ജി20 ഉച്ചകോടിയില്‍ യു.എ.ഇ പ്രസിഡന്റ് പങ്കെടുക്കുമെന്ന് പ്രതീക്ഷ -ഇന്ത്യന്‍ അംബാസഡര്‍
text_fieldsഅബൂദബി: യു.എ.ഇയിലെ ഇന്ത്യന്‍ സമൂഹത്തിന് സ്വാതന്ത്ര്യദിനാശംസ നേര്‍ന്ന് അംബാസഡര്‍ സഞ്ജയ് സുധീര്‍. രാജ്യത്തെ അഞ്ചാമത്തെ വലിയ സാമ്പത്തിക ശക്തിയിലെ പൗരന്മാരാണെന്നതില്‍ അഭിമാനിക്കണമെന്നാവശ്യപ്പെട്ട അദ്ദേഹം അടുത്തമാസം ഡല്‍ഹിയില്‍ ഇന്ത്യയുടെ അധ്യക്ഷതയില്‍ ചേരുന്ന ജി20 ഉച്ചകോടിയില്‍ യു.എ.ഇ. പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആൽ നഹ്യാൻ പങ്കെടുക്കുമെന്നാണ് പ്രതീക്ഷയെന്നും വ്യക്തമാക്കി. അബൂദബിയിലെ ഇന്ത്യന്‍ എംബസിയില്‍ ചേര്‍ന്ന ചടങ്ങില്‍ ദേശീയ പതാക ഉയര്‍ത്തിയശേഷം പ്രവാസി സമൂഹത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
ഇന്ത്യയെ വരുന്ന 25 വര്‍ഷംകൊണ്ട് വികസിത രാജ്യമാക്കി മാറ്റുന്നതിനായി 2022 ആഗസ്റ്റ് 15ന് പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നോട്ടുവെച്ച അഞ്ചു പ്രതിജ്ഞകള്‍ സഞ്ജയ് സുധീര്‍ ഓര്‍മിപ്പിച്ചു. 2047ഓടെ ഇന്ത്യയെ വികസിതവും സ്വയംപര്യാപ്തവുമായ രാജ്യമാക്കി മാറ്റുക, കൊളോണിയല്‍ മനോഗതിയുടെ വേരുകള്‍ ഇല്ലാതാക്കുക, പൈതൃകം ആഘോഷിക്കുക, ഐക്യം വര്‍ധിപ്പിക്കുകയും രാജ്യത്തെ സംരക്ഷിക്കുന്നവരെ മാനിക്കുകയും ചെയ്യുക, പൗരന്റെ കടമകള്‍ നിറവേറ്റുക എന്ന അഞ്ച് പ്രതിജ്ഞകള്‍ സഞ്ജയ് സുധീര്‍ ആവര്‍ത്തിച്ചു.
ഇന്ത്യയും യു.എ.ഇയും തമ്മിലുള്ള ഉഭയകക്ഷിബന്ധം കൂടുതല്‍ ശക്തമാകുന്നതിനു കാരണം ഇരുരാഷ്ട്രങ്ങളുടെയും ദീര്‍ഘവീക്ഷണവും നേതൃത്വവുമാണ്. പരസ്പരവിശ്വാസവും പരസ്പര ബഹുമാനവും ബന്ധം ശക്തമാക്കുന്നതിനും കൂടുതല്‍ മേഖലകളില്‍ സഹകരണം സാധ്യമാക്കുന്നതിനും സഹായകമാകുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.