ഒരു ദിർഹമിന് 24രൂപ! പ്രവാസികളെ കൊതിപ്പിച്ച് പറ്റിച്ച് ഗൂഗ്ൾ
text_fieldsദുബൈ: നാട്ടിലേക്ക് പണമയക്കാൻ പ്രവാസികൾ രൂപയുടെ മൂല്യം കൂടുന്നതും കാത്തിരിക്കുന്നത് സാധാരണയാണ്. ഈ മാസം തുടക്കം പുതൽ യു.എ.ഇ ദിർഹമിന് 20രൂപയിൽ താഴെയാണ് മൂല്യം. നിരക്ക് 20കടന്നാൽ പണമയക്കാമെന്ന് കരുതി കാത്തിരിക്കുന്ന പ്രവാസികൾ ബുധനാഴ്ച ഉച്ചയോടെ ഗൂഗ്ളിൽ തപ്പിയപ്പോൾ കണ്ണുതള്ളി. കാരണം 24.72 രൂപയാണ് ഒരു ദിർഹമിന് ഗൂഗ്ൾ കാണിച്ചത്. സർവകാല റെക്കോർഡ് പിന്നിട്ട് നിരക്ക് കുതിച്ചുയർന്നത് കണ്ടപ്പോൾ പലരും പണമയക്കാൻ ഒരുങ്ങി. എന്നാൽ ഗൂ്ഗ്ൾ വിവരം വ്യാജമാണെന്ന് മണി എക്സ്ചേഞ്ചുകാരെ വളിച്ചപ്പോഴാണ് പലരുമറിഞ്ഞത്.
രൂപയുടെ മൂല്യം 'കൂടിയത്' പ്രവാസികൾക്കിടയിൽ കാട്ടുതീപോലെ വ്യാപിച്ചത് എക്സ്ചേഞ്ചുകാർക്കും തലവേദനയായി. കൂടിയ നിരക്കിൽ പണമയക്കാൻ നിരവധിപേരാണ് ഇവരെ വിളിച്ചത്. ഇന്ത്യൻ രൂപക്കൊപ്പം പാകിസ്താൻ രൂപക്കും ഗൂഗ്ൾ നിരക്ക് കൂട്ടിക്കാണിച്ചതോടെ ആ നാട്ടുകാരും എക്സ്ചേഞ്ചുകളിലേക്ക് വിളി തുടങ്ങി. പൊറുതിമുട്ടിയ എകസ്ചേഞ്ചുകാർ ഗൂഗ്ളിൽ നിരക്ക് മാറ്റാൻ ആരെയാണ് വിളിക്കേണ്ടതെന്നറിയാതെ കുഴങ്ങി. ഗൂഗ്ൾ നിരക്കാണെങ്കിൽ 24ൽ നിന്ന് 23ലേക്കും പിന്നീട് വീണ്ടും 24ലേക്കും മാറിയും മറിഞ്ഞും നിൽക്കുകയാണ്.
ബാങ്കിൽ പരിശോധന നടത്താതെ ഗൂഗ്ളിനെ മാത്രം ആശ്രയിച്ചാൽ വൻ 'ചതി' പറ്റുമെന്ന പാഠമാണ് പ്രവാസികൾക്ക് മനസിലായത്. ബുധനാഴ്ച 19.90രൂപയാണ് ഒരു ദിർഹമിെൻറ എമിറേറ്റ്സ് എൻ.ബി.ഡി ബാങ്കിലെ നിരക്ക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.