വിഴിഞ്ഞം സമരത്തിന് പിന്നിൽ അന്താരാഷ്ട്ര ഗൂഡാലോചനയുണ്ടാവാം -മന്ത്രി അഹ്മദ് ദേവർകോവിൽ
text_fieldsദുബൈ: വിഴിഞ്ഞം സമരത്തിന് പിന്നിൽ അന്താരാഷ്ട്ര ഗൂഡാലോചനയുണ്ട് എന്നാരോപിച്ചാൽ നിഷേധിക്കാൻ കഴിയില്ലെന്ന് കേരള തുറമുഖ വകുപ്പ് മന്ത്രി അഹ്മദ് ദേവർകോവിൽ. മന്ത്രിയായ ശേഷം ആദ്യ യു.എ.ഇ സന്ദർശനത്തിനെത്തിയ അദ്ദേഹം ദുബൈയിൽ വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു.
സമരത്തിന് പിന്നിൽ ഹിഡൻ അജണ്ടയുണ്ട്. നാട്ടുകാരെല്ലാം പദ്ധതിക്ക് അനുകൂലമാണ്. പുറത്തുനിന്നുള്ളവരാണ് സമരം ചെയ്യുന്നത്. പദ്ധതി യാഥാർഥ്യമാകുന്നതോടെ മറ്റ് പല തുറമുഖങ്ങളിലെയും ചരക്ക് ഇവിടേക്ക് എത്തും. കേരളത്തിന്‍റെ വികസനത്തിൽ മുഖ്യപങ്ക് വഹിക്കുന്ന പദ്ധതിയാണിത്. സമരക്കാർ ഏഴ് ആവശ്യങ്ങളാണ് ഉന്നയിച്ചത്. അതിൽ അഞ്ചും പരിഹരിക്കാമെന്ന് അറിയിച്ചിട്ടുണ്ട്. ബാക്കിയുള്ളവയിൽ ചർച്ച നടക്കുന്നു. കടൽ ക്ഷോഭത്തിന് കാരണം തുറമുഖ നിർമാണമാണെന്ന ആരോപണത്തിൽ കഴമ്പില്ല. കടലുള്ള സ്ഥലങ്ങളിലെല്ലാം കടൽക്ഷോഭമുണ്ടാകും. തുറമുഖ വികസനത്തെ കുറിച്ച് പഠിക്കാനല്ല ഗുജറാത്തിൽ പോയത്. ഐ.എൻ.എല്ലിന്‍റെ പരിപാടിയിൽ പങ്കെടുക്കാൻ പോയതാണെന്നും അദ്ദേഹം പറഞ്ഞു.
എൻ.ഐ.എയുടെയും ഇ.ഡിയുടെയും ഇടപെടലുകൾ അത്ര നിഷ്കളങ്കമല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയിലെ പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിലെ എൻ.ഐ.എ ഇടപെടലുകളെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. സോണിയ ഗാന്ധിയുടെ കുടുംബത്തിലുൾപെടെ ഇ.ഡിയുടെ പ്രതികാര നടപടികളുണ്ടാവുന്നു. ബി.ജെ.പി അധികാരത്തിലേറിയ ശേഷം അധികാര കേന്ദ്രങ്ങളെ ദുരുപയോഗം ചെയ്യുന്നു. എല്ലാവരും ബഹുമാനിക്കുന്ന പദവിയാണ് ഗവർണറുടേത്. എന്നാൽ, ഈ പദവിയെ ഭരണനേട്ടങ്ങൾക്കായി ബി.ജെ.പി ഉപയോഗിക്കുന്നത് ദുഖകരമാണെന്നും മന്ത്രി പറഞ്ഞു. വാർത്തസമ്മേളനത്തിൽ ഐ.എൻ.എൽ ജനറൽ സെക്രട്ടറിയും മാരിടൈം ബോർഡ് മെമ്പറുമായ കാസിം ഇരിക്കൂർ, യു.എ.ഇ ഐ.എം.സി.സി പ്രസിഡന്‍റ് കുഞ്ഞാവൂട്ടി ഖാദർ തുടങ്ങിയവരും പങ്കെടുത്തു
യു.എ.ഇയിലെ നിക്ഷേപകരെ കേരളത്തിലെ തുറമുഖ മേഖലയിലെത്തിക്കും -മന്ത്രി
ദുബൈ: യു.എ.ഇയിലെ നിക്ഷേപകരെ കേരളത്തിലെ തുറമുഖമേഖലയിലേക്ക് ക്ഷണിക്കുമെന്ന് തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിൽ. ഇതിനായി 26ന് ദുബൈയിൽ നിക്ഷേപകസംഗമം നടക്കും. ഏറ്റവും വലിയ തീരമുള്ള സംസ്ഥാനമാണ് കേരളം. ഇത് പരമാവധി പ്രയോജനപ്പെടുത്തണം. തിങ്കളാഴ്ച രാത്രി നടക്കുന്ന ബിസിനസ് കോൺക്ലേവിൽ കേരളത്തിലെ നിക്ഷേപസാധ്യതകളെ കുറിച്ച് പരിചയപ്പെടുത്തും. ഏപ്രിലിൽ ഇന്ത്യക്കകത്തും പുറത്തുമുള്ള നൂറോളം നിക്ഷേപകർ പങ്കെടുത്ത പ്രിസം നിക്ഷേപകസംഗമത്തിന്റെ തുടർച്ചയാണിത്. തീരദേശ കപ്പൽ സർവിസ്, വെയർ ഹൗസുകൾ, ഡ്രൈ ഡോക്ക്, റോറോ സർവിസ്, ക്രൂയിസ് ഷിപ്പിങ്, മാരിടൈം ഇൻസ്റ്റിറ്റ്യൂട്ട്, ഫിഷ് ഇംപോർട് ആൻഡ് പ്രോസസിങ് യൂനിറ്റ്, എൽ.പി.ജി ടെർമിനൽ, സീ െപ്ലയിൻ, ഇൻലാൻഡ് മറീന വാട്ടർ സ്പോർട്സ് തുടങ്ങിയ ചെറുതും വലുതുമായ നിക്ഷേപകസാധ്യതകളെ പരിചയപ്പെടുത്തും. കേരള മാരിടൈം ബോർഡ് ചെയർമാൻ എൻ.എസ്. പിള്ള, സി.ഇ.ഒ സലീംകുമാർ, അംഗം കാസിം ഇരിക്കൂർ തുടങ്ങിയവർ പങ്കെടുക്കും. അടുത്ത ഓണക്കാലത്ത് ആദ്യ കപ്പൽ വിഴിഞ്ഞത്ത് എത്തുന്ന വിധത്തിലാണ് പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. ഈ പദ്ധതി കമീഷൻ ചെയ്യുന്നതോടെ ലോക ചരക്കു നീക്ക ഭൂപടത്തിൽ കേരളത്തിന്‍റെ സ്ഥാനം അരക്കിട്ടുറപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.