യു.എ.ഇയിലെ ഇന്ത്യൻ വ്യവസായികൾ ദാവോസിൽ; പുതിയ പ്രഖ്യാപനങ്ങൾ
text_fieldsദാവോസ്: യു.എ.ഇ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഇന്ത്യൻ വ്യവസായികൾ ദാവോസിൽ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തിൽ. വിവിധ രാജ്യങ്ങളിലെ ഭരണാധികാരികളും ഇന്ത്യയിലെ മുഖ്യമന്ത്രിമാരുമെല്ലാം സംബന്ധിക്കുന്ന ഫോറത്തിൽ വിവിധ പ്രഖ്യാപനങ്ങളും നടന്നു. ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസുഫലി, ലുലു ഫിനാൻഷ്യൽ ഹോൾഡിങ്സ് മാനേജിങ് ഡയറക്ടർ അദീബ് അഹ്മദ്, വി.പി.എസ് ഹെൽത്ത്കെയർ ചെയർമാൻ ഡോ. ഷംഷീർ വയലിൽ തുടങ്ങിയവർ പങ്കെടുക്കുന്നുണ്ട്.
കർണാടക മുഖ്യമന്ത്രി ബസവരാജ ബൊമ്മെയുമായി എം.എ. യൂസുഫലി കൂടിക്കാഴ്ച നടത്തി. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ലുലു ഗ്രൂപ് കൂടുതൽ നിക്ഷേപം നടത്തുമെന്ന് യൂസുഫലി പറഞ്ഞു. കർണാടക, തെലങ്കാന, ആന്ധ്ര എന്നിവിടങ്ങളിലെ ഭക്ഷ്യ സംസ്കരണ ഷോപ്പിങ് മാൾ, ഹൈപ്പർ മാർക്കറ്റ് തുടങ്ങിയ മേഖലകളിൽ മുതൽ മുടക്കാനാണ് ഗ്രൂപ് വിഭാവനം ചെയ്യുന്നത്. ദാവോസിലെ ലോക സാമ്പത്തിക ഫോറത്തിൽ ഇതു സംബന്ധിച്ച ധാരണ പത്രങ്ങളിൽ ലുലു ഗ്രൂപ്പും സംസ്ഥാനങ്ങളും ഒപ്പുവെച്ചു. കർണാടകയിലെ ടയർ 2 നഗരങ്ങളിൽ ഹൈപ്പർ മാർക്കറ്റുകൾ, ഭക്ഷ്യ സംസ്കരണ കേന്ദ്രം എന്നിവ തുടങ്ങുന്നതിന് 2,000 കോടി രൂപ നിക്ഷേപിക്കും. ലുലു ഗ്രൂപ് നടത്തുന്ന നിക്ഷേപത്തിലൂടെ കർണാടകയിൽനേരിട്ടും അല്ലാതെയും പതിനായിരത്തിലധികം തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുമെന്ന് കർണാടക മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു. മുഖ്യമന്ത്രി ബൊമ്മെ, വ്യവസായ വകുപ്പ് മന്ത്രി മുരുകേഷ് നിരാനി, എം.എ. യൂസഫലി എന്നിവരുടെ സാന്നിധ്യത്തിൽ ലുലു ഗ്രൂപ് ഇന്ത്യ ഡയറക്ടർ ആനന്ദ് റാം, കർണാടക വ്യവസായ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി ഇ.വി. രമണ എന്നിവർ ധാരണ പത്രത്തിൽ ഒപ്പുവെച്ചു.
തെലങ്കാനയിൽ അത്യാധുനിക ഭക്ഷ്യ സംസ്കരണ കേന്ദ്രം ആരംഭിക്കുന്നതിന് 500 കോടി നിക്ഷേപിക്കാനുള്ള ധാരണ പത്രത്തിൽ ലുലു ഗ്രൂപ് തെലങ്കാന സർക്കാറും തമ്മിൽ ഒപ്പുവെച്ചു. തെലങ്കാന വ്യവസായ മന്ത്രി കെ.ടി. രാമ റാവു യൂസുഫലിയുമായി നടത്തിയ ചർച്ചയിലാണ് തീരുമാനമായത്. മഹാരാഷ്ട്ര ടൂറിസം മന്ത്രി ആദിത്യ താക്കറെയുമായും യൂസുഫലി കൂടിക്കാഴ്ച നടത്തി. മഹാരാഷ്ടയിൽ മുതൽമുടക്കുവാൻ മഹാരാഷ്ട്ര മന്ത്രിതല സംഘം യൂസുഫലിയോട് അഭ്യർഥിച്ചു.
യുക്രെയ്ൻ അഭയാർഥികളായ 50 കുട്ടികളുടെ മൂലകോശ മാറ്റിവെക്കലിന് സഹായം നൽകുമെന്ന് ദാവോസിൽ വി.പി.എസ് ചെയർമാൻ ഡോ. ഷംഷീർ വയലിൽ പ്രഖ്യാപിച്ചു. യുദ്ധമേഖലയിലെ അർബുദ രോഗബാധിതരായ കുട്ടികൾക്ക് ചികിത്സ ലഭ്യമാക്കാൻ ലക്ഷ്യമിട്ടാണ് പ്രഖ്യാപനം. ഒരു മൂലകോശം മാറ്റിവെക്കൽ ചികിത്സക്ക് യു.എ.ഇയിൽ 2.20 ലക്ഷം ദിർഹമാണ് (46 ലക്ഷം രൂപ) ചെലവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.