സ്വദേശിവത്കരണം: രേഖകളിൽ കൃത്രിമം കാണിച്ച സ്വകാര്യ കമ്പനിക്ക് ഒരുലക്ഷം ദിർഹം പിഴ
text_fieldsദുബൈ: സ്വദേശിവത്കരണം നടപ്പാക്കുന്നതിൽ കൃത്രിമം കാണിച്ച സ്വകാര്യ കമ്പനിക്ക് മാനവ വിഭവശേഷി മന്ത്രാലയം ഒരു ലക്ഷം ദിർഹം പിഴയിട്ടു.
അമ്പതോ അതിലധികമോ ജീവനക്കാരുള്ള സ്വകാര്യ കമ്പനികളിൽ ഒരു ശതമാനം ഇമാറാത്തികളെ നിയമിക്കണമെന്ന നിർദേശം പാലിക്കുന്നതിൽ വീഴ്ചവരുത്തിയതായി പരിശോധനയിൽ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. സ്വദേശിവത്കരണം നടപ്പാക്കാതിരിക്കാൻ ചില ജീവനക്കാരുടെ വർക്ക് പെർമിറ്റ് റദ്ദാക്കിയ ശേഷം ഇതേ കമ്പനിക്ക് കീഴിലുള്ള മറ്റൊരു കമ്പനിയിൽ ഇവർക്ക് നിയമനം നൽകിയാണ് കൃത്രിമം നടത്തിയത്.
കമ്പനിയിലെ ജീവനക്കാരുടെ എണ്ണം 50ന് താഴെ കാണിക്കാനായിരുന്നു നീക്കം. 50ൽ കുറഞ്ഞ ജീവനക്കാരുള്ള കമ്പനികൾക്ക് സ്വദേശിവത്കരണ നിയമത്തിൽ ഇളവുണ്ട്.
എന്നാൽ, പരിശോധനയിൽ രണ്ട് കമ്പനിയുടെയും ഉടമ ഒരാളാണെന്ന് വ്യക്തമായതിനെത്തുടർന്ന് പിഴയിടുകയായിരുന്നു. ജൂലൈ ഏഴിനകം ഇതിൽ തിരുത്തൽ വരുത്താനും മന്ത്രാലയം നിർദേശിച്ചു. ജൂലൈ എട്ടിനുശേഷം നിയമം പാലിക്കാത്ത കമ്പനികൾ വൻ പിഴ നേരിടേണ്ടിവരുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഒഴിവുവരുന്ന ഓരോ തസ്തികക്കും 42,000 ദിർഹമായിരിക്കും പിഴ.
സ്വദേശിവത്കരണ നിയമവുമായി ബന്ധപ്പെട്ടുള്ള പിഴ സംബന്ധിച്ച നിയമത്തിൽ ഈ വർഷം മന്ത്രിസഭ ചില ഭേദഗതികൾ വരുത്തിയിരുന്നു. ഇതു പ്രകാരമാണ് വീഴ്ചവരുത്തുന്ന കമ്പനികൾക്കുള്ള പിഴ ശിക്ഷ ഒരു ലക്ഷം ദിർഹം ആയത്.
രണ്ടാം തവണയും വീഴ്ച കണ്ടെത്തിയാൽ മൂന്നുലക്ഷവും നാലാം തവണ ആവർത്തിച്ചാൽ അഞ്ചു ലക്ഷം ദിർഹവും പിഴ നൽകേണ്ടിവരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.