‘ഓർമ കേരളോത്സവം 2024’; ഒരുക്കം പുരോഗമിക്കുന്നു
text_fieldsദുബൈ: ഇൻഡോ അറബ് കൾചറൽ ഫെസ്റ്റ് -കേരളോത്സവത്തിന്റെ ഒരുക്കങ്ങൾ അവസാന ഘട്ടത്തിലെത്തിയതായി ഓർമ ഭാരവാഹികൾ അറിയിച്ചു. കേരളോത്സവത്തിന് വേദിയാകുന്ന ദുബൈ അമിറ്റി സ്കൂൾ ഗ്രൗണ്ടിൽ പൂരനഗരിയുടെ നിലമൊരുക്കൽ, വിവിധ സ്റ്റാളുകളുടെ നിർമാണം എന്നിവ പൂർത്തിയാക്കിവരുകയാണ്. പത്തോളം ഗജവീരന്മാർ അണി നിരക്കുന്ന വർണശബളമായ കുടമാറ്റം, മെഗാ തിരുവാതിരക്കായുള്ള പരിശീലനം, ഒപ്പന, കോൽക്കളി, ചെണ്ടമേളം, തെരുവുനാടകം തുടങ്ങി വിവിധ കലാപരിപാടികൾക്കായുള്ള തയാറെടുപ്പ് എന്നിങ്ങനെ ഒരേസമയം വിവിധയിടങ്ങളിലായി നിരവധി പ്രവർത്തനങ്ങളാണ് നടന്നുവരുന്നത്.
യു.എ.ഇ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ഡിസംബർ ഒന്ന്, രണ്ട് തീയതികളിൽ നടക്കുന്ന ഇൻഡോ അറബ് കൾചറൽ ഫെസ്റ്റ് -കേരളോത്സവത്തിന്റെ രണ്ടു ദിവസവും വൈകീട്ട് നാല് മുതൽ അരങ്ങേറുന്ന ആഘോഷങ്ങളുടെ ഭാഗമായി വൈവിധ്യമാർന്ന പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.
പ്രശസ്ത നർത്തകിയും ചലച്ചിത്ര താരവുമായ മേതിൽ ദേവിക, സംഗീത നാടക അക്കാദമി ചെയർമാനും പ്രശസ്ത മേളം കലാകാരനുമായ മട്ടന്നൂർ ശങ്കരൻ കുട്ടി മാരാർ, പ്രൊജക്ടസ് മലബാറികസ് ബാൻഡുമായി പ്രശസ്ത ഗായിക സിതാരയും സംഘവും, ഏഷ്യാനെറ്റ് സ്റ്റാർ സിങ്ങർ വിജയി അരവിന്ദ് നായർ, യുവഗായകരായ ആര്യ ദയാൽ, സച്ചിൻ വാര്യർ എന്നിങ്ങനെ കേരളത്തിലെ കലാ സാംസ്കാരിക രംഗത്തെ പ്രശസ്ത വ്യക്തികൾ ഈ രണ്ടു ദിവസങ്ങളിലായി കേരളോത്സവ വേദികളിൽ എത്തിച്ചേരും. കേരളോത്സവ നഗരിയിലേക്ക് പ്രവേശനം സൗജന്യമായിരിക്കുമെന്നും സംഘാടക സമിതി ഭാരവാഹികളായ ഒ.വി. മുസ്തഫ, എൻ.കെ. കുഞ്ഞഹമ്മദ്, അനീഷ് മണ്ണാർക്കാട്, പ്രദീപ് തോപ്പിൽ, ഷിഹാബ് പെരിങ്ങോട് എന്നിവർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.