തകർന്നുവീണ് ഇന്ത്യൻ രൂപ; പ്രവാസികൾക്ക് ആശ്വാസം
text_fieldsഅബൂദബി: യു.എസ് ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യത്തിൽ റെക്കോഡ് തകർച്ച. ഇതിന്റെ ഫലമായി യു.എ.ഇ ദിര്‍ഹവുമായുള്ള രൂപയുടെ മൂല്യത്തിലും വൻ ഇടിവ് രേഖപ്പെടുത്തി.
വ്യാഴാഴ്ച ഒരു ഡോളറിന് 84.4275 രൂപയാണ് നിരക്ക്. ഇതിന് പിന്നാലെ ദിർഹവുമായുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് ഒരു ദിർഹമിന് 23.0047 രൂപയായി. വ്യാപാരത്തിന്റെ തുടക്കത്തിൽ രൂപയുടെ ഇടിവ് പ്രകടമായിരുന്നെങ്കിലും റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഇടപെടലാണ് മൂല്യ നഷ്ടം കുറക്കാൻ സഹായിച്ചത്.
ഇന്ത്യൻ ഓഹരി സൂചികകളായ ബി.എസ്.ഇ സെൻസെക്സ് വൻ നഷ്ടം നേരിട്ടു. അദാനി ഗ്രൂപ് ചെയർമാനെതിരായ യു.എസ് അറസ്റ്റ് വാറന്റാണ് ഓഹരി വിപണികളെ കാര്യമായി ബാധിച്ചത്. ഇത് ഇന്ത്യൻ ഓഹരി വിപണികളെയും സമ്മർദത്തിലാക്കി. അതേസമയം, മൂന്ന് ദിവസമായി നഷ്ടം നേരിട്ട യു.എസ് ഡോളർ വ്യാഴാഴ്ച കരുത്തുകാട്ടി.
ദിർഹവുമായുള്ള മൂല്യമിടിഞ്ഞതോടെ പ്രവാസികൾ നാട്ടിലേക്ക് പണമയക്കാനുള്ള നെട്ടോട്ടത്തിലാണ്. പശ്ചിമേഷ്യൻ സംഘർഷം തുടരുന്നതും റഷ്യ-യുക്രെയ്ൻ യുദ്ധം പുതിയ തലത്തിലേക്ക് കടന്നതുമാണ് വിപണികളെ കാര്യമായി ബാധിച്ചത്.
പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ ഉൾപ്പെടെയുള്ള നിരവധി കാരണങ്ങളാണ് ഇന്ത്യന്‍ രൂപയുടെ മൂല്യശോഷണത്തിന് വഴിവെക്കുന്നത്. വരും ദിവസങ്ങളിലും രൂപയുടെ മൂല്യത്തില്‍ ഇടിവുണ്ടായേക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ കണക്കുകൂട്ടല്‍. യു.എസ് ഡോളർ ശക്തിപ്പെടുന്നതാണ് ഇന്ത്യന്‍ രൂപക്ക് തിരിച്ചടിയാകുന്നതെന്നാണ് വിലയിരുത്തൽ. ഡോളർ ശക്തിപ്പെടുന്നതിന് നിരവധി കാരണങ്ങളുണ്ട്.
പലിശനിരക്ക് ഉയർത്തിയതോടെ വിദേശ വിപണിയില്‍ നിന്ന് യു.എസ് വിപണിയിലേക്ക് പണം ഒഴുകുന്നു. കഴിഞ്ഞ ഒരാഴ്ച ഇന്ത്യന്‍ ഓഹരി വിപണിയില്‍ കണ്ട പ്രവണതയെന്തെന്നാല്‍, ഫോറിന് ഇന്‍സ്റ്റിറ്റ്യൂഷനല്‍ ഇന്‍വെസ്റ്റേഴ്സ് സ്റ്റോക്ക് വില്പന നടത്തുകയാണ്. അതുകൊണ്ടുതന്നെ ഡോളറിന് ആവശ്യകത വർധിച്ചു. ഇന്ത്യന്‍ രൂപയുടെ മൂല്യത്തില്‍ ഇനിയും ഇടിവുണ്ടായേക്കുമെന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.