സ്വദേശിവത്കരണം; പിഴ 84,000 ദിർഹം
text_fieldsദുബൈ: നിശ്ചിത സമയത്ത് ഇമാറാത്തി ജീവനക്കാരെ നിയമിക്കാത്ത സ്ഥാപനങ്ങൾ ഈവർഷം അവസാനം ഒരു ജീവനക്കാരന് 84,000 ദിർഹം എന്ന നിലയിൽ പിഴ അടക്കേണ്ടിവരുമെന്ന് യു.എ.ഇ മാനവ വിഭവശേഷി, എമിറേറ്റൈസേഷൻ മന്ത്രി ഡോ. അബ്ദുൽ റഹ്മാൻ അൽ അവാർ. 72,000 ദിർഹമായിരുന്നതാണ് 84,000 ദിർഹമായി ഉയർത്തിയത്. ഈ വർഷം ജനുവരി ഒന്നിന് നിശ്ചിത എണ്ണം ഇമാറാത്തികളെ നിയമിക്കാത്ത സ്ഥാപനങ്ങൾക്കാണ് 72,000 ദിർഹം പിഴ നിശ്ചയിച്ചിരുന്നത്. എന്നാൽ, ഈ വർഷം അവസാനം വരെ ഇത് പാലിക്കാത്ത സ്ഥാപനങ്ങൾ ഒരു ജീവനക്കാരന് മാസത്തിൽ 7000 ദിർഹം എന്ന നിലയിൽ 84,000 ദിർഹം അടക്കേണ്ടിവരും. 50 വിദഗ്ധ ജീവനക്കാരിൽ കൂടുതലുള്ള സ്ഥാപനങ്ങൾ രണ്ടു ശതമാനം ഇമാറാത്തി ജീവനക്കാരനെ നിയമിക്കണമെന്നാണ് നിയമം. ഈവർഷം അവസാനത്തോടെ ഇത് നാലു ശതമാനമായി ഉയർത്തും. വിദഗ്ധ ജീവനക്കാരുടെ എണ്ണത്തിനനുസരിച്ചാണ് ഇമാറാത്തികളെ നിയമിക്കേണ്ടത് എന്ന് അൽ അവാർ വെളിപ്പെടുത്തി.
1000 ജീവനക്കാരുള്ള സ്ഥാപനത്തിൽ 100 പേർ മാത്രമാണ് വിദഗ്ധരുള്ളതെങ്കിൽ ഈ സ്ഥാപനം രണ്ട് ഇമാറാത്തികളെ നിയമിച്ചാൽ മതി. എന്നാൽ, 100 ജീവനക്കാരുള്ള സ്ഥാപനത്തിൽ എല്ലാവരും വിദഗ്ധ ജീവനക്കാരാണെങ്കിൽ ഇവരും രണ്ടു ഇമാറാത്തികളെ നിയമിക്കണം. ഇതുവരെ 28700 ഇമാറാത്തികളെ സ്വകാര്യ മേഖലയിൽ നിയമിച്ചിട്ടുണ്ട്. നിയമം പാലിക്കാത്ത സ്ഥാപനങ്ങൾക്ക് 400 ദശലക്ഷം ദിർഹം പിഴ ഇട്ടു. കഴിഞ്ഞ വർഷം അവസാനത്തോടെ 9000 സ്ഥാപനങ്ങൾ നിബന്ധന പാലിച്ചു. 7000ത്തോളം സ്ഥാപനങ്ങൾ ആദ്യമായാണ് ഇമാറാത്തികളെ നിയമിച്ചത്. 1000 സ്ഥാപനങ്ങൾ ഭാഗികമായി നിയമം പാലിച്ചു. എന്നാൽ, 2900 സ്ഥാപനങ്ങൾ ഇമാറാത്തികളെ നിയമിക്കുന്നതിൽ വീഴ്ച വരുത്തി. നിബന്ധന കൃത്യമായി പാലിച്ച സ്ഥാപനങ്ങളെ ആദരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.