അന്താരാഷ്ട്ര പിതൃദിനം; തടവില്‍ കഴിയുന്ന പിതാവിന് സന്തോഷ കാഴ്ചയൊരുക്കി റാക് പൊലീസ്
text_fieldsറാസല്‍ഖൈമ: തടവുശിക്ഷ അനുഭവിക്കുന്ന പിതാവിന് പിതൃദിനത്തിൽ സന്തോഷ മുഹൂര്‍ത്തമൊരുക്കി റാക് പൊലീസ്. ജയില്‍ ശിക്ഷ അനുഭവിക്കുന്നതിനിടെ ജനിച്ച എട്ടു മാസം പ്രായമുള്ള കൈക്കുഞ്ഞുമായുള്ള കൂടിക്കാഴ്ചക്കാണ് റാക് പൊലീസ് അവസരമൊരുക്കിയത്. മകനുമൊത്തുള്ള പിതാവിന്റെ സംഗമം കണ്ടു നിന്നവരെയും ഈറനണിയിച്ചു. നവജാത ശിശുവിനൊപ്പം രണ്ട് പെണ്‍കുട്ടികളും ഭാര്യയും ഒപ്പമുണ്ടായിരുന്നു.
കഴിഞ്ഞ വര്‍ഷം റാക് പൊലീസ് ജയില്‍ വകുപ്പ് തുടക്കമിട്ട ‘ദി അദര്‍ പാരന്റ്സ്’ മാനുഷിക സംരംഭത്തിന്റെ തുടര്‍ച്ചയാണ് ലോക പിതൃദിനത്തിലെ റാക് ജയിലിലെ വികാര നിര്‍ഭരമായ കൂടിക്കാഴ്ച. ജി.സി.സിക്ക് പുറത്തുള്ള കുടുംബത്തെ അധികൃതര്‍ ആതിഥ്യമരുളിയാണ് റാസല്‍ഖൈമയിലെത്തിച്ചത്.
റാക് പൊലീസ് മേധാവി മേജര്‍ ജനറല്‍ അലി അബ്ദുല്ല ബിന്‍ അല്വാന് അല്‍ നുഐമിയുടെ നിര്‍ദേശ പ്രകാരമാണ് നടപടിയെന്ന് റാക് പൊലീസ് ജയില്‍ വകുപ്പ് മേധാവി കേണല്‍ അബ്ദുല്ല അല്‍ ഹൈമര്‍ പറഞ്ഞു.
വിവിധ കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപ്പെടുന്നവര്‍ ശിക്ഷ കാലയളവ് കഴിയുന്ന മുറക്ക് കുടുംബത്തെയും സമൂഹത്തെയും മുന്നില്‍ നിന്ന് നയിക്കുന്നവരായി മാറേണ്ടവരാണ്. കുടുംബ ബന്ധങ്ങള്‍ സുദൃഢമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് തടവുകാര്‍ക്കായി പിതൃ ദിനത്തില്‍ കൂടിക്കാഴ്ചകളും ആഘോഷ പരിപാടികളും ഒരുക്കുന്നതെന്നും ഹൈമര്‍ തുടര്‍ന്നു.
തടവുകാരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളുടെ തുടര്‍ച്ചയാണ് കുടുംബങ്ങള്‍ തമ്മിലുള്ള ആശയവിനിമയ അവസരങ്ങളെന്ന് റാക് പൊലീസ് ഡെപ്യൂട്ടി കമാന്‍ഡര്‍ ജമാല്‍ അഹമ്മദ് അല്‍ തയര്‍ പറഞ്ഞു. തടവുകാരുടെ മാനസിക സമ്മര്‍ദങ്ങള്‍ കുറക്കുന്നതിനും മാനസികാരോഗ്യം സൃഷ്ടിക്കുന്നതിനും സഹായിക്കുമെന്ന ബോധ്യത്തില്‍ നിന്നാണ് റാക് പൊലീസ് കറക്ഷനല്‍ ഫെസിലിറ്റി ഇത്തരം സംരംഭങ്ങള്‍ തുടരുന്നതെന്ന് സൈക്കോളജിസ്റ്റ് വഫ ബിന്‍ യാക്കൂബ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.