മെട്രോ, ട്രാം ഡിപ്പോകളിൽ സോളാർ പാനൽ സ്ഥാപിക്കുന്നു
text_fieldsദുബൈ: പരിസ്ഥിതിസൗഹൃദ ഊർജ ഉൽപാദനം വർധിപ്പിച്ച് കാർബൺ പുറന്തള്ളുന്നത് കുറക്കുകയെന്ന ലക്ഷ്യത്തോടെ ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) പുതിയ പദ്ധതികൾ നടപ്പാക്കുന്നതിന് തുടക്കമായി. ഇതിന്റെ ഭാഗമായി സൗരോർജ ഉൽപാദനം ലക്ഷ്യമിട്ട് ദുബൈ മെട്രോയുടെ ജബൽ അലി, അൽ ഖിസൈസ് ഡിപ്പോകളിലും ദുബൈ ട്രാമിന്റെ അൽ സഫൂഹ് ഡിപ്പോയിലും സോളാർ പാനലുകൾ സ്ഥാപിക്കാൻ ആരംഭിച്ചു. അടുത്ത വർഷം ആദ്യപാദത്തിൽ പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്ന പദ്ധതി വഴി, 9.959 മെഗാ വാട്ട് സോളാർ വൈദ്യുതി ഉൽപാദിപ്പിക്കാൻ സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ദുബൈ സർക്കാറിന്റെ ‘ശംസ് ദുബൈ’ പദ്ധതിയുടെയും ദുബൈ ശുദ്ധോർജ പദ്ധതിയുടെയും ഭാഗമായാണിത് നടപ്പാക്കുന്നത്. 2050ഓടെ കാർബൺ പുറന്തള്ളൽ പൂർണമായും ഇല്ലാതാക്കാനുളള ആർ.ടി.എയുടെ ലക്ഷ്യം കൈവരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗംകൂടിയാണിത്. പൊതു ഗതാഗതം, കെട്ടിടങ്ങളും മറ്റു സൗകര്യങ്ങളും, മാലിന്യ നിർമാർജനം എന്നീ മേഖലകളിലാണ് പ്രധാനമായും പരിസ്ഥിതിസൗഹൃദ സമീപനം നടപ്പാക്കുന്നത്. സുസ്ഥിര പുനരുപയോഗ ഊർജസ്രോതസ്സെന്ന നിലയിൽ സോളാർ ഊർജോൽപാദനം ആർ.ടി.എയുടെ അടിസ്ഥാന സൗകര്യങ്ങളുടെ കാര്യക്ഷമതയും വർധിപ്പിക്കുന്നതാണ്.
സോളാർ പാനലുകൾ സ്ഥാപിക്കുന്നത് രണ്ടു ഘട്ടങ്ങളിലായാണ്. പ്രാരംഭഘട്ടത്തിൽ മെക്കാനിക്കൽ സജ്ജീകരണം പൂർത്തിയാക്കും. ഈ സമയത്ത് ആവശ്യമായ സജ്ജീകരണങ്ങളും പി.വി പാനലുകളും സ്ഥാപിക്കും. രണ്ടാം ഘട്ടത്തിൽ ഇലക്ട്രിക്കൽ സജ്ജീകരണമാണ് പ്രധാനമായും ഉൾപ്പെടുന്നത്. വയറിങ് ഇടുന്നതും സൗരോർജ സംവിധാനത്തിനുള്ള കണക്ഷനുകൾ സ്ഥാപിക്കുന്നതും ഈ ഘട്ടത്തിലാണ്. പ്രതിവർഷം 3.962 ടൺ കാർബൺ ഡൈ ഓക്സൈഡ് പുറന്തള്ളുന്നത് കുറക്കാൻ ആർ.ടി.എക്ക് പദ്ധതി വഴി കഴിയുമെന്നാണ് കണക്കാക്കപ്പെടുന്നത്.
ജബൽ അലി മെട്രോ ഡിപ്പോയിൽ 3.165 മെഗാവാട്ടും അൽ ഖിസൈസ് മെട്രോ ഡിപ്പോയിൽനിന്ന് 3.804 മെഗാവാട്ടും അൽ സഫൂഹ് ട്രാം ഡിപ്പോയിൽ 2.990 മെഗാവാട്ടുമാണ് സൗരോർജം ഉൽപാദിപ്പിക്കുക.
സോളാർ പാനലുകൾക്ക് 25 മുതൽ 30 വർഷം വരെ ആയുസ്സാണ് കണക്കാക്കുന്നത്. പദ്ധതിയുടെ കാര്യക്ഷമതയും ഊർജോൽപാദനവും നിരീക്ഷിക്കാനും അറ്റകുറ്റപ്പണികൾ തുടർച്ചയായി നടത്താനും സംവിധാനമുണ്ടാകും. ആർ.ടി.എ കെട്ടിടങ്ങളിൽ സോളാർ പാനൽ സ്ഥാപിച്ച പദ്ധതി നേരത്തേ അവാർഡുകൾ നേടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.