ഷാർജയിൽ വീണ്ടും 'ഇന്ത്യ-പാക്' പോരാട്ടം
text_fieldsദുബൈ: ഷാർജ കപ്പിെൻറ നൊസ്റ്റാൾജിയ മനസ്സിൽ സൂക്ഷിക്കുന്നവർക്ക് ഓർമകളിലേക്ക് വീണ്ടും തിരികെനടക്കാൻ അവസരമൊരുക്കി വീണ്ടുമൊരു ഇന്ത്യ-പാക് ക്രിക്കറ്റ് പോരാട്ടം. യു.എ.ഇ മുൻ കായികമന്ത്രി ശൈഖ് ഫൈസൽ ബിൻ ഖാലിദ് അൽ ഖാസിമിയുടെ രക്ഷാകർതൃത്വത്തിൽ ദുബൈ പൊലീസ് സേഫ്റ്റി അംബാസിഡേഴ്സ് കൗൺസിലുമായി സഹകരിച്ച് അർബ സ്പോർട്സ് സർവിസസ് സംഘടിപ്പിക്കുന്ന യു.എ.ഇ ഫ്രൻഡ്ഷിപ് കപ്പ് ക്രിക്കറ്റ് ടൂർണമെന്റ് ഫെബ്രുവരി രണ്ടു മുതൽ നാലു വരെ ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കും. മുഹമ്മദ് അസ്ഹറുദ്ദീൻ നേതൃത്വം നൽകുന്ന ഇന്ത്യ ലെജൻഡ്സ്, ഇംറാൻ നസീറിെൻറ പാകിസ്താൻ ലെജൻഡ്സ്, അജന്ത മെൻഡിസിെൻറ വേൾഡ് ലെജൻഡ്സ്, സുനിൽ ഷെട്ടിയുടെ ബോളിവുഡ് കിങ്സ് എന്നീ ടീമുകളാണ് ടൂർണമെന്റിൽ ഏറ്റുമുട്ടുന്നത്.
അസ്ഹറിനു പുറമെ അജയ് ജദേജ, ഇർഫാൻ പത്താൻ, മുഹമ്മദ് കൈഫ്, വെങ്കിടേഷ് പ്രസാദ് തുടങ്ങിയവരാണ് ഇന്ത്യക്കായി കളത്തിലിറങ്ങുക. പാകിസ്താനുവേണ്ടി സൽമാൻ ബട്ട്, മുഹമ്മദ് യൂസുഫ്, യാസിർ ഹമീദ്, മുഹമ്മദ് ഇർഫാൻ തുടങ്ങിയവരെത്തും. അജന്ത മെൻഡിസിെൻറ ലോക ടീമിൽ സിംബാബ്വെ താരങ്ങളായ ബ്രെൻഡൺ ടെയ്ലർ, എൽട്ടൺ ചിഗുംബുര, അബ്ദു റസാഖ്, സമിയുല്ല ഷെൻവാരി എന്നിവരാണുള്ളത്. സഞ്ജയ് ദത്തിനു പുറമെ സൊഹൈൽ ഖാൻ, അഫ്താബ് ശിവ്ദാസനി, റിതേഷ് ദേഷ്മുഖ്, ബോബി ഡിയോൾ എന്നിവർ ബോളിവുഡ് കിങ്സിലുണ്ട്. എല്ലാ ടീമുകളും പരസ്പരം ഏറ്റുമുട്ടുന്ന രീതിയിലാണ് മത്സരം ക്രമീകരിച്ചിരിക്കുന്നത്.
ഫെബ്രുവരി രണ്ടിന് നടക്കുന്ന ആദ്യ മത്സരത്തിൽ ഇന്ത്യ ലെജൻഡ്സും വേൾഡ് ലെജൻഡ്സുമാണ് നേർക്കുനേർ എത്തുന്നത്. ഫെബ്രുവരി നാലിനാണ് ഇന്ത്യ-പാക് പോര്. അന്നു തന്നെ ഫൈനലും നടക്കും. യു.എ.ഇയെ ലോകത്തിലെ ശ്രദ്ധേയ വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റുക എന്ന ഉദ്ദേശ്യത്തോടെ യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം പ്രഖ്യാപിച്ച 'ലോകത്തിലെ ഏറ്റവും മനോഹരമായ വസന്തം' എന്ന കാമ്പയിനെ പിന്തുണക്കുക എന്ന ലക്ഷ്യംകൂടി ഈ ടൂർണമെന്റിന് പിന്നിലുണ്ടെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. സോഷ്യൽ മീഡിയ ഇൻഫ്ലുൻസർ സന്നത് സുബൈറാണ് ടൂർണമെന്റിെൻറ സോഷ്യൽ മീഡിയ അംബാസഡർ.
വാർത്തസമ്മേളനത്തിൽ സംഘാടകരായ അർബ സ്പോർട്സ് സർവിസസ് ചെയർമാൻ അമീൻ പത്താൻ, മാനേജിങ് ഡയറക്ടറും സി.ഇ.ഒയുമായ അസ്ലം കുരിക്കൾ, ഓപറേഷൻ ഡയറക്ടർ നൗഫൽ കുദ്റാൻ, സംഘാടക സമിതി ചെയർമാൻ ഹുദൈഫ ഇബ്രാഹിം, ടൂർണമെന്റിെൻറ മുഖ്യ പ്രായോജകരായ ഫോർമോടാക്സ് മാനേജിങ് ഡയറക്ടർ സ്റ്റീഫൻ മിയാദ്, നാസർ ഹമദ്അ അൽ ഹമ്മാദി, അലി അൽ കാബി, അലി ഖുദി മിർസ, ഡോ. ബു അബ്ദുല്ല, എച്ച്.കെ കൺസൽട്ടൻസി മാനേജിങ് ഡയറക്ടർ ഹബീബ് കോയ, പ്രോഗ്രാം കോകോഓഡിനേറ്റർ മുനീർ പാണ്ഡ്യാല, സോഷ്യൽ മീഡിയ താരങ്ങളായ സന്നത് സുബൈർ, അജ്മൽ ഖാൻ, കുമാർ ഗൗരവ് എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.