യു.എ.ഇയുടെ പിറവി കാമറക്കണ്ണുകളിലൂടെ പകർത്തിയ ഇന്ത്യക്കാരൻ
text_fieldsജീവിതത്തിന്റെ സായാഹ്നത്തിൽ എത്തിനിൽക്കുകയാണ് രമേശ് ശുക്ല. എന്നാൽ യൗവനം നിറഞ്ഞ യു.എ.ഇ എന്ന രാഷ്ട്രത്തിനദ്ദേഹം സ്പെഷൽ വ്യക്തിത്വമാണ്. രാജകുടുംബാംഗങ്ങൾ മുതൽ സ്വദേശികളും വിദേശികളുമെല്ലാം ആദരവോടെ കാണുന്ന മനുഷ്യൻ. കാരണം മറ്റൊന്നുമല്ല. യു.എ.ഇ എന്ന രാഷ്ട്രത്തിന്റെ പിറവി കാമറക്കണ്ണുകളിലൂടെ പകർത്തി ജീവസുറ്റ ഓർമയാക്കി മാറ്റിയ വ്യക്തിത്വമാണ്. ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തികളിലൊന്നായി മാറിയ ഇമാറാത്തിന്റെ പിറവി നേരിൽ ദർശിച്ച ഇന്ത്യക്കാരൻ.
1965യെ നിറയൗവന കാലത്താണ് പത്തേമാരിയിൽ ബോംബെ എന്ന ഇന്നത്തെ മുംബൈ നഗരത്തിൽ നിന്ന് കണ്ണെത്താ ദൂരത്തോളം മണൽ പരപ്പ് നിറന്ന പേർഷ്യൻ ഗൾഫിൽ എത്തുന്നത്. പിതാവ് സമ്മാനിച്ച റോളികോർഡ് കാമറയും തൂക്കി ഷാർജ തീരത്താണ് വന്നിറങ്ങുന്നത്. മൂന്നു വർഷങ്ങൾക്കകം ഫ്രീലാൻസ് ഫോട്ടോഗ്രാഫറെന്ന നിലയിൽ ശ്രദ്ധിക്കപ്പെടാൻ തുടങ്ങി. വികസനത്തിനും കുതിപ്പിനും വെമ്പിനിൽക്കുന്ന ഇമാറാത്തിൽ ഐക്യത്തിനായി പല ആലോചനകളും പുരോഗമിക്കുന്ന കാലമായിരുന്നു.
ദുബൈയുടെ അക്കാലത്തെ ചിത്രങ്ങൾ ധാരാളം പകർത്തി. അങ്ങനെയിരിക്കെ 1971ൽ എമിറേറ്റുകൾ ഒന്നുചേർന്ന് യു.എ.ഇ രൂപീകരിക്കുന്ന കരാറിൽ ഒപ്പുവെക്കുന്ന സദസിൽ രമേശ് ശുക്ലക്ക് പ്രവേശിക്കാനായി. യു.എ.ഇ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ ആൽ നഹ്യാൻ ഐക്യ കാരറിൽ ഒപ്പുവെക്കുമ്പോൾ രണ്ടടി മാത്രം അകലെ കാമറയുമായി അദ്ദേഹമുണ്ടായിരുന്നു.
ശൈഖ് സായിദ് ശ്രദ്ധയോടെ ഒപ്പുവെക്കുന്ന ചിത്രം പകർത്തി. ഒരു പക്ഷേ ഇന്ന് അരനൂറ്റാണ്ട് പിന്നിട്ട യു.എ.ഇയുടെ ചരിത്രത്തിലെ ഏറ്റവും മൂല്യവത്തായ നിമിഷവും ചിത്രവുമാണത്. ഒപ്പുവെക്കലിന് ശേഷം എമിറേറ്റുകളുടെ ഭരണാധികാരികൾ യൂനിയൻ ഹൗസിന് പുറത്ത് പതാക ഉയർത്തി. എല്ലാ എമിറേറ്റുകളുടെയും ഭരണാധികാരികൾ ഒരുമിച്ചു നിൽക്കുന്ന ചിത്രവും പകർത്താൻ അദ്ദേഹത്തിന് കഴിഞ്ഞു. അതും ഐക്കണിക് ചിത്രമായി അവശേഷിക്കുന്നു.
