സ്വദേശിവത്കരണം നടപ്പാക്കാൻ മൂന്നു ദിവസംകൂടി ബാക്കി
text_fieldsദുബൈ: സ്വകാര്യ സ്ഥാപനങ്ങൾ സ്വദേശിവത്കരണത്തിന്റെ ആദ്യ ഘട്ടം നടപ്പാക്കേണ്ട അവസാന തീയതി ജൂലൈ ഏഴിന് തീരും. ജൂൺ 30 ആയിരുന്നു നേരത്തേ നിശ്ചയിച്ചിരുന്ന അവസാന തീയതി. ബലിപെരുന്നാൾ അവധിദിനങ്ങൾ പ്രമാണിച്ചാണ് ഇത് ജൂലൈ ഏഴിലേക്ക് നീട്ടിയത്. ജൂലൈ ഏഴിനുശേഷം നിയമത്തിൽ വീഴ്ചവരുത്തുന്ന കമ്പനികളിൽനിന്ന് 42,000 ദിർഹം പിഴ ഈടാക്കും. അമ്പതോ അതിലധികമോ തൊഴിലാളികളുള്ള കമ്പനികളിൽ മൂന്നു ശതമാനം സ്വദേശികളെ ഉൾപ്പെടുത്തണമെന്നാണ് നിയമം. എന്നാൽ, ഫ്രീ സോണുകളിൽ പ്രവർത്തിക്കുന്ന കമ്പനികൾക്ക് നിയമത്തിൽ ഇളവുണ്ട്.
2026ഓടെ സ്വകാര്യ കമ്പനികളിലെ സ്വദേശികളുടെ എണ്ണം 10 ശതമാനമായി വർധിപ്പിക്കാനാണ് ഉദ്ദേശ്യം. ഈ വർഷം ആദ്യ മൂന്നു മാസത്തിനിടെ 10,000 സ്വദേശികൾ കൂടി ജോലിയിൽ പ്രവേശിച്ചതോടെ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന സ്വദേശികളുടെ എണ്ണം 66,000 ആയി ഉയർന്നതായി മാനവവിഭവ ശേഷി, സ്വദേശിവത്കരണ മന്ത്രി അബ്ദുറഹ്മാൻ അൽ അവർ പറഞ്ഞു. സ്വകാര്യ മേഖലകളിലെ തൊഴിലിടങ്ങളിൽ സ്വദേശികൾക്ക് കൂടുതൽ അവസരം ലഭിക്കുന്നതിന്റെ ഭാഗമായി ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് സ്വദേശിവത്കരണ നിയമം മാനവ വിഭവശേഷി മന്ത്രാലയം പ്രഖ്യാപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.