന പ്രധാന കരാറാണിത്.
ഇന്ത്യയുടെ 75ാം സ്വാതന്ത്ര്യദിനവും യു.എ.ഇയുടെ 50ാം ദേശീയ ദിനവും ആഘോഷിക്കുന്ന വേളയിൽ ചരിത്രപരമായ പ്രഖ്യാപനങ്ങൾക്കാണ് ഇരുരാജ്യങ്ങളിലെയും ജനങ്ങൾ കാതോർക്കുന്നത്.
പ്രതീക്ഷയോടെ വ്യാപാര ലോകം
ദുബൈ: ഇന്ത്യയും യു.എ.ഇയും തമ്മിൽ വെള്ളിയാഴ്ച വ്യാപാര കരാർ ഒപ്പുവെക്കാനൊരുങ്ങുമ്പോൾ ഇരുരാജ്യങ്ങളിലെയും വ്യാപാര ലോകം പ്രതീക്ഷയിലാണ്. കോവിഡ് എത്തിയ ശേഷം ഗൾഫ് രാജ്യവും ഇന്ത്യയും തമ്മിൽ നടത്തുന്ന ഏറ്റവും വലിയ വ്യാപാര കരാറാണിത്. അഞ്ചു വർഷത്തിനുള്ളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ഇടപാട് 115 ശതകോടി ഡോളറിലേക്ക് ഉയർത്താൻ കരാർ ഉപകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കഴിഞ്ഞ വർഷം 60 ശതകോടി ഡോളറിന്റെ ഇടപാടാണ് നടന്നത്. യു.എസും (67.4 ശതകോടി ഡോളർ) ചൈനയും (65.1 ശതകോടി ഡോളർ) കഴിഞ്ഞാൽ ഇന്ത്യയുമായി ഏറ്റവുമധികം വ്യാപാര ഇടപാട് നടത്തുന്ന രാജ്യം യു.എ.ഇയാണ്.
സെപ്റ്റംബറിൽ തയാറാക്കിയ സമഗ്രസാമ്പത്തിക സഹകരണ കരാർ (സി.ഇ.പി.എ) ഏറെ പ്രതീക്ഷ പകരുന്നതാണ്. വിവിധ മേഖലകളിലെ നിയന്ത്രണങ്ങൾ ഒഴിവാക്കാൻ കരാർ സഹായിക്കും. ഇന്ത്യയിലെ ഫാർമസ്യൂട്ടിക്കൽ കമ്പനികൾ പോലുള്ളവക്ക് അനുമതി വേഗത്തിൽ ലഭിക്കാൻ കരാർ ഉപകരിച്ചേക്കും. ഇറക്കുമതി, കയറ്റുമതി നികുതിയിൽ ഇളവുണ്ടാകുമോ എന്നതാണ് വ്യാപാര ലോകം ഉറ്റുേനാക്കുന്ന പ്രധാന കാര്യം. കസ്റ്റംസ് തീരുവയിൽ കാര്യമായ മാറ്റം വരുമെന്നാണ് പ്രതീക്ഷ. ചരക്ക് നീക്കം സുഗമമാക്കാൻ കസ്റ്റംസ് തീരുവ ഏകീകരിക്കണമെന്ന ആവശ്യം വർഷങ്ങളായി ഉയരുന്നുണ്ട്.
ഇന്ത്യയിൽ സാമ്പത്തിക വർഷത്തിന്റെ തുടക്കമായ ഏപ്രിൽ ഒന്നു മുതൽ ഇതുമായി ബന്ധപ്പെട്ട മാറ്റങ്ങൾ പ്രാബല്യത്തിലായേക്കും. അതേസമയം, സ്വതന്ത്ര വ്യാപാര കരാറിന് തുല്യമായിരിക്കില്ല സി.ഇ.പി.എ. ഇന്ത്യയും യു.എ.ഇയും തമ്മിൽ സ്വതന്ത്ര വ്യാപാര കരാറിൽ ഏർപ്പെടുന്നതിന് നയപരമായ തടസ്സങ്ങളുണ്ട്. ഗൾഫ് കോർപറേഷൻ കൗൺസിലുമായി (ജി.സി.സി) ചേർന്ന് വേണം ഇത്തരമൊരു കരാർ തയാറാക്കാൻ. ഇതിനായുള്ള ശ്രമങ്ങൾ വർഷങ്ങൾക്കു മുേമ്പ തുടങ്ങിയെങ്കിലും നടപ്പായിട്ടില്ല. ഇന്ത്യൻ ഉൽപന്നങ്ങൾ ലോകത്താകമാനം എത്തിക്കാനുള്ള ഗേറ്റ് വേയായി യു.എ.ഇയെ മാറ്റുന്നതായിരിക്കും കരാർ.
ഇരുരാജ്യങ്ങളിലെയും നിക്ഷേപം പ്രോത്സാഹിപ്പിക്കുന്ന രീതിയിലായിരിക്കും കരാർ. നിലവിൽ ഇന്ത്യയിലെയും യു.എ.ഇയിലെയും പ്രമുഖ സ്ഥാപനങ്ങൾ ഇരുരാജ്യങ്ങളിലും നിക്ഷേപമിറക്കുന്നുണ്ട്. ഡി.പി വേൾഡ് ഇന്ത്യയിൽ നിക്ഷേപമിറക്കിയപ്പോൾ മുകേഷ് അംബാനിയുടെ റിലയൻസ് യു.എ.ഇയിൽ നിക്ഷേപിക്കുന്നുണ്ട്.
സ്വർണവ്യാപാര മേഖലയും ഏറെ പ്രതീക്ഷയിലാണ്. ഇന്ത്യൻ നിർമിത ആഭരണങ്ങളെ കസ്റ്റംസ് തീരുവയിൽനിന്ന് യു.എ.ഇ ഒഴിവാക്കുമെന്നാണ് പ്രതീക്ഷ. നിലവിൽ അഞ്ചുശതമാനമാണ് തീരുവ. നിലവിൽ 35 ശതകോടി ഡോളറിന്റെ ആഭരണ കയറ്റുമതിയാണ് ഇന്ത്യ നടത്തുന്നത്. ഇത് 70 ശതകോടി ഡോളറായി ഉയരുമെന്നാണ് പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.