ഡെലിവറി ബൈക്കുകളിൽ പരിശോധന ശക്തമാക്കി
text_fieldsദുബൈ: ഡെലിവറി ബൈക്കുകളുടെ നിയമലംഘനങ്ങൾ വർധിക്കുന്നതായി ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ). സുരക്ഷ കാമ്പയിന്റെ ഭാഗമായി നടത്തിവരുന്ന പരിശോധനകളിലാണ് കണ്ടെത്തൽ.
സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കാതിരിക്കൽ, കാലാവധി കഴിഞ്ഞ ലൈസൻസുമായി വാഹനങ്ങൾ ഓടിക്കൽ എന്നിങ്ങനെയുള്ള കുറ്റങ്ങളും കണ്ടെത്തിയിട്ടുണ്ട്.
കഴിഞ്ഞ വർഷം ആരംഭിച്ച സുരക്ഷാ കാമ്പയിന്റെ ഭാഗമായാണ് പരിശോധനകൾ നടത്തിയത്. 7000 ബൈക്കുകളുടെ പരിശോധന ഇതിനകം പൂർത്തീകരിച്ചിട്ടുണ്ട്. ഈ വർഷം അവസാനംവരെ പരിശോധനകൾ തുടരുമെന്ന് അധികൃതർ അറിയിച്ചു.
ബൈക്ക് റൈഡർമാരുടെയും പൊതുജനങ്ങളുടെയും സുരക്ഷക്ക് അപകടകരമാകുന്ന സാഹചര്യങ്ങൾ ഇല്ലാതാക്കുക ലക്ഷ്യംവെച്ചാണ് ആർ.ടി.എ ബോധവത്കരണ, പരിശോധന കാമ്പയിൻ തുടങ്ങിയത്. എമിറേറ്റിലെ സുപ്രധാന സാമ്പത്തിക പ്രവർത്തനമായി ഉയർന്നുവരുന്ന ഈ മേഖലയെ മികവുറ്റതാക്കുന്നതിന്റെ ഭാഗമായി ആർ.ടി.എ നിരന്തരം നിരീക്ഷിക്കുന്നുണ്ടെന്ന് ആർ.ടി.എ ലൈസൻസിങ് ഏജൻസി ഡയറക്ടർ മുഹമ്മദ് അൽ മുഹൈരി പറഞ്ഞു.
കഴിഞ്ഞ വർഷം ഡിസംബർ അവസാനത്തിലെ കണക്കനുസരിച്ച് എമിറേറ്റിൽ 2,891 ഡെലിവറി സർവിസ് കമ്പനികൾ പ്രവർത്തിക്കുന്നുണ്ട്. 2021നെ അപേക്ഷിച്ച് 48 ശതമാനം വർധനയാണ് ഇക്കാര്യത്തിൽ രേഖപ്പെടുത്തിയത്.
36 ഓൺലൈൻ ഡെലിവറി കമ്പനികളും പ്രവർത്തിക്കുന്നുണ്ട്. സ്മാർട്ട് പ്ലാറ്റ്ഫോമുകളും ആപ്ലിക്കേഷനുകളും വഴി പ്രവർത്തിക്കുന്ന ഓൺലൈൻ കമ്പനികൾക്കും വലിയ സ്വീകാര്യതയാണുള്ളത്.
ഡെലിവറി റൈഡർമാരുടെ സേവനം മെച്ചപ്പെടുത്തുന്നതിന് നിരവധി നടപടികൾ ആർ.ടി.എ സ്വീകരിച്ചുവരുന്നുണ്ട്. പ്രഫഷനൽ റൈഡർ സർട്ടിഫിക്കറ്റ്, ഡെലിവറി സർവിസ് എക്സലൻസ് അവാർഡ്, ട്രാഫിക് ബോധവത്കരണ വർക്ഷോപ്പുകൾ എന്നിവ ഏർപ്പെടുത്തിയത് ഈ ആവശ്യത്തിനാണ്. ദുബൈയിൽ ഫുഡ് ഡെലിവറി റോബോട്ടുകൾ ഉപയോഗിക്കാനും ആർ.ടി.എ തീരുമാനിച്ചിട്ടുണ്ട്. ദുബൈ സിലിക്കൺ ഒയാസിസിലാണ് ആദ്യഘട്ടം ‘തലബോട്ട്’ പുറത്തിറക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.