തസ്നീം അസ്ലമിന് ഇന്ത്യൻ എംബസിയുടെ അഭിനന്ദനം
text_fieldsദുബൈ: യു.എ.ഇയുടെ ഗോൾഡൻ വിസ നേടിയ മലയാളി വിദ്യാർഥിനി തസ്നീം അസ്ലമിന് യു.എ.ഇ ഇന്ത്യൻ എംബസിയുടെ അഭിനന്ദനം.യു.എ.ഇയുെട പത്ത് വർഷ ഗോൾഡൻ വിസ ലഭിക്കുന്ന ആദ്യ മലയാളി വിദ്യാർഥിനിയാണ് ഈ ആലപ്പുഴക്കാരി. തസ്നീം അസ്ലമിന് അഭിനന്ദനങ്ങൾ എന്ന് ഇന്ത്യൻ എംബസി ട്വിറ്ററിൽ കുറിച്ചു.വിദേശകാര്യ മന്ത്രാലയം, ഇന്ത്യൻ കോൺസുലേറ്റ്, കോൺസുൽ ജനറൽ എന്നിവയെ ടാഗ് ചെയ്താണ് അഭിനന്ദനം അറിയിച്ചത്. തസ്നീമിന് ഗോൾഡൻ വിസ ലഭിച്ച വാർത്ത 'ഗൾഫ് മാധ്യമം' റിപ്പോർട്ട് ചെയ്തിരുന്നു.
വാർത്ത വന്നതിന് പിന്നാലെ തസ്നീമിന് വിവിധ മേഖലകളിൽനിന്ന് അഭിനന്ദനപ്രവാഹമാണ്. നാട്ടിലെയും യു.എ.ഇയിലെ സുഹൃത്തുക്കളും സംഘടനകളും അഭിനന്ദനം അറിയിച്ച് വിളിച്ചു. പ്രമുഖ വ്യക്തിത്വങ്ങൾക്ക് യു.എ.ഇ നൽകുന്ന ഗോൾഡൻ വിസ ബുധനാഴ്ചയാണ് തസ്നീമിന് ലഭിച്ചത്. ഷാർജയിൽ താമസിക്കുന്ന ആലപ്പുഴ ചന്തിരൂർ അൽസനാബിലിൽ മുഹമ്മദ് അസ്ലമിെൻറയും സുനിതയുടെയും മകളാണ്. കഴിഞ്ഞ വർഷം ഷാർജ അൽഖാസിമിയ യൂനിവേഴ്സിറ്റിയിൽനിന്ന് ഇസ്ലാമിക് ശരീഅയിൽ ഡിഗ്രിയിൽ ഒന്നാം റാങ്ക് നേടിയതാണ് തസ്നീമിെൻറ നേട്ടത്തിന് കാരണമായത്.
ഖുർആൻ മനഃപാഠമാക്കിയ തസ്നീം ഷാർജ യൂനിവേഴ്സിറ്റിയിൽ തന്നെ ഫിഖ്ഹിൽ (ഇസ്ലാമിക കർമശാസ്ത്രം) പി.ജിക്ക് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ബുധനാഴ്ചയാണ് ഗോൾഡൻ വിസ ലഭിച്ചത്. നാല് വർഷത്തെ ബിരുദ പഠനം പൂർത്തിയാക്കിയപ്പോൾ 72 രാജ്യങ്ങളിലെ വിദ്യാർഥികളെ മറികടന്നാണ് ഒന്നാം റാങ്ക് സ്വന്തമാക്കിയത്.
പഠനത്തിനിടയിലും ഷാർജ സർക്കാറിെൻറ ഖുർആൻ ആൻഡ് സുന്ന ഡിപാർട്ട്മെൻറിൽ അധ്യാപികയായി ജോലിചെയ്യുന്നുണ്ട്. ഡിഗ്രി രണ്ടാം വർഷം മുതൽ ഇവിടെ പഠിപ്പിക്കുന്നു. സാമൂഹിക സേവന പ്രവർത്തനങ്ങളിലും തൽപരയാണ് തസ്നീം. ഷാർജ റെഡ് ക്രസൻറിലെ സജീവ അംഗമാണ്. ഷാർജ സോഷ്യൽ സർവിസ് ഡിപാർട്ട്മെൻറിെൻറ പ്രവർത്തനങ്ങളിൽ വളൻറിയറായും പ്രവർത്തിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.