സ്വദേശിവത്കരണം; ലക്ഷ്യം കൈവരിച്ചില്ലെങ്കിൽ തിങ്കളാഴ്ച മുതൽ പിഴ
text_fieldsദുബൈ: യു.എ.ഇയിലെ 50ലേറെ ജീവനക്കാരുള്ള സ്വകാര്യ കമ്പനികളിൽ ഒരു ശതമാനം സ്വദേശികളെ കൂടി നിയമിക്കാനുള്ള നിർദേശം നടപ്പാക്കിയില്ലെങ്കിൽ തിങ്കളാഴ്ച മുതൽ പിഴ ചുമത്തും. ഈ വർഷത്തെ അർധവാർഷിക ടാർഗറ്റ് പൂർത്തിയാക്കാനുള്ള അവസാന തീയതി ഞായറാഴ്ച അവസാനിക്കുമെന്ന് മാനവ വിഭവശേഷി, എമിററ്റൈസേഷൻ മന്ത്രാലയം പ്രസ്താവനയിൽ ഓർമപ്പെടുത്തി. ഈ സാഹചര്യത്തിൽ കമ്പനികൾ നിയമം പാലിച്ചിട്ടുണ്ടോയെന്ന പരിശോധനയും പിഴ ചുമത്തലും തിങ്കളാഴ്ചയോടെ തുടങ്ങും. നിയമനം പൂർത്തിയായില്ലെങ്കിൽ ഈ വർഷം ഓരോ സ്വദേശിക്കും പ്രതിമാസം 8,000 ദിർഹം എന്ന നിരക്കിലാണ് പിഴയീടാക്കുക. കഴിഞ്ഞ വർഷം ഇത് പ്രതിമാസം 7,000 ദിർഹമായിരുന്നു. 2022ൽ പ്രതിമാസം 6,000 ദിർഹമായിരുന്നു. 2026 വരെ പിഴയിൽ പ്രതിവർഷം 1,000 ദിർഹം വർധിക്കും.
നിയമപ്രകാരം രാജ്യത്തെ സ്വകാര്യകമ്പനികൾ ഇമാറാത്തി ജീവനക്കാരുടെ എണ്ണം ഓരോ വർഷവും രണ്ട് ശതമാനം വർധിപ്പിക്കേണ്ടതുണ്ട്. ഇതുവരെ സ്വദേശിവത്കരണ ലക്ഷ്യങ്ങൾ നേടിയിട്ടില്ലാത്ത കമ്പനികളോട് ‘നാഫിസ്’ പ്രോഗ്രാമിന്റെ ഡിജിറ്റൽ പ്ലാറ്റ്ഫോം പ്രയോജനപ്പെടുത്താൻ മന്ത്രാലയം ആവശ്യപ്പെട്ടു. രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായി യു.എ.ഇയിലെ സ്വകാര്യ സ്ഥാപനങ്ങളില് ജോലി ചെയ്യുന്ന സ്വദേശികളുടെ എണ്ണം ലക്ഷം പിന്നിട്ടതായി യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം കഴിഞ്ഞ മാസം വെളിപ്പെടുത്തിയിരുന്നു. സ്വകാര്യ മേഖലയിലെ ആകെ സ്വദേശികളിൽ 70,000 പേരും യു.എ.ഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ ‘നാഫിസ്’ പദ്ധതി പ്രഖ്യാപിച്ചതിനു ശേഷം ജോലിയിൽ പ്രവേശിച്ചവരാണ്.
ഇമാറാത്തി പൗരന്മാരെ സ്വകാര്യ മേഖലയിൽ ജോലി ചെയ്യാൻ പ്രോത്സാഹിപ്പിക്കുകയും സഹായിക്കുകയും ചെയ്യുന്ന പദ്ധതിയാണ് ‘നാഫിസ്’. 2026ഓടെ രാജ്യത്തെ 50ലേറെ ജീവനക്കാരുള്ള സ്വകാര്യ സ്ഥാപനങ്ങളിൽ 10 ശതമാനം സ്വദേശികളെ നിയമിക്കാനാണ് എമിററ്റൈസേഷൻ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. വർഷത്തിന്റെ ആദ്യ പകുതിയിൽ ഒരു ശതമാനവും രണ്ടാം പകുതിയിൽ ബാക്കിയും നിയമിക്കുകയാണ് വേണ്ടത്.
ഈ വർഷം മുതൽ 20 മുതൽ 49 വരെ ജീവനക്കാരുള്ള ചെറുകിട സ്ഥാപനങ്ങളിലും ഒരു സ്വദേശിയെയെങ്കിലും നിയമിച്ചിരിക്കണം എന്ന യു.എ.ഇ മന്ത്രിസഭ തീരുമാനവും മന്ത്രാലയം നടപ്പാക്കുന്നുണ്ട്. ഇത്തരം സ്ഥാപനങ്ങളിൽ 2025ൽ മറ്റൊരു സ്വദേശിയെ കൂടി നിയമിക്കണം. അതുവഴി രണ്ടുവർഷത്തിനകം രണ്ട് ഇമാറാത്തികളെയെങ്കിലും ചെറുകിട സ്ഥാപനങ്ങളിൽ സ്വദേശിവത്കരണത്തിന്റെ ഭാഗമായി നിയമിക്കപ്പെടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.