ഇന്ത്യൻ ടീം പരിശീലനം വലിയ ബഹുമതി -ഗൗതം ഗംഭീർ
text_fieldsഅബൂദബി: ഇന്ത്യൻ ടീമിനെ പരിശീലിപ്പിക്കുകയെന്നതിലുപരി ബഹുമതിയില്ലെന്ന് മുൻ ദേശീയ ടീം അംഗവും എം.പിയുമായ ഗൗതം ഗംഭീർ. ഡോ. ഷംഷീർ വയലിലിന്റെ ഉടമസ്ഥതയിലുള്ള ബുർജീൽ ഹോൾഡിങ്സിന്റെ മെഡിയോർ ഹോസ്പിറ്റലിൽ വിവിധ സ്പോർട്സ് അക്കാദമികളിൽ നിന്നുള്ള വിദ്യാർഥികളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യൻ ടീമിന്റെ മുഖ്യ പരിശീലകനായി ഗംഭീറിന്റെ പേര് പരിഗണിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. അതിനിടെയാണ് കുട്ടികളുമായുള്ള സംവാദത്തിനിടെ താരത്തിന്റെ ആദ്യ പ്രതികരണം. ഇന്ത്യൻ ടീമിനെ പരിശീലിപ്പിക്കുമ്പോൾ 140 കോടി ഇന്ത്യക്കാരെയും ലോകമെമ്പാടുമുള്ള ആരാധകരെയുമാണ് പ്രതിനിധാനംചെയ്യുന്നതെന്നും ഗംഭീർ പ്രതികരിച്ചു. ഇന്ത്യ ലോകകപ്പ് നേടാൻ മൈതാനത്തിനകത്തും പുറത്തുമുള്ള എല്ലാവരുടെയും കൂട്ട പരിശ്രമം ആവശ്യമാണ്.
യു.എ.ഇയിൽ വ്യക്തിപരമായ സന്ദർശനത്തിനെത്തിയ ക്രിക്കറ്റ് താരം മെഡിയോർ ഹോസ്പിറ്റലിലെ സ്പോർട്സ് മെഡിസിൻ ഡിപ്പാർട്മെന്റ് സന്ദർശിച്ച് ഏറ്റവും പുതിയ മുന്നേറ്റങ്ങളെക്കുറിച്ച് വിദഗ്ധരുമായി സംവദിച്ചു. കായികതാരങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും മെഡിയോർ ഹോസ്പിറ്റലിലെ സമഗ്രമായ സ്പോർട്സ് മെഡിസിൻ സേവനങ്ങൾ പരിചയപ്പെടുത്തുന്നതിനുമായി സംഘടിപ്പിച്ച പ്രത്യേക പരിപാടിയുടെ ഭാഗമായിരുന്നു ഗംഭീറുമായുള്ള ആശയവിനിമയം. ബുർജീൽ ഹോൾഡിങ്സിന്റെ ഗ്രൂപ് സി.ഒ.ഒ സഫീർ അഹമ്മദ്, സ്പോർട്സ് മെഡിസിൻ വിദഗ്ധൻ ഷിബു വർഗീസ് തുടങ്ങിയവർ ഗംഭീറിനെ അനുഗമിച്ചു.
ഇന്ത്യൻ ടീം ഹെഡ് കോച്ചായി നിയമിച്ചേക്കുമെന്ന റിപ്പോർട്ടുകൾക്കിടെയാണ് അബൂദബി മെഡിയോർ ഹോസ്പിറ്റലിൽ കുട്ടികളുമായുള്ള സംവാദത്തിൽ താരത്തിന്റെ ആദ്യ പ്രതികരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.