ഇന്ത്യ-യു.എ.ഇ ഓൺലൈൻ ഉച്ചകോടി നാളെ
text_fieldsദുബൈ: ഇന്ത്യ-യു.എ.ഇ വെർച്വൽ ഉച്ചകോടി വെള്ളിയാഴ്ച നടക്കും. അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധസേന ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ, ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവർ പങ്കെടുക്കും. യു.എ.ഇയുടെ 50ാം വാർഷികവും ഇന്ത്യയുടെ 75ാം സ്വാതന്ത്ര്യദിനവും ആഘോഷിക്കുന്ന പശ്ചാത്തലത്തിലാണ് കൂടിക്കാഴ്ച. കഴിഞ്ഞ മാസം മോദി യു.എ.ഇ സന്ദർശിക്കുമെന്നറിയിച്ചിരുന്നെങ്കിലും ഒമിക്രോൺ വ്യാപനം മൂലം യാത്ര റദ്ദാക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് വെർച്വൽ ഉച്ചകോടി നടത്തുന്നത്. ഇരുരാജ്യങ്ങളും തമ്മിലെ വ്യാപാരബന്ധം മെച്ചപ്പെടുത്തുന്നതിനൊപ്പം മേഖല നേരിടുന്ന വെല്ലുവിളികളെ കുറിച്ചും ചർച്ച നടത്തും. 2015, 2018, 2019 വർഷങ്ങളിൽ മോദി യു.എ.ഇയിൽ എത്തിയിരുന്നു. കഴിഞ്ഞ വർഷം ഇരുരാജ്യങ്ങളിലെയും മന്ത്രിമാർ പലതവണ കൂടിക്കാഴ്ച നടത്തി. ഇതിന്റെ ഭാഗമായി കഴിഞ്ഞ സെപ്റ്റംബറിൽ സംയോജിത സാമ്പത്തിക സഹകരണക്കരാർ (സി.ഇ.സി.പി.എ) തയാറാക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട ചർച്ചകളും നടത്തും.
ഇരുരാജ്യങ്ങളും വ്യാപാരക്കരാർ ഒപ്പുവെക്കും
ദുബൈ: ഇന്ത്യ-യു.എ.ഇ വെർച്വൽ ഉച്ചകോടിയുടെ ഭാഗമായി ഇരുരാജ്യങ്ങളും തമ്മിലുള്ള സ്വതന്ത്ര വ്യാപാരക്കരാർ വെള്ളിയാഴ്ച ഡൽഹിയിൽ ഒപ്പുവെക്കും. ഇരുരാജ്യങ്ങളിലെയും സാമ്പത്തിക, വ്യാപാര മന്ത്രാലയങ്ങളിലെ പ്രമുഖർ പങ്കെടുക്കും.
കഴിഞ്ഞ മാസം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യു.എ.ഇ സന്ദർശനസമയത്ത് ഒപ്പുവെക്കുമെന്ന് കരുതിയിരുന്ന കരാറാണിത്. സെപ്റ്റംബറിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സംയോജിത സാമ്പത്തിക സഹകരണക്കരാർ (സി.ഇ.സി.പി.എ) തയാറാക്കിയിരുന്നു. ഇതിലെ ചർച്ചകൾക്ക് ശേഷമാണ് കരാർ ഒപ്പുവെക്കുന്നത്. ഈ സർക്കാർ അധികാരത്തിൽ വന്നശേഷം ഏതെങ്കിലുമൊരു ഗൾഫ് രാജ്യവുമായി ഉണ്ടാക്കുന്ന സുപ്രധാന കരാറാണിത്. കരാർ പ്രാബല്യത്തിൽ വരുന്നതോടെ ഇറക്കുമതി, കയറ്റുമതി നികുതികളിൽ ഗണ്യമായ കുറവുണ്ടാകും. തിരഞ്ഞെടുക്കപ്പെട്ട ഉൽപന്നങ്ങൾ നികുതിയില്ലാതെ ഇറക്കുമതി ചെയ്യാനും കഴിയും. യു.എ.ഇയിൽ ജോലിചെയ്യുന്ന ഇന്ത്യൻ തൊഴിലാളികൾക്ക് ഉപകാരപ്പെടുന്ന നയങ്ങളും കരാറിലുണ്ടാകുമെന്നാണ് പ്രതീക്ഷ.
ഇന്ത്യയുടെ ഏറ്റവും മികച്ച മൂന്നാമത്തെ വ്യാപാരപങ്കാളിയാണ് യു.എ.ഇ. 2019-20ൽ 60 ശതകോടി ഡോളറിന്റെ ഇടപാടാണ് നടന്നത്. യു.എസ് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കയറ്റുമതിയും യു.എ.ഇയിലേക്കാണ്.
അടുത്തിടെ ഇന്ത്യയിൽനിന്ന് യു.എ.ഇയിലേക്കുള്ള മുട്ട ഇറക്കുമതി നിരോധനം ഒഴിവാക്കിയിരുന്നു. പുതിയ കരാർ വരുന്നതോടെ കൂടുതൽ ഇളവ് പ്രതീക്ഷിക്കുന്നുണ്ട് വ്യാപാരലോകം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.