മത്സ്യബന്ധന നിരോധനം: വിൽപന കേന്ദ്രങ്ങളിൽ പരിശോധന
text_fieldsഅബൂദബി: മത്സ്യബന്ധനവും വില്പനയും നിരോധിച്ച മീനുകള്‍ വില്‍ക്കുന്നുണ്ടോയെന്നറിയാന്‍ കര്‍ശന പരിശോധനയും ബോധവത്കരണവുമായി അബൂദബി കാര്‍ഷിക, ഭക്ഷ്യസുരക്ഷ അതോറിറ്റി (അഡാഫ്സ). ഗോള്‍ഡ് ലൈന്ഡ് സീ ബ്രീം, കിങ് സോള്‍ജിയര്‍ ബ്രീം എന്നീ മത്സ്യങ്ങളുടെ പ്രജനനകാലം കണക്കിലെടുത്ത് ഇവയെ പിടിക്കുന്നതും വില്‍ക്കുന്നതും കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രാലയം നിരോധിച്ചിരുന്നു. ഇതേത്തുടർന്നാണ് ഭക്ഷ്യസുരക്ഷ വകുപ്പ് പരിശോധന ശക്തമാക്കിയത്.
പുനരുല്പാദനത്തിനും വളര്‍ച്ചക്കും അവസരമൊരുക്കി മത്സ്യശേഖരം വര്‍ധിപ്പിക്കുന്നതിനും അവയുടെ സുസ്ഥിരത ഉറപ്പാക്കുന്നതിനുമാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. പ്രജനനവേളയില്‍ ഈ മത്സ്യങ്ങളെ പിടിക്കുന്നതിനും വില്‍ക്കുന്നതിനും 2021ലാണ് നിരോധനം ഏര്‍പ്പെടുത്തിയത്. ഫെബ്രുവരി ഒന്ന് മുതല്‍ 28 വരെയാണ് എല്ലാ വര്‍ഷവും ഇവയുടെ പ്രജനനകാലം. ഇക്കാലയളവില്‍ മറ്റുള്ള രാജ്യങ്ങളില്‍ നിന്നാണെങ്കിലും ഈ മത്സ്യങ്ങളെ രാജ്യത്ത് വില്ക്കാന് അനുവാദമില്ല. മത്സ്യമാര്‍ക്കറ്റിനു പുറമേ ഷോപ്പിങ് മാള്‍, ഹോട്ടൽ, റസ്റ്റാറന്റ്, മത്സ്യ കയറ്റുമതിയും ഇറക്കുമതിയും ചെയ്യുന്ന കമ്പനികള്‍ തുടങ്ങിയ ഇടങ്ങളിലെല്ലാം ബോധവത്കരണം നടത്തും. അറബിക്, ഇംഗ്ലീഷ്, മലയാളം, ഉർദു തുടങ്ങിയ ഭാഷകളിലാകും ബോധവത്കരണം. ഈ മത്സ്യങ്ങള്‍ അബദ്ധവശാല്‍ വലയില്‍ കുടുങ്ങിയാല്‍ ഉടന്‍ വെള്ളത്തിലേക്ക് തിരിച്ചയക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.