തൊഴിലാളികൾക്ക് ലൈഫ് ഇൻഷുറൻസ് പദ്ധതിയുമായി ഇന്ത്യൻ കോൺസുലേറ്റ്
text_fieldsദുബൈ: യു.എ.ഇയിലെ ഇന്ത്യക്കാരായ ബ്ലൂകോളർ തൊഴിലാളികൾക്ക് ലൈഫ് ഇൻഷുറൻസ് പോളിസി പദ്ധതിയുമായി ദുബൈയിലെ ഇന്ത്യൻ കോൺസുലേറ്റ്. 37 ദിർഹം വാർഷിക പ്രീമിയം അടച്ചാൽ അപകടത്തിലോ സ്വാഭാവികമായോ മരണപ്പെടുന്ന പ്രവാസിയുടെ ബന്ധുക്കൾക്ക് 35,000 ദിർഹം വരെ സാമ്പത്തിക സഹായം ലഭിക്കുമെന്നതാണ് പദ്ധതിയുടെ ഏറ്റവും വലിയ സവിശേഷത. 24 മണിക്കൂർ ആഗോള പരിരക്ഷയും ഇൻഷുറൻസ് ഉറപ്പുനൽകുന്നുണ്ട്. പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് 12,000 ദിർഹം വരെ സഹായം ലഭിക്കും. അപകടത്തിൽ ഭാഗികമായോ പൂർണമായോ അംഗവൈകല്യം സംഭവിച്ചാലും ഇൻഷുറൻസ് പരിരക്ഷ വാഗ്ദാനം ചെയ്യുന്നു. 18 മുതൽ 70 വയസ്സുവരെയുള്ളവർക്ക് ഗുണഭോക്താക്കളാകാം.
മൂന്ന് പ്ലാനുകളിലായാണ് ഇൻഷുറൻസ് കവറേജ്. 35,000 ദിർഹത്തിന്റെ പ്ലാനിൽ 37 ദിർഹമാണ് വാർഷിക പ്രീമിയം. 50,000 ദിർഹത്തിന്റെ കവറേജിന് 50 ദിർഹവും 75,000 ദിർഹത്തിന്റെ കവറേജിന് 72 ദിർഹവുമാണ് വാർഷിക പ്രീമിയം.
ഇന്ത്യയിലെ പ്രമുഖ ഇൻഷുറൻസ് കമ്പനികളായ ഖർഗാസ് ഇൻഷുറൻസ് സർവിസസ് എൽ.എൽ.സി, ഓറിയന്റ് ഇൻഷുറൻസ് പി.ജെ.എസ്.സി എന്നീ കമ്പനികളാണ് പദ്ധതി അവതരിപ്പിച്ചതെന്ന് ഇന്ത്യൻ കോൺസുലേറ്റ് വാർത്തക്കുറിപ്പിൽ അറിയിച്ചു. ലൈഫ് ഇൻഷുറൻസ് പ്ലാൻ മാർച്ച് ഒന്നിന് പ്രാബല്യത്തിൽ വരും. ഇൻഷുറൻസിന്റെ പരിധികളും മറ്റ് നിബന്ധനകളും സംബന്ധിച്ച് അതത് കമ്പനികളുമായി ചർച്ച ചെയ്ത് തീരുമാനിക്കണം. കൂടുതൽ വിവരങ്ങൾക്ക് lifeprotect@gargashinusurance.com എന്ന ഇ-മെയിൽ വിലാസത്തിലോ 0527172944/0526167787 എന്ന നമ്പറുകളിലോ ബന്ധപ്പെടാം.
യു.എ.ഇയിലെ ഇന്ത്യൻ തൊഴിൽ സമൂഹത്തിന്റെ ക്ഷേമത്തിനാണ് കോൺസുലേറ്റ് പ്രാധാന്യം നൽകുന്നതെന്ന് പദ്ധതി പ്രഖ്യാപിച്ചുകൊണ്ട് കോൺസൽ ജനറൽ സതീഷ് കുമാർ ശിവൻ പറഞ്ഞു. 35 ലക്ഷം ഇന്ത്യക്കാർ യു.എ.ഇയിൽ തൊഴിൽ ചെയ്യുന്നുണ്ടെന്നാണ് കണക്ക്. ഇതിൽ 65 ശതമാനം പേരും ബ്ലൂ കോളർ തൊഴിലാളികളാണ്. യു.എ.ഇയിലെ ഏറ്റവും വലിയ തൊഴിൽ വിഭാഗമാണിത്. 2022ൽ ദുബൈ ഇന്ത്യൻ കോൺസുലേറ്റിൽ 1,750 മരണ കേസുകളാണ് രജിസ്റ്റർ ചെയ്തത്. ഇതിൽ ഏകദേശം 1,100 പേർ തൊഴിലാളികളാണ്. 2023ൽ ആകെ രജിസ്റ്റർ ചെയ്ത1,513 മരണങ്ങളിൽ1,000 എണ്ണം തൊഴിലാളികളുടെതാണ്. ഇതിൽ 90 ശതമാനത്തിലധികവും മരണകാരണം സ്വാഭാവികമാണെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും കോൺസൽ ജനറൽ പറഞ്ഞു. കമ്പനികൾ ജീവനക്കാരുടെ പേരിൽ ആരോഗ്യ ഇൻഷുറൻസ് എടുക്കാറുണ്ടെങ്കിലും സ്വാഭാവിക മരണത്തിന് ബന്ധുക്കൾക്ക് സാമ്പത്തിക സഹായം ലഭിക്കാറില്ല. ഈ സാഹചര്യത്തിലാണ് ലൈഫ് ഇൻഷുറൻസ് പദ്ധതി അവതരിപ്പിച്ചതെന്നും കോൺസൽ ജനറൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.