ദുബൈയിൽ റിയൽ എസ്റ്റേറ്റ് നിക്ഷേപത്തിൽ ഇന്ത്യൻ കുതിപ്പ്
text_fieldsദുബൈ: കഴിഞ്ഞ വർഷം ദുബൈയിലെ റിയൽ എസ്റ്റേറ്റ് രംഗത്ത് നിക്ഷേപം നടത്തിയവരിൽ ഒന്നാം സ്ഥാനം നേടി ഇന്ത്യൻ സംരംഭകർ. റഷ്യയെ മറികടന്നാണ് ഇന്ത്യ ഒന്നാമതായത്. യു.എ.ഇയിലെ പ്രമുഖ പ്രോപ്പർട്ടി ബ്രാൻഡായ ബെറ്റർ ഹോംസാണ് 2023ലെ റിയൽ എസ്റ്റേറ്റ് രംഗത്തെ നിക്ഷേപ കണക്കുകൾ പുറത്തുവിട്ടത്. ഇതുപ്രകാരം റഷ്യയും ബ്രിട്ടനുമാണ് പട്ടികയിൽ യഥാക്രമം രണ്ടും മൂന്നും സ്ഥാനത്ത്. 2022ൽ റഷ്യക്കും ബ്രിട്ടനും പിന്നിൽ മൂന്നാം സ്ഥാനത്തായിരുന്നു ഇന്ത്യയുടെ സ്ഥാനം. കഴിഞ്ഞ വർഷം ഇന്ത്യയിൽനിന്നുള്ള നിക്ഷേപത്തിൽ അഭൂതപൂർവമായ വളർച്ചയുണ്ടായതാണ് റഷ്യയെ മറികടന്ന് ഒന്നാം സ്ഥാനത്തേക്ക് ഉയരാൻ കാരണമെന്നും ബെറ്റർ ഹോംസ് പറയുന്നു.
2022-23 വർഷങ്ങളിൽ ദുബൈയിലെ റിയൽ എസ്റ്റേറ്റ് രംഗത്ത് വൻ ഡിമാൻഡ് പ്രകടമായിരുന്നു. ഇത് വീടുകൾക്കും അപ്പാർട്മെന്റുകൾക്കും റെക്കോഡ് വില വർധനക്കും കാരണമായി. ഉയർന്ന വരുമാനമുള്ളവരുടെ കുടിയേറ്റം വ്യാപിച്ചതും എമിറേറ്റിലെ പ്രവാസി തൊഴിലാളികളുടെ എണ്ണം വർധിച്ചതുമാണ് ഇതിന് കാരണം. അതോടൊപ്പം ഉയർന്ന മൂലധനവും വാടക വരുമാനവും വിദേശികളായ നിക്ഷേപകരെ ദുബൈയിലേക്ക് ആകർഷിക്കുകയും ശതകോടി ദിർഹം റിയൽ എസ്റ്റേറ്റ് രംഗത്ത് നിക്ഷേപിക്കാൻ പ്രേരണയാകുകയും ചെയ്തുവെന്നും ബെറ്റർ ഹോംസ് പറയുന്നു. സുരക്ഷ, മികച്ച ജീവിതശൈലി, നികുതി കാര്യക്ഷമത, ബിസിനസ് സൗഹൃദപരമായ അന്തരീക്ഷം തുടങ്ങിയവയും നിക്ഷേപങ്ങൾ വർധിക്കാൻ ഇടയാക്കി. 2023ൽ ദുബൈയിലെ വില്ലകളുടെ വിലയിൽ 15 മുതൽ 30 ശതമാനം വരെ വില വർധിച്ചപ്പോൾ അപ്പാർട്മെന്റ് രംഗത്ത് എട്ടു മുതൽ 20 ശതമാനം വരെ വർധനയാണുണ്ടായത്.
അതേസമയം, ഈജിപ്ത്, ലബനാൻ, പാകിസ്താൻ, തുർക്കിയ എന്നീ രാജ്യങ്ങളിൽനിന്നുള്ള നിക്ഷേപവും കഴിഞ്ഞ വർഷം കൂടിയിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ 10 പ്രമുഖ നിക്ഷേപകരിൽ നാലാം സ്ഥാനത്താണ് ഈജിപ്ത്. ലബനാൻ, ഇറ്റലി, പാകിസ്താൻ, സ്വദേശികൾ, ഫ്രാൻസ്, ടർക്കിഷ് എന്നിവരാണ് ആദ്യ പത്തിലുള്ള മറ്റു രാജ്യങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.