സ്വദേശിവത്കരണം; ഇമാറാത്തികളെ കബളിപ്പിച്ച കമ്പനി ഉടമക്ക് തടവ്
text_fieldsദുബൈ: സ്വദേശിവത്കരണത്തിന്റെ മറവിൽ 296 ഇമാറാത്തി പൗരൻമാരെ കബളിപ്പിച്ച സ്വകാര്യ കമ്പനി ഉടമക്ക് തടവുശിക്ഷ. സ്വദേശിവത്കരണത്തിന്റെ ഭാഗമായി ഇമാറാത്തികൾക്ക് സഹായവും പരിശീലനവും നൽകുന്ന നാഫിസ് പദ്ധതിയുടെ പേരിൽ പണം വാങ്ങി കബളിപ്പിച്ചതിന് യു.എ.ഇ പബ്ലിക് പ്രോസിക്യൂഷനാണ് തടവ് വിധിച്ചത്. ഇ-കോമേഴ്സ്, വാണിജ്യം എന്നിവയിൽ ഇമാറാത്തികളെ പരിശീലിപ്പിക്കുന്നതിനായി ഈ സ്ഥാപനം നാഫിസ് പ്ലാറ്റ്ഫോമിൽ രജിസ്റ്റർ ചെയ്തിരുന്നു. ഇതിന്റെ ഭാഗമായി ഇമാറാത്തികൾക്ക് പരിശീലനവും നൽകി.
ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി നിശ്ചിത തുക തങ്ങളുടെ അക്കൗണ്ടിൽ നിക്ഷേപിക്കണമെന്ന് ഇവരോട് ആവശ്യപ്പെടുകയും ചെയ്തു. അല്ലാത്തപക്ഷം പരിശീലന മൂല്യനിർണയത്തിൽ പരാജയപ്പെടുമെന്ന് ഭീഷണിപ്പെടുത്തി. ഇതേതുടർന്നാണ് കമ്പനി ഉടമക്കെതിരെ കേസെടുത്തത്.
ഇമാറാത്തികളുടെ നിയമനവുമായി ബന്ധപ്പെട്ട് കർശന നിർദേശങ്ങളാണ് സർക്കാർ നൽകിയിരിക്കുന്നത്. ഇമാറാത്തികൾക്ക് ജോലി നൽകുന്നതുമായി ബന്ധപ്പെട്ട് തെറ്റായ പരസ്യങ്ങൾ നൽകുന്നതും കുറഞ്ഞ ശമ്പളം നൽകുന്നതും കുറ്റകരമാണ്. നിലവിലില്ലാത്ത ജോലികളെ കുറിച്ചോ അവസരങ്ങളെ കുറിച്ചോ തെറ്റിദ്ധാരണജനകമായ പരസ്യങ്ങൾ നൽകരുത്.
ഇമാറാത്തി പൗരൻമാർക്ക് ഉചിതമായ തൊഴിൽ സാഹചര്യങ്ങളും ഉപകരണങ്ങളും സൗകര്യങ്ങളും തൊഴിൽപരിശീലനവും നൽകണം. ഇമാറാത്തികൾക്ക് സർക്കാർ ആനുകൂല്യം നൽകുന്നുണ്ട് എന്നകാരണത്താൽ അവരുടെ ശമ്പളത്തിൽ കുറവ് വരുത്തരുത്. സഹപ്രവർത്തകരുമായി താരതമ്യംചെയ്യുമ്പോൾ ഇമാറാത്തി ജീവനക്കാർക്ക് കുറഞ്ഞശമ്പളം നൽകുന്നത് കുറ്റകരമാണ്. തൊഴിലുടമകൾ ഇമാറാത്തി ജീവനക്കാർക്കായി മന്ത്രാലയത്തിൽനിന്ന് തൊഴിൽ ലൈസൻസ് നേടിയിരിക്കണം. തൊഴിൽക്കരാർ ഉണ്ടാക്കുകയും നിയമപരമായ ശമ്പളം നൽകുകയും ചെയ്യണമെന്നുമാണ് നിർദേശം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.