കൂടുതൽ പ്രതിരോധ സഹകരണത്തിന് ഇന്ത്യയും യു.എ.ഇയും
text_fieldsഅബൂദബി: പ്രതിരോധ മേഖലയിൽ സഹകരണം വിപുലപ്പെടുത്താൻ ഇന്ത്യ, യു.എ.ഇ തീരുമാനം. അബൂദബിയിൽ ചേർന്ന 12ാമത് സംയുക്ത പ്രതിരോധ സമിതി യോഗത്തിലാണ് ധാരണ.
കൂടുതൽ സംയുക്ത പരിശീലന പദ്ധതികൾക്ക് രൂപം നൽകാനും ഇരു രാജ്യങ്ങളും തീരുമാനിച്ചു. മേഖലയുടെ സുരക്ഷയും കെട്ടുറപ്പും ശക്തമാക്കാൻ പ്രതിരോധ രംഗത്ത് വിപുലമായ സഹകരണവും പങ്കാളിത്തവും ഉറപ്പാക്കുമെന്ന് ഇരു രാജ്യങ്ങളും അറിയിച്ചു. സംയുക്ത പരിശീലനം, സൈനികാഭ്യാസം, പ്രതിരോധ വ്യവസായ രംഗത്തെ സഹകരണം എന്നിവയും സമിതി യോഗത്തിൽ ചർച്ചയായി.
പ്രതിരോധ വിദഗ്ധരുടെ പരസ്പര വിനിമയത്തിന് പുറമെ ഗവേഷണ രംഗത്തും അടുത്ത സഹകരണം ഉറപ്പാക്കും. ഗൾഫ് കടലിൽ ഇന്ത്യൻ നാവികസേനയുടെ സഹകരണവുമായി ബന്ധപ്പെട്ട വിശദമായ ചർച്ചയും സമിതി യോഗത്തിൽ ഉണ്ടായി. നിശ്ചിത മേഖലകളിൽ പരിശീലന പരിപാടികൾ ആവിഷ്കരിക്കാൻ ഇരു രാജ്യങ്ങളും വ്യക്തമായ പദ്ധതിക്ക് രൂപം നൽകും. പ്രതിരോധ വകുപ്പ് ജോ. സെക്രട്ടറി അമിതാഭ് പ്രസാദിന്റെ നേതൃത്വത്തിലാണ് ഇന്ത്യൻ സംഘം സമിതി യോഗത്തിനെത്തിയത്.
ബ്രി. ജനറൽ ജമാൽ ഇബ്രാഹിം മുഹമ്മദ് അൽ മസ്റൂഖി യു.എ.ഇ സംഘത്തെ നയിച്ചു. മൂന്ന് സൈനിക വിഭാഗങ്ങളുടെ പ്രതിനിധികളും ഇന്ത്യൻ സംഘത്തിൽ ഉണ്ടായിരുന്നു. 2006ലാണ് സംയുക്ത പ്രതിരോധ സഹകരണ സമിതിക്ക് ഇരു രാജ്യങ്ങളും രൂപം നൽകിയത്. രാഷ്ട്രീയ, സൈനിക സംഘർഷം കാരണം ഗൾഫ് മേഖല കടുത്ത പ്രതിസന്ധി നേരിടുന്ന ഘട്ടത്തിൽ ചേർന്ന യോഗം സംയുക്ത സഹകരണം കൂടുതൽ വിപുലപ്പെടുത്താനുള്ള തീരുമാനത്തോടെയാണ് പിരിഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.