യു.എ.ഇ പണപ്പെരുപ്പം ഏറ്റവും കുറഞ്ഞത് -സാമ്പത്തിക മന്ത്രി
text_fieldsദുബൈ: യു.എ.ഇയിലെ പണപ്പെരുപ്പം ലോകത്തെ ഏറ്റവും കുറഞ്ഞ നിരക്കുകളിൽ ഒന്നാണെന്നും അടുത്ത വർഷം ഇത് ഇനിയും കുറയുമെന്ന് പ്രതീക്ഷിക്കുന്നതായും സാമ്പത്തികകാര്യ മന്ത്രി അബ്ദുല്ല ബിൻ തൂഖ് അൽ മർറി.'ഫ്യൂച്ചർ 100' എന്ന സംരംഭത്തിന്റെ പ്രഖ്യാപന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മന്ത്രി. കഴിഞ്ഞ ആറുമാസമായി ആഗോളതലത്തിൽ സ്ഥിരതയില്ലാത്ത സാമ്പത്തിക സാഹചര്യമാണുള്ളത്. എന്നാൽ, യു.എ.ഇയുടെ ചടുലത ലോകഭൂപടത്തിൽ ശ്രദ്ധിക്കപ്പെട്ടു.
ആദ്യത്തെ ഒമ്പത് മാസത്തെ പണപ്പെരുപ്പം 5.5 ശതമാനമായിരുന്നു, ഇത് ലോകത്തിലെ ഏറ്റവും താഴ്ന്ന നിരക്കാണ്. അടുത്ത വർഷം പണപ്പെരുപ്പം ഇനിയും കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത് -അദ്ദേഹം കൂട്ടിച്ചേർത്തു. യു.എ.ഇയുടെ ഭാവി സമ്പദ്വ്യവസ്ഥയെ രൂപപ്പെടുത്തുന്ന പുതിയ മേഖലകളിലെ 100 സ്റ്റാർട്ടപ്പുകളെ സഹായിക്കുന്ന പദ്ധതിയാണ് 'ഫ്യൂച്ചർ 100'.
ഡോളർ അടിസ്ഥാനമാക്കിയല്ലാതെ പ്രവർത്തിക്കുന്ന രാജ്യങ്ങളിൽനിന്ന് ഇറക്കുമതി വർധിപ്പിച്ചത് ദിർഹമിനെ ശക്തിപ്പെടുത്തിയതായും ഇതിലൂടെ പണപ്പെരുപ്പം തടയാൻ കഴിഞ്ഞതായും മന്ത്രി ചൂണ്ടിക്കാട്ടി. യു.എ.ഇയിൽ പണപ്പെരുപ്പം ഭേദപ്പെട്ട നിലയിലായിരിക്കുമെന്ന് നേരത്തെ അന്താരാഷ്ട്ര നാണയനിധി (ഐ.എം.എഫ്) വ്യക്തമാക്കിയിരുന്നു. ഗവൺമെന്റ് വികസനകാര്യ, ഭാവി വകുപ്പ് സഹമന്ത്രി ഉഹൂദ് ബിൻത് ഖൽഫാൻ അൽ റൗമിയും 'ഫ്യൂച്ചർ 100' ഉദ്ഘാടന ചടങ്ങിൽ സന്നിഹിതരായിരുന്നു. വിവിധ രാജ്യങ്ങളുമായി ഒപ്പുവെച്ച സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ(സെപ) അവശ്യ വസ്തുക്കുകളുടെ ലഭ്യത ഉറപ്പാക്കാനും രാജ്യത്തെ പണപ്പെരുപ്പം കുറക്കാനും സഹായിക്കുന്നുണ്ടെന്ന് അവർ പറഞ്ഞു.
ഇന്ത്യ, ഇന്തോനേഷ്യ, ഇസ്രായേൽ എന്നിവയുമായാണ് യു.എ.ഇ 'സെപ' ഈ വർഷം ഒപ്പുവെച്ചത്. അടുത്ത എട്ടുവർഷത്തിനുള്ളിൽ 26 രാജ്യങ്ങളുമായി കൂടി കരാറുകൾ ഒപ്പുവെക്കാൻ പദ്ധതിയുണ്ട്.ദിവസേനയുള്ള പണപ്പെരുപ്പവും റീട്ടെയിൽ ഔട്ട്ലെറ്റുകളിലെ സാധനങ്ങളുടെ വിലകളും നിരീക്ഷിക്കുന്നുണ്ടെന്നും എല്ലാ ആഴ്ചയും കൂടുകയും കുറയുകയും ചെയ്യുന്ന വിലകൾ ശ്രദ്ധയിലുണ്ടെന്നും മന്ത്രി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.