അന്താരാഷ്ട്ര ജെം ആൻഡ് ജ്വല്ലറി ഷോ ആരംഭിച്ചു
text_fieldsദുബൈ: ജെം ആൻഡ് ജ്വല്ലറി എക്സ്പോർട്ട് പ്രമോഷൻ കൗൺസിൽ (ജി.ജെ.ഇ.പി.സി) അവതരിപ്പിക്കുന്ന അന്താരാഷ്ട്ര ജെം ആൻഡ് ജ്വല്ലറി പ്രദർശനത്തിന്‍റെ മൂന്നാം എഡിഷന് ദുബൈ ഫെസ്റ്റിവൽ സിറ്റിയിലെ ഇന്‍റർകോണ്ടിനെന്‍റൽ ഹോട്ടലിൽ തുടക്കം.
ഇന്ത്യയുടെ വാണിജ്യ, വ്യവസായ മന്ത്രാലയത്തിന്‍റെയും യു.എ.ഇയിലെ ഇന്ത്യൻ എംബസിയുടെയും പിന്തുണയോടെ മൂന്നു ദിവസങ്ങളിലായി നടക്കുന്ന പ്രദർശനത്തിൽ 32 രാജ്യങ്ങളിൽനിന്നുള്ള 500 ലധികം ഉപഭോക്താക്കൾ എത്തുമെന്നാണ് പ്രതീക്ഷ.
ഇന്ത്യയിൽനിന്നുള്ള 45 ജ്വല്ലറികൾ പങ്കെടുക്കുന്ന മേളയിൽ അമൂല്യരത്നങ്ങൾ, വജ്രങ്ങൾ, ആകർഷകമായ ഡിസൈനുകളിൽ തീർത്ത സ്വർണാഭരണങ്ങൾ എന്നിവയുടെ വൻ ശേഖരമാണ് ഒരുക്കിയിട്ടുള്ളത്. 50 സ്റ്റാളുകളിലായി നടക്കുന്ന പ്രദർശനത്തിലൂടെ സന്ദർശകർക്ക് ആഭരണങ്ങളുടെ ആഡംബര സെലക്ഷനുകൾ ആസ്വദിക്കാനും വാങ്ങാനുമുള്ള അവസരമുണ്ട്. ഇന്ത്യയിലെ ഏറ്റവും മികച്ച ജ്വല്ലറികളാണ് പ്രദർശനത്തിൽ പങ്കെടുക്കുന്നത്.
പ്രദർശനത്തിന്‍റെ ഉദ്ഘാടന ചടങ്ങിൽ ജി.ജെ.ഇ.പി.സി എക്സിക്യൂട്ടിവ് ഡയറക്ടർ സബ്യസാചി റോയ്, ഇന്‍റർനാഷനൽ എക്സിബിഷൻ കോകൺവീനർ മിലൻ ചോക്ഷി, കൺവീനർ നിലേഷ് കോതാരി, ദുബൈ ഗോൾഡ് ആൻഡ് ജ്വല്ലറി ഗ്രൂപ്പ് ചെയർമാൻ തൗഹിദ് അബ്ദുല്ല, ജി.ജെ.ഇ.പി.സി വൈസ് ചെയർമാൻ കിരിത് ബൻസാലി, നാഷനൽ എക്സിബിഷൻ കൺവീനർ നിരവ് ബൻസാലി, രമേഷ് വോറ എന്നിവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.
മൂന്നു ദിവസമായി നടക്കുന്ന പ്രദർശനത്തിൽ 3.3 ദശലക്ഷം ഡോളറിന്‍റെ വ്യാപാരം നടക്കുമെന്നാണ് പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.