ഇന്ത്യയുടെ കയറ്റുമതി നിരോധനം: ഗോതമ്പിന് യു.എ.ഇയിൽ വിലകൂടി
text_fieldsദുബൈ: ഇന്ത്യയുടെ ഗോതമ്പ് കയറ്റുമതി നിരോധനം യു.എ.ഇയിൽ വിലവർധനക്ക് കാരണമായതായി വ്യാപാര രംഗത്തെ വിദഗ്ധർ. ഉൽപാദനം കുറഞ്ഞതും റഷ്യ-യുക്രെയ്ൻ യുദ്ധവും കാരണമായി ആഭ്യന്തര വിപണിയിൽ വിലക്കയറ്റം ഉണ്ടാകുന്നത് തടയാനാണ് മേയ് 14 മുതൽ ഇന്ത്യ കയറ്റുമതി തടഞ്ഞത്. യുക്രെയ്ൻ യുദ്ധം തുടങ്ങിയ ശേഷം ഈ വർഷം 10 മുതൽ 15ശതമാനം വരെയാണ് യു.എ.ഇയിൽ വില വർധിച്ചിട്ടുള്ളത്. യുക്രെയ്നും റഷ്യയും ലോകത്ത് ഏറ്റവും വലിയ ഗോതമ്പ് കയറ്റുമതി രാജ്യങ്ങളാണ്. ഇവിടെ നിന്ന് കയറ്റുമതി പൂർണമായും തടസ്സപ്പെട്ടതോടെ ഇന്ത്യയടക്കമുള്ള പ്രധാന രാജ്യങ്ങളെയാണ് മിക്ക രാജ്യങ്ങളും ആശ്രയിച്ചത്. ഇതോടെയാണ് ഇന്ത്യൻ ആഭ്യന്തര വിപണിയിലും വിലക്കയറ്റമുണ്ടായത്.
എന്നാൽ യു.എ.ഇയും സൗദി അറേബ്യയും അടക്കമുള്ള രാജ്യങ്ങൾക്ക് നിരോധനം ബാധിക്കാതെ ഇന്ത്യയിൽ നിന്ന് ഗോതമ്പ് ലഭ്യമാക്കുമെന്ന് റിപ്പോർട്ടുണ്ട്. സർക്കാറുകൾ തമ്മിലുള്ള ധാരണ പ്രകാരം ഗോതമ്പ് കയറ്റുമതിക്ക് സാധ്യത അടച്ചിട്ടില്ലെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി പിയൂഷ് ഗോയൽ ലോകസാമ്പത്തിക ഫോറത്തിൽ പ്രസ്താവിച്ചിട്ടുണ്ട്. അങ്ങനെയെങ്കിൽ വില കുറയാനും സാധ്യതയുണ്ട്. യു.എ.ഇ ഗോതമ്പിന്റെ ഇന്ത്യയിലെ മൂന്നാമത്തെ വലിയ കയറ്റുമതി വിപണിയാണ്. ഇന്ത്യയിൽ നിന്ന് 2020-21ൽ 3,30,707മെട്രിക് ടൺ ഗോതമ്പാണ് യു.എ.ഇയിലേക്ക് ഇറക്കുമതി ചെയ്തത്. ആസ്ട്രേലിയ, പാകിസ്താൻ എന്നീ രാജ്യങ്ങളിൽ നിന്നും യു.എ.ഇ ഗോതമ്പ് ഇറക്കുമതി ചെയ്യുന്നുണ്ട്.
പാകിസ്താനിൽ നിലവിൽ തന്നെ ഗോതമ്പ് ആവശ്യത്തിന് ലഭ്യമല്ലാത്ത സാഹചര്യമാണ്. ഈ സാഹചര്യത്തിൽ ആസ്ട്രേലിയ മാത്രമാണ് ബദലായിട്ടുള്ളത്. ആഗോള തലത്തിൽ തന്നെ ഭക്ഷ്യ വസ്തുക്കളുടെ കയറ്റുമതിയിലും ഇറക്കുമതിയിലും മാറ്റമുണ്ടായെങ്കിലും യു.എ.ഇ വിപണിയിലെ ലഭ്യതയെ ഇത് ബാധിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.