സ്വദേശിവത്കരണം: നടപടികൾ ശക്തം
text_fieldsദുബൈ: നിശ്ചയിച്ച സമയപരിധി കഴിഞ്ഞതോടെ സ്വദേശിവത്കരണം നടപ്പിലാക്കാത്ത സ്വകാര്യ കമ്പനികൾക്കെതിരെ നടപടികൾ ശക്തമാക്കി യു.എ.ഇ. വിവിധ ഘട്ടങ്ങളിലായി നടത്തിയ പരിശോധനയിൽ കഴിഞ്ഞ ഒരു വർഷത്തിനിടെ ഒരു ശതമാനം ടാർഗറ്റ് കണ്ടെത്താത്ത 441 സ്വകാര്യ കമ്പനികളെ കണ്ടെത്തി. ഇതിൽ 436 കമ്പനികൾക്ക് പിഴ ചുമത്തിയതായി മാനവവിഭവ ശേഷി മന്ത്രാലയം വ്യക്തമാക്കി. 100 ഓളം കമ്പനികൾ മനപ്പൂർവം നിയമം ലംഘിച്ചതായും വ്യക്തമായി. നിയമം ലംഘിക്കുന്ന കമ്പനികൾക്ക് പിഴ ചുമത്തുന്നതിനൊപ്പം ഭരണപരമായ ഉപരോധം ഏർപ്പെടുത്തുകയും ചെയ്യുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി.
കൂടാതെ, മന്ത്രാലയത്തിൽ രജിസ്റ്റർ ചെയ്ത കമ്പനികളുടെ പട്ടികയിൽ ഇത്തരം കമ്പനികളെ തരംതാഴ്ത്തും. തുടർന്ന് ഇവർ പല സേവനങ്ങൾക്കും ഉയർന്ന ഫീസ് നൽകേണ്ടി വരും. അതോടൊപ്പം ഗുരുതര ചട്ട ലംഘനം നടത്തുന്ന കമ്പനികളെ നിയമപരമായ നടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറുമെന്നും മന്ത്രാലയം അറിയിച്ചു.
അതേസമയം, ചില കമ്പനികൾ സ്വദേശിവത്കരണ ടാർഗറ്റ് കണ്ടെത്തിയതായി വ്യാജ രേഖകൾ ചമച്ചതായും പരിശോധനയിൽ വ്യക്തമായി. ഇങ്ങനെ വ്യാജമായി നിയമിക്കപ്പെടുന്ന യു.എ.ഇ പൗരന്മാരുടെ വർക്ക് പെർമിറ്റ് അതോറിറ്റി റദ്ദാക്കുകയും എമിററ്റൈസേഷൻ നയങ്ങൾ പ്രകാരം സാമ്പത്തിക സംഭാവനകൾ അടക്കാൻ ഉത്തരവിടുകയും ചെയ്യും. വ്യാജമായി നിർമിക്കപ്പെടുന്ന ഇത്തരം ജോലികൾ സ്വീകരിക്കരുതെന്ന് സ്വദേശികളോടും അതോറിറ്റി അഭ്യർഥിച്ചു. സ്വകാര്യ മേഖലയിലും മറ്റ് പൊതുമേഖലകളിലും ജോലിചെയ്യുന്ന ഇമാറാത്തികൾ നിയമലംഘനം ശ്രദ്ധയിൽപ്പെട്ടാൽ 600590000 എന്ന നമ്പറിലോ മന്ത്രാലയത്തിന്റെ ആപ്പിലോ വിവരം അറിയിക്കണം.
സ്വകാര്യ കമ്പനികളിലെ വിദഗ്ധ ജോലികളിൽ സ്വദേശികളുടെ സാന്നിധ്യം വർധിപ്പിക്കാൻ ലക്ഷ്യമിട്ട് 2022 ഫെബ്രുവരിയിലാണ് ടാലന്റ് കോംപിറ്റേറ്റീവ്നസ് കൗൺസിൽ (നാഫിസ്) പ്രോഗ്രാമിന് കീഴിൽ സ്വദേശിവത്കരണ നയം സർക്കാർ പ്രഖ്യാപിച്ചത്. ഇതുപ്രകാരം 50ലധികം ജീവനക്കാരുള്ള സ്വകാര്യ കമ്പനികളിൽ ഒരു വർഷത്തിനകം ഒരു ശതമാനം സ്വദേശികളെ നിയമിക്കണമെന്നായിരുന്നു നിർദേശം. എന്നാൽ, പിന്നീട് ഇത് 20 തൊഴിലാളികളുള്ള കമ്പനികളിലേക്കും വ്യാപിപ്പിച്ചു. സ്വദേശിവത്കരണ നിയമം ഘട്ടം ഘട്ടമായി നടപ്പിലാക്കി 2026ഓടെ സ്വകാര്യ മേഖലയിൽ സ്വദേശികളുടെ എണ്ണം 10 ശതമാനമായി വർധിപ്പിക്കുകയാണ് ലക്ഷ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.