യു.എ.ഇയിൽ എവിടെപ്പോയാലും ശുക്ലയുടെ കാമറക്കണ്ണുകൾ ഒപ്പിയെടുത്ത ചിത്രങ്ങൾ ഇപ്പോൾ കാണാം. എക്സ്പോ 2020ദുബൈ എന്ന ലോകോത്തര മഹാമേള നടന്നപ്പോൾ വിതരണം ചെയ്ത പാസ്പോർട്ടിൽ ചേർത്തത് ശൈഖ് സായിദിന്റെ അദ്ദേഹം പകർത്തിയ ചിത്രമായിരുന്നു. മെട്രോ സ്റ്റേഷനുകളിലും ചരിത്ര മ്യൂസിയങ്ങളിലും സർക്കാർ ഓഫീസുകളിലും തുടങ്ങി എല്ലായിടത്തും ഈ ചിത്രങ്ങളുടെ സാന്നിധ്യമിന്നുണ്ട്.
'റോയൽ ഫോട്ടോഗ്രാഫർ' എന്ന വിളിപ്പേരിൽ വളർന്ന അദ്ദേഹം യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്റേതടക്കം പല പ്രമുഖരുടെയും യൗവന കാലത്തെ ഗംഭീര ചിത്രങ്ങൾ പകർത്തിയിട്ടുണ്ട്. മാത്രമല്ല, യു.എ.ഇയിൽ പലകാലങ്ങളിൽ എത്തിച്ചേർന്ന ലോകനേതാക്കളുടെയും പല അവിസ്മരണീയ ചിത്രങ്ങളും അദ്ദേഹും പകർത്തി.
അതിലൊന്നാണ് എലിസബത്ത് രാജ്ഞി യു.എ.ഇ സന്ദർശിച്ചപ്പോൾ എടുത്ത ചിത്രം. ചുവന്ന പൂക്കൾ ചൂടി നിൽക്കുന്ന ചിത്രം രാജ്ഞിയുടെ വിയോഗ സമയത്ത് ഏറെ പേർ പങ്കുവെക്കുകയുണ്ടായി.
കലയോടും സർഗാത്മകതയോടുമുള്ള അർപ്പണബോധവും ഭാര്യ താരുലതയുടെയും മകൻ നീൽ ശുക്ലയുടെയും പിന്തുണയും ഈ രാജകീയ ചിത്രകാരനെ വളർത്തിയതിൽ വലിയ പങ്കുവഹിച്ചു. യു.എ.ഇയുടെ ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ട ഈ ഫോട്ടോഗ്രാഫറുടെ പ്രദർശനങ്ങൾക്ക് ഇപ്പോഴും ആയിരക്കണക്കിനാളുകളാണ് കാഴ്ചക്കാരായി എത്തുന്നത്.രമേശ്
അതിന് ഒരു കാരണമേയുള്ളൂ, അതിൽ യു.എ.ഇയുടെ വളർച്ചയുടെ ചരിത്രമുണ്ട് എന്നതാണത്. അരനൂറ്റാണ്ടിലേറെ നീണ്ട ഇമറാത്തിലെ ജീവിതത്തിൽ സംതൃപ്തിയോടെ ദുബൈയിൽ കഴിയുകയാണദ്ദേഹം. സംസാരിക്കുന്നവരോട് അദ്ദേഹത്തിന് ഒരു കാര്യമേ പറയാനുള്ളൂ..'വരൂ, നിങ്ങൾ എന്റെ ചിത്രങ്ങൾ കാണൂ, അതിലെന്റെ ജീവിതമുണ്ട്, യു.എ.ഇയുടെ കഴിഞ്ഞ കാലവും'.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.