നാട്ടുകാരുടെ കൂട്ടായ്മ താങ്ങായി; സജു നാടണഞ്ഞു
text_fieldsദുബൈ: ജോലി നഷ്ടപ്പെട്ട് ദുരിതത്തിലായ മലയാളിയെ നാട്ടിലെത്തിക്കാൻ സഹായിച്ച് കൊട്ടിയം പ്രവാസി കൂട്ടായ്മ. കൊല്ലം കൊട്ടിയം പുതുവൽവീട്ടിൽ സജു പി. ജോണിനെയാണ് നാട്ടുകാരുടെ കൂട്ടായ്മ നാടണയാൻ സഹായിച്ചത്.
രണ്ടു വർഷം മുമ്പ് റാസൽഖൈമയിലെ കമ്പനിയിലേക്കാണ് അദ്ദേഹം ജോലിക്കായി എത്തിയത്. എന്നാൽ, ജോലിസംബന്ധമായ ചില പ്രശ്നങ്ങൾമൂലം സ്ഥാപനം വിട്ടു. സ്ഥിരംജോലി ലഭിക്കാതെ വന്നതോടെ ജീവിതം ദുരിതപൂർണമായി.
രണ്ട് വർഷത്തെ വിസ കാലാവധി കഴിയുകയും പാസ് പോർട്ട് ആദ്യ കമ്പനിയിൽ ആയതിനാൽ നാട്ടിൽ പോകാൻ കഴിയാത്ത അവസ്ഥയായി. കിടക്കാൻ റൂമോ ഭക്ഷണമോ ഇല്ലാത്ത അവസ്ഥയായതോടെ ഉറക്കം റാസൽഖൈമയിലെ തെരുവുകളിലുമായി. ഇദ്ദേഹത്തെ സഹായിക്കണമെന്ന് അഭ്യർഥിച്ച് സമൂഹ മാധ്യമങ്ങളിൽ വന്ന വിഡിയോ പോസ്റ്റ് കണ്ട് കൊട്ടിയം പ്രവാസി വാട്സ്ആപ് കൂട്ടായ്മ (കെ.പി.കെ) ഭാരവാഹികൾ ഇടപെടുകയും അദ്ദേഹത്തിന് താമസ, ഭക്ഷണ സൗകര്യങ്ങൾ ഏർപ്പാടാക്കുകയും ചെയ്തു. പിന്നീട് അദ്ദേഹത്തെ നാട്ടിലേക്ക് അയക്കാനുള്ള ശ്രമങ്ങളുമായി മുന്നോട്ടുപോയി. അദ്ദേഹത്തിെൻറ പഴയ സ്പോൺസറെ കണ്ടെത്തി പാസ്പോർട്ട് തിരിച്ചുവാങ്ങുകയും നാട്ടിലേക്ക് പോകാനുള്ള പേപ്പറുകൾ ശരിയാക്കുകയും ചെയ്തു.
തിങ്കളാഴ്ച തിരുവനന്തപുരത്തേക്കുള്ള വിമാനത്തിൽ നാട്ടിലേക്കയച്ചു. തിരുവനന്തപുരം എയർപോർട്ടിൽനിന്ന് വീടുവരെ എത്തിക്കാനുള്ള ടാക്സിയും കൂട്ടായ്മ ഏർപ്പെടുത്തി. കൊട്ടിയം പരിസരപ്രദേശത്തുള്ള 155 അംഗങ്ങൾ അടങ്ങിയതാണ് കെ.പി.കെ. തുടർനാളുകളിൽ സമൂഹത്തിനും മറ്റ് ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്കും കൂട്ടായ്മയുടെ പരിധിക്കുള്ളിൽനിന്ന് സഹായം ചെയ്ത് മുന്നോട്ടുപോകാനാണ് തീരുമാനമെന്നും കൂട്ടായ്മ സെക്രട്ടറി ബിജു നടേശൻ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.