നാട്ടിലേക്ക് മടങ്ങാനാവാത്ത സുഡാനികൾക്ക് സഹായമെത്തിക്കാൻ നിർദേശം
text_fieldsദുബൈ: ആഭ്യന്തര സംഘർഷത്തെത്തുടർന്ന് രാജ്യത്തേക്ക് മടങ്ങാൻ കഴിയാതെ യു.എ.ഇയിൽ കുടുങ്ങിയ സുഡാൻ പൗരന്മാർക്ക് സഹായമെത്തിക്കാൻ യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്റെ നിർദേശം.
ആരോഗ്യ, പാർപ്പിട ആവശ്യങ്ങൾ അടക്കം പ്രാഥമികമായ കാര്യങ്ങളിൽ സഹായം അടിയന്തരമായി എത്തിക്കാനും മറ്റു വിഷയങ്ങൾ ശ്രദ്ധിക്കാനുമാണ് ഉത്തരവിട്ടത്. സുരക്ഷ ഉറപ്പാക്കിയശേഷം സ്വരാജ്യത്തേക്ക് മടങ്ങാനുള്ള സംവിധാനം ഒരുക്കുന്നതിനും എല്ലാ ബന്ധപ്പെട്ട വകുപ്പുകളും ശ്രദ്ധിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. സംഘർഷത്തെത്തുടർന്ന് കുടിയിറക്കപ്പെടുകയും അഭയാർഥികളാവുകയും ചെയ്തവർക്ക് മാനുഷിക സഹായം എത്തിക്കാൻ കഴിഞ്ഞ ദിവസം ശൈഖ് മുഹമ്മദ് ഉത്തരവിട്ടിരുന്നു.
ഭക്ഷണം, മെഡിക്കൽ ഉപകരണങ്ങൾ, ടെന്റുകൾ എന്നിവയുൾപ്പെടെയുള്ള സഹായം മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ഗ്ലോബൽ ഇനിഷ്യേറ്റിവ്സ് മുഖേന നൽകാനാണ് തീരുമാനിച്ചിട്ടുള്ളത്. ഏറ്റവും കൂടുതൽ പ്രയാസമനുഭവിക്കുന്ന ആളുകൾക്കാണ് മുൻഗണന നൽകുന്നത്.
അതിനിടെ ഖലീഫ ബിൻ സായിദ് ആൽ നഹ്യാൻ ഫൗണ്ടേഷനും എമിറേറ്റ്സ് റെഡ് ക്രസന്റും മുഖേന വിതരണം ചെയ്യുന്ന സഹായങ്ങളുമായി ആദ്യ വിമാനം സുഡാന്റെ അയൽ രാജ്യമായ ചാഡിൽ കഴിഞ്ഞ ദിവസം എത്തിച്ചേർന്നിട്ടുണ്ട്. സംഘർഷം ശമിക്കാത്ത സുഡാനിൽനിന്ന് വിവിധ രാജ്യക്കാരെ രക്ഷപ്പെടുത്തുന്നതും യു.എ.ഇ തുടരുന്നുണ്ട്. ഇതിന്റെ ഭാഗമായി അഞ്ച് രാജ്യങ്ങളിൽനിന്നുള്ള 126 പേരുമായി സുഡാനിൽ നിന്നുള്ള മൂന്നാമത്തെ വിമാനം അബൂദബിയിൽ ബുധനാഴ്ച എത്തിച്ചേർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.