പണപ്പെരുപ്പം: ശമ്പള വർധനവിന് കമ്പനികൾ തുക നീക്കിവെച്ചു
text_fieldsദുബൈ: യു.എ.ഇയിലെ 49 ശതമാനം സ്ഥാപനങ്ങളും ജീവനക്കാർക്ക് ഉയർന്ന ശമ്പളം നൽകാൻ ബജറ്റിൽ തുക വകയിരുത്തിയതായി പഠനം. പണപ്പെരുപ്പവും വിലക്കയറ്റവും മൂലം തൊഴിലാളികളുടെ ജീവിതച്ചെലവ് വർധിച്ച സാഹചര്യത്തിലാണ് ബജറ്റിൽ ശമ്പളത്തിനായി വൻ തുക നീക്കിവെച്ചത്. ഒമ്പത് ശതമാനം വരെ അധികശമ്പളം നൽകാൻ തീരുമാനിച്ച സ്ഥാപനങ്ങളുമുണ്ട്. ഇത് മുന്നിൽകണ്ട് സ്ഥാപനങ്ങൾ ശമ്പളയിനത്തിൽ കൂടുതൽ തുക ബജറ്റിൽ വകയിരുത്തി.
പ്രശസ്ത ഏജൻസിയായ ആവോണാണ് സർവേ നടത്തിയത്. ജൂൺ ആദ്യവാരം യു.എ.ഇയുടെ വിവിധ ഭാഗങ്ങളിലെ 150 സ്ഥാപനങ്ങളിലാണ് സർവേ നടന്നത്. പ്രധാനമന്ത്രിയുടെ ഓഫിസ്, മാജിദ് അൽ ഫുത്തൈം, അബൂദബി ഇൻവെസ്റ്റ്മെന്റ് അതോറിറ്റി, അബൂദബി ഗ്ലോബൽ മാർക്കറ്റ്, ഡി.പി വേൾഡ്, ബീഅ, മുബാദല, മൊണ്ടെലെസ്, മൈക്രോസോഫ്റ്റ്, എയർബസ് തുടങ്ങിയ സ്ഥാപനങ്ങളും സർവേയുടെ ഭാഗമായി. ഭൂരിപക്ഷം കമ്പനികളും രണ്ട് മുതൽ ആറ് ശതമാനം വരെ ശമ്പള വർധനയാണ് ലക്ഷ്യമിടുന്നത്. ജീവനക്കാരുടെ ശമ്പളം വർധിപ്പിക്കുന്നത് വഴി അവരുടെ സംതൃപ്തി ഉയർത്താനും ഉറപ്പാക്കാനും കഴിയുമെന്നും ഇത് തൊഴിലിടങ്ങളിൽ ഉണർവും ഊർജവും പകരുമെന്നും ഡേറ്റ ബിസിനസ് സ്ഥാപനമായ ആവോണിന്റെ മിഡിൽ ഈസ്റ്റ് ഹെഡ് റോബർട്ട് റിച്ചർ പറഞ്ഞു. ആഗോളതലത്തിൽ മറ്റു രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ യു.എ.ഇയെ പണപ്പെരുപ്പം ഗുരുതരമായി ബാധിച്ചിട്ടില്ല. എന്നാൽ, നാല് പതിറ്റാണ്ടിനിടെ ഏറ്റവും ഉയർന്ന പണപ്പെരുപ്പമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
43 ശതമാനം സ്ഥാപനങ്ങളും ഈ വർഷം തുടക്കത്തിൽതന്നെ ശമ്പളം വർധിപ്പിക്കൻ തീരുമാനിച്ചിരുന്നു. 14 ശതമാനം സ്ഥാപനങ്ങൾ താൽക്കാലിക ആശ്വാസം നൽകാനാണ് ആലോചിക്കുന്നത്. മികച്ച തൊഴിലാളികളെ ലഭിക്കാനില്ലെന്ന് അടുത്തിടെ സർവേ ഫലം പുറത്തുവന്നിരുന്നു. ഇതിനു കാരണം ശമ്പളമില്ലായ്മയാണെന്നും സർവേ കണ്ടെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.