ദുബൈയിൽ ഇന്ത്യൻ നിക്ഷേപം കുത്തനെ വർധിക്കുന്നു
text_fieldsദുബൈ: യു.എ.ഇയുമായി സാമ്പത്തിക ബന്ധം ശക്തമായതോടെ ഇന്ത്യയിൽനിന്ന് നിരവധി നിക്ഷേപകർ ദുബൈയിലെത്തുന്നു. കഴിഞ്ഞ വർഷം ചേംബർ ഓഫ് കോമേഴ്സിൽ ചേർന്ന കമ്പനികളിൽ ഏറ്റവും കൂടുതൽ ഇന്ത്യക്കാരുടേതാണെന്ന് അധികൃതർ വെളിപ്പെടുത്തി.
2023ൽ മൊത്തം 15,481 ഇന്ത്യൻ ഉടമസ്ഥതയിലുള്ള പുതിയ കമ്പനികളാണ് ദുബൈ ചേംബേഴ്സിന്റെ കുടക്കീഴിൽ പ്രവർത്തിക്കുന്ന മൂന്ന് ചേംബറുകളിലൊന്നായ ദുബൈ ചേംബർ ഓഫ് കോമേഴ്സിൽ ചേർന്നിട്ടുള്ളത്. ഇത് മുൻവർഷത്തെ അപേക്ഷിച്ച് 38 ശതമാനം വാർഷിക വളർച്ചയാണെന്നും അധികൃതർ വെളിപ്പെടുത്തി.
ഇന്ത്യൻ ബിസിനസുകൾക്കും നിക്ഷേപകർക്കും ഇടയിൽ ദുബൈ പ്രധാന ആകർഷണ കേന്ദ്രമാണെന്ന കാര്യം അടിവരയിടുന്നതാണ് കണക്കുകൾ. സമഗ്ര സാമ്പത്തിക സഹകരണ കരാർ (സെപ) ഒപ്പുവെച്ചതടക്കം യു.എ.ഇയും ഇന്ത്യയും തമ്മിലെ സാമ്പത്തിക ബന്ധം ശക്തിപ്പെട്ട സാഹചര്യത്തിലാണ് വളർച്ചയെന്നാണ് വിലയിരുത്തപ്പെടുന്നത്.
കഴിഞ്ഞ വർഷം പുതിയ കമ്പനി അംഗത്വത്തിന്റെ കാര്യത്തിൽ രണ്ടാം സ്ഥാനത്ത് പാകിസ്താനാണുള്ളത്. 8,036 പുതിയ പാകിസ്താനി ബിസിനസുകളാണ് ചേർന്നത്. പട്ടികയിൽ 4,837 പുതിയ അംഗങ്ങൾ രജിസ്റ്റർ ചെയ്ത് ഈജിപ്ത് മൂന്നാം സ്ഥാനത്താണ്.
കഴിഞ്ഞ ഒരു വർഷത്തിനിടയിൽ ദുബൈ വിവിധ രാജ്യങ്ങളിൽ നിന്നും മേഖലകളിൽ നിന്നും തുടർച്ചയായി നേരിട്ടുള്ള വിദേശ നിക്ഷേപം ആകർഷിച്ചതായി ദുബൈ ചേംബേഴ്സിന്റെ പ്രസിഡൻറും സി.ഇ.ഒയുമായ മുഹമ്മദ് അലി റഷീദ് ലൂത്ത പറഞ്ഞു. ബിസിനസ് പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിനും എമിറേറ്റിലെ കമ്പനികളുടെ മത്സരക്ഷമത വർധിപ്പിക്കുന്ന പ്രത്യേക മൂല്യവർധിത സേവനങ്ങൾ നൽകുന്നതിനും ചേംബർ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2023ൽ ദുബൈ ചേംബർ ഓഫ് കോമേഴ്സിൽ രജിസ്റ്റർ ചെയ്ത പുതിയ കമ്പനികളിൽ ഭൂരിഭാഗവും മോട്ടോർ വാഹന മേഖലയിലെ മൊത്ത, ചില്ലറ വ്യാപാരത്തിലും അറ്റകുറ്റപ്പണികളിലും പ്രവർത്തിക്കുന്നതാണ്. പുതിയ അംഗത്വത്തിന്റെ 44.2 ശതമാനമാണിത്. റിയൽ എസ്റ്റേറ്റ്, വാടക, ബിസിനസ് പ്രവർത്തന മേഖലകളിൽ നിന്നുള്ള കമ്പനികളാണ് പിന്നാലെയുള്ളത്.
ഇവ മൊത്തം 32 ശതമാനത്തെ പ്രതിനിധാനം ചെയ്യുന്നു. മൊത്തം പുതിയ കമ്പനികളിൽ 8.3 ശതമാനം നിർമാണ മേഖലയിലുള്ളതാണ്. അതേസമയം ഗതാഗതം, സംഭരണം, ആശയവിനിമയ മേഖലകളിലെ കമ്പനികൾ ചേംബർ അംഗങ്ങളായി ചേരുന്നവയിൽ 8.1 ശതമാനമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.