റോഡ് തടസ്സങ്ങളും കേടുപാടുകളും കണ്ടെത്താൻ നവീന സംവിധാനം
text_fieldsദുബൈ: ഗതാഗത രംഗത്ത് അതിനൂതന സംവിധാനങ്ങൾ നടപ്പിലാക്കിവരുന്ന ദുബൈയിൽ റോഡ് തടസ്സങ്ങളും കേടുപാടുകളും കണ്ടെത്താൻ പുത്തൻ സംവിധാനം. നിർമിതബുദ്ധി സഹായത്തോടെ കേടുപാടുകളും തടസ്സങ്ങളും കണ്ടെത്തുന്ന സംവിധാനം സജ്ജീകരിച്ച വാഹനത്തിന്റെ പൈലറ്റ് ഓപറേഷൻ തുടങ്ങിയതായി ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) പ്രസ്താവനയിൽ അറിയിച്ചു.
റോഡ് നെറ്റ്വർക്കിന്റെ ഗുണനിലവാരവും ട്രാഫിക് സുരക്ഷയും ഉറപ്പുവരുത്തുന്നതിന് ഡിജിറ്റൽ, നിർമിത ബുദ്ധി സാങ്കേതികവിദ്യകൾ ഉപയോഗിക്കുന്നതിന്റെ ഭാഗമാണ് ആർ.ടി.എ പുതിയ സംവിധാനം പരീക്ഷണാടിസ്ഥാനത്തിൽ പുറത്തിറക്കിയിരിക്കുന്നത്.
പാതകളുടെ അവസ്ഥ മികച്ച രീതിയിൽ മനസ്സിലാക്കാൻ സാധിക്കുന്നതിന് ഉയർന്ന നിലവാരമുള്ള ഉപകരണങ്ങളാണ് വാഹനത്തിൽ ഘടിപ്പിച്ചിരിക്കുന്നത്. ട്രാഫിക് വഴിതിരിച്ചുവിട്ടത് ആർ.ടി.എ അംഗീകരിച്ച സാങ്കേതിക നിലവാരത്തിലും മാനദണ്ഡങ്ങൾക്കും അനുസരിച്ചാണോയെന്നതും ഇത് കണ്ടെത്തും.
റോഡ് സംവിധാനങ്ങളിലെ കേടുപാടുകൾ കണ്ടെത്തുന്നതിന് മികച്ച കാമറകൾ, സെൻസറുകൾ, മറ്റു സാങ്കേതിക ഉപകരണങ്ങൾ എന്നിവയും ഇതിലുണ്ട്. മനുഷ്യ ഇടപെടലില്ലാതെ തന്നെ കേടുപാടുകൾ തിരിച്ചറിഞ്ഞ് റിപ്പോർട്ട് തയാറാക്കി സിസ്റ്റത്തിൽ സ്വയം ഇത് അപ്ലോഡ് ചെയ്യും.
റോഡുമായി ബന്ധപ്പെട്ട വസ്തുക്കളുടെ സുസ്ഥിരതക്കും ദീർഘകാലത്തെ നിലനിൽപിനും സഹായിക്കുന്ന സംവിധാനം ദുബൈയുടെ നഗര സൗന്ദര്യത്തെയും നിലനിർത്താൻ സഹായിക്കുന്നതാണെന്ന് ആർ.ടി.എ ട്രാഫിക് ആൻഡ് റോഡ്സ് ഏജൻസി സി.ഇ.ഒ ഹുസൈൻ അൽ ബന്ന പറഞ്ഞു.
എമിറേറ്റിലെ റോഡുകളുടെയും അടിസ്ഥാന സൗകര്യങ്ങളുടെയും പ്രകടനം മെച്ചപ്പെടുത്തുകയും നഗരത്തിന്റെ സാമ്പത്തിക, ജനസംഖ്യ വർധനവിനനുസരിച്ച് ഇത് സഹായകരമാവുകയും ചെയ്യുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പരമ്പരാഗത രീതികളേക്കാൾ 85 ശതമാനം കൃത്യതയോടെ റിപ്പോർട്ടുകൾ തയാറാക്കാനും സംവിധാനം വഴി സാധിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.