സ്വകാര്യ മേഖലകളിൽ സ്വദേശിവത്കരണം: സമയപരിധി നീട്ടി
text_fieldsദുബൈ: സ്വകാര്യമേഖലകളിൽ സ്വദേശിവത്കരണം നടപ്പാക്കാനുള്ള സമയപരിധി ജൂലൈ ഏഴിലേക്ക് നീട്ടി. നേരത്തെ ജൂൺ 30 ആയിരുന്നു അവസാന തീയതി. ജൂൺ 27 മുതൽ നാല് ദിവസം ഈദുൽ അദ്ഹ അവധിയും തുടർന്നുള്ള രണ്ട് ദിവസം ശനിയും ഞായറും വന്നതോടെയാണ് പദ്ധതി നടപ്പാക്കുന്നതിന് ഒരാഴ്ചകൂടി സമയം അനുവദിക്കാൻ മാനവവിഭവശേഷി, സ്വദേശിവത്കരണ മന്ത്രാലയം തീരുമാനിച്ചത്.
ജൂൺ എട്ടിന് ശേഷം പദ്ധതി നടപ്പിലാക്കിയില്ലെങ്കിൽ 42,000 ദിർഹം പിഴ നൽകേണ്ടി വരുമെന്നും മന്ത്രാലയം പുറത്തിറക്കിയ അറിയിപ്പിൽ വ്യക്തമാക്കി. 50ൽ താഴെ ജീവനക്കാരുള്ള കമ്പനികൾക്ക് പദ്ധതി ബാധകമല്ല.
യു.എ.ഇ പൗരൻമാർക്കായി മത്സരാധിഷ്ഠിത തൊഴിൽ സൃഷ്ടിക്കുന്നതിനും സ്വകാര്യ മേഖലയുടെ സഹകരണത്തിലൂടെ അവരുടെ നിപുണത വികസിപ്പിക്കുന്നതോടൊപ്പം കൂടുതൽ തൊഴിൽ അവസരങ്ങൾ ഉണ്ടാക്കുന്നതിനും കൂടിയാണ് ഇത്തരമൊരു പദ്ധതി നടപ്പിലാക്കുന്നതെന്ന് മന്ത്രാലയം വിശദീകരിച്ചു.
50തോ അതിലധികമോ ജീവനക്കാരുള്ള സ്വകാര്യ സ്ഥാപനങ്ങൾ ഓരോ വർഷവും രണ്ടു ശതമാനം വീതമാണ് സ്വദേശിവത്കരണം നടപ്പാക്കേണ്ടത്. ഇത്തരത്തിൽ 2026 ഓടെ സ്വദേശിവത്കരണം 10 ശതമാനമായി വർധിപ്പിക്കും. വർഷത്തിൽ 12,000 സ്വദേശികൾക്ക് ജോലി ലഭ്യമാക്കുകയാണ് ലക്ഷ്യം. നിലവിൽ 50 തൊഴിലാളികൾക്ക് ഒരാൾ എന്ന നിലയിലാണ് സ്വദേശി നിയമനം നടത്തേണ്ടത്.
ഒരു തൊഴിലാളിയെ നിയമിക്കാത്ത സ്ഥാപനങ്ങൾ മാസത്തിൽ 6000 ദിർഹം വീതം വർഷം 72,000 ദിർഹം പിഴ അടക്കണം. ഈ തുക സ്വദേശികൾക്ക് നൽകും. ജീവനക്കാരുടെ എണ്ണമനുസരിച്ച് പിഴത്തുക വർധിക്കും. അതേസമയം, വർക്ക് പെർമിറ്റ് ലഭിച്ച ശേഷവും ലഭിച്ച ജോലിയിൽ പ്രവേശിക്കാത്ത സ്വദേശി ജീവനക്കാർ 20,000 ദിർഹം പിഴ നൽകേണ്ടിവരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.