യു.എ.ഇയിൽ ഇന്ത്യൻ ജനസംഖ്യ 35 ലക്ഷം കടന്നു
text_fieldsദുബൈ: യു.എ.ഇയിൽ ഇന്ത്യക്കാരായ പ്രവാസികളുടെ എണ്ണം 35 ലക്ഷം കടന്നു. 2022ൽ യു.എ.ഇയിൽ ഇന്ത്യൻ പ്രവാസികളുടെ എണ്ണം 34,19000 ആയിരുന്നു. ഈ വർഷം 1.3 ലക്ഷം പേർ കൂടി എത്തിയതോടെയാണ് ആകെ ഇന്ത്യക്കാരുടെ എണ്ണം 35,54,000 ആയി ഉയർന്നത്. ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ ശനിയാഴ്ച ലോക്സഭയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
യു.എ.ഇ, സൗദി അറേബ്യ, കുവൈത്ത്, ഖത്തർ, ഒമാൻ എന്നീ രാജ്യങ്ങളിൽ മാത്രമായി നിലവിൽ 7.93 ദശലക്ഷം ഇന്ത്യക്കാർ ജീവിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.
പുറംരാജ്യങ്ങളിൽ ജോലി അന്വേഷിക്കുന്ന ഇന്ത്യക്കാരുടെ പ്രധാന ലക്ഷ്യങ്ങളിൽ ഒന്നാണ് യു.എ.ഇ. ഇന്ത്യക്കാരായ പ്രവാസി തൊഴിലാളികളുടെ വർധിച്ചുവരുന്ന ആവശ്യങ്ങൾ നിറവേറ്റുന്നതിനായി കേന്ദ്ര സർക്കാർ ദുബൈ, റിയാദ്, ജിദ്ദ, ക്വാലാലംപുർ എന്നിവിടങ്ങളിൽ വിദേശ ഇന്ത്യൻ സഹായ കേന്ദ്രങ്ങൾ സ്ഥാപിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
അതേസമയം, രാജ്യം 77ാം സ്വാതന്ത്ര്യദിനം ആഘോഷിക്കാൻ ഒരുങ്ങുമ്പോൾ, വിദേശ രാജ്യങ്ങളിലേക്കുള്ള ഇന്ത്യക്കാരായ പ്രഫഷനലുകളുടെ പലായനം 1.4 ശതകോടി സാമ്പത്തികശക്തിയുള്ള രാജ്യത്തിന്റെ വികസനത്തെ മന്ദഗതിയിലാക്കുന്ന ഒരു ‘മസ്തിഷ്ക ചോർച്ച’ക്ക് തുല്യമാണോ എന്നതിനെക്കുറിച്ചുള്ള ആശങ്കകൾ നിലനിൽക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